ഡിജിറ്റല്‍ യുഗത്തിലെ പേരന്റിംഗ്‌

ഡിജിറ്റല്‍ യുഗത്തിലെ പേരെന്റിഗ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഇപ്പോള്‍ ഒട്ടനവധി ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും വിഷയീഭവിക്കുന്നുണ്ട്. അടുത്തയിടെ നടന്ന ചില പഠനങ്ങള്‍ കേരളത്തിലെ കുട്ടികളുടെ ഇടയില്‍ വര്‍ദ്ധിച്ചുവരുന്ന ടി.വി, മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ മുതലായവയുടെ ഉപയോഗത്തെക്കുറിച്ച് ആശങ്കാവഹമായ റിപ്പോര്‍ട്ടുകളാണ് പുറത്തുവിടുന്നത്. ഇതിന്‍പ്രകാരം നമ്മുടെ 2 വയസ്സില്‍ താഴെയുള്ള 10 കുട്ടികളെ എടുത്താല്‍ അവരില്‍ 9 പേരും മൊബൈല്‍ ഫോണ്‍ അല്ലെങ്കില്‍ ടി.വി. ഉപയോഗിക്കുന്നുണ്ട്. കുട്ടികള്‍ ഉപയോഗിക്കുന്നു എന്ന് പറയുമ്പോള്‍ മാതാപിതാക്കള്‍ അവര്‍ക്കു കൊടുക്കുന്നു എന്നര്‍ത്ഥം. മിക്കപ്പോഴും ഭക്ഷണം കഴിപ്പിക്കാനോ അടക്കിയിരുത്താനോ ആണ് കുട്ടികള്‍ക്ക് ടി.വി, മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ തുടങ്ങിയവ കൊടുക്കുക.
കേരളത്തില്‍ IAP (Indian Academy of Pediatrics) നടത്തിയ പഠനത്തില്‍ 89.1% കുട്ടികള്‍ ദിവസേന ടി.വി. അല്ലെങ്കില്‍ മൊബൈല്‍ ഫോണിന് മുന്‍പില്‍ സമയം ചിലവഴിക്കുന്നതായി കണ്ടെത്തുകയുണ്ടായി. സ്‌ക്രീന്‍ എക്‌സ്‌പോഷര്‍ കുട്ടികളിലുണ്ടാക്കുന്ന വളര്‍ച്ചാ – പെരുമാറ്റ പ്രശ്‌നങ്ങളെക്കുറിച്ച് ഇത്രയേറെ ചര്‍ച്ചകളും പഠനങ്ങളുമൊക്കെ നടന്നിട്ടും എന്തേ നമ്മുടെ കണ്ണുകള്‍ ഇനിയും തുറക്കാത്തത്? മുമ്പെഴുതിയ ലേഖനങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ളതാണെങ്കിലും ടി.വി, മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ മുതലായവയുടെ ഉപയോഗം കുട്ടികളിലുണ്ടാക്കുന്ന പ്രധാനപ്രശ്‌നങ്ങള്‍ ചുരുക്കത്തില്‍ ഒന്നുകൂടി സൂചിപ്പിക്കുന്നത് നല്ലതാണെന്നു തോന്നുന്നു.
ടി.വി, മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ മുതലായവയുടെ ഉപയോഗം കുട്ടികളില്‍ വളര്‍ച്ചാതടസ്സങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പ്രത്യേകിച്ച് ഭാഷയുടെയും, വിവിധ നൈപുണ്യങ്ങളുടെയും വികസനം, പരിസരത്തെക്കുറിച്ചുള്ള അവബോധം എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു. സ്‌ക്രീനിലെ അതിവേഗ ചിത്രങ്ങളും ശബ്ദങ്ങളും കുട്ടിയുടെ ശ്രദ്ധ കുറയ്ക്കുകയും സ്വാഭാവിക പ്രതികരണം മന്ദഗതിയിലാക്കുകയും ചെയ്യുന്നു. സ്‌ക്രീന്‍ ടൈം പലപ്പോഴും മുഖത്തേക്കുള്ള നോട്ടം (eye contact), സ്പര്‍ശനാനുഭവം (touch), ഒന്നിച്ചുള്ള കളികള്‍, സംഭാഷണം തുടങ്ങിയ അനുഭവങ്ങളും താല്പര്യങ്ങളും കുറയ്ക്കുന്നു. കുഞ്ഞ്, ആശ്വാസത്തിന് പലപ്പോഴും മാതാപിതാക്കളെയല്ല, മറിച്ച് ടി.വി, മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ മുതലായവയെയാണ് കൂടുതല്‍ ആശ്രയിക്കുന്നത്. ഇതു മാതാപിതാക്കളോടുള്ള അടുപ്പം കുറയ്ക്കുകയും മുന്‍പോട്ടൂള്ള മാനസികവളര്‍ച്ചയെ ബാധിക്കുകയും ചെയ്യുന്നു. കൂടാതെ സ്‌ക്രീന്‍ ഉപയോഗം കുഞ്ഞുങ്ങളുടെ സാമൂഹിക ഇടപെടലിനുള്ള കഴിവ് കുറയ്ക്കുകയും അവര്‍ക്കിഷ്ടമുള്ളതിലേക്കു മാത്രം ശ്രദ്ധിക്കുന്ന, സ്‌ക്രീന്‍ ഉപയോഗിക്കാത്ത അവസരങ്ങളില്‍ അടങ്ങിയിരിക്കാന്‍ സാധിക്കാത്ത അവസ്ഥ അവരില്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇക്കാരണങ്ങളാല്‍ 2 വയസ്സിനു താഴെയുള്ള കുട്ടികളെ ടി.വി, മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ മുതലായവ കാണിക്കാതിരിക്കുക. കുട്ടികള്‍ എന്ത് കാണുന്നു എന്നും മാതാപിതാക്കള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം. സൂക്ഷിച്ചാല്‍ നമുക്ക് പിന്നീട് ദുഖിക്കേണ്ടിവരുകയില്ല.

ഡോ. ആനി മരിയ സിഎംസി
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
മാര്‍ അപ്രേം മെഡിക്കല്‍ സെന്റര്‍, ചിറക്കടവ്.