ഇനി വരുമോ റബറിന്ഒരു നല്ല കാലം??

2024 ആഗസ്റ്റില്‍ റബര്‍ വില കിലോയ്ക്ക് 240 രൂപ കടന്നപ്പോള്‍ ഇനി വരുന്നത് റബറിന്റെ നല്ലകാലം എന്ന് പലരും പ്രവചിച്ചു. കാരണം 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അന്ന് റബര്‍ വില കിലോയ്ക്ക് 200 രൂപ കടന്നത്. എന്നാല്‍ അധികം താമസിയാതെ വില വീണ്ടും 200 രൂപയ്ക്ക് താഴെ എത്തി. കര്‍ഷകരുടെ മനം മടിപ്പിച്ച് ഇതുവരെ പിന്നീട് ഒരിക്കലും വില 200 രൂപ കടന്നിട്ടില്ല
പ്രതീക്ഷകളും പ്രശ്‌നങ്ങളും
140 കോടിയിലധികം ജനം അധിവസിക്കുന്ന ഇന്ത്യ രാജ്യത്ത് റബറിന് ശക്തമായ ആഭ്യന്തര വിപണിയുണ്ട്. വര്‍ദ്ധിച്ചുവരുന്ന വാഹന ഉപഭോഗം തന്നെയാണ് റബ്ബറിന്റെ പ്രധാന പ്രതീക്ഷ. ഇലക്ട്രിക് വാഹനങ്ങളുടെ വരവോടുകൂടി വാഹന വിപണി കൂടുതല്‍ സജീവമാകുകയും ടയര്‍ ആവശ്യകത കൂടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ ടയര്‍ നിര്‍മ്മാണത്തില്‍ 60 ശതമാനവും ഉപയോഗിക്കുന്നത് സ്വാഭാവിക റബ്ബറാണ്. അതുപോലെ മറ്റ് വ്യവസായ വിഭാഗങ്ങളിലും റബറിന്റെ ഉപഭോഗം ശക്തമായി വര്‍ദ്ധിച്ചിട്ടുണ്ട്.
അതായത് റബ്ബര്‍ ഉപഭോഗം ആഗോളതലത്തിലും ഇന്ത്യയിലും വര്‍ദ്ധിച്ചുവരുന്നു എന്ന് തന്നെയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍ എന്തുകൊണ്ടാണ് കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് ഇത് ലാഭകരമല്ലാത്തത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അതിന് പ്രധാന കാരണം കേരളത്തില്‍ നിലനില്‍ക്കുന്ന ഉയര്‍ന്ന ഉല്‍പാദന ചിലവ് തന്നെയാണ്. കേരളത്തിലെ റബര്‍ കര്‍ഷകരില്‍ മിക്കവരും ഇടത്തരക്കാരാണ്. ഉയര്‍ന്ന പണിക്കൂലിയും സാധനസാമഗ്രികളുടെ വിലക്കയറ്റവും മൂലം കേരളത്തിലെ റബര്‍ കര്‍ഷകനെ ഏറ്റവും കുറഞ്ഞത് കിലോയ്ക്ക് 200 രൂപ എങ്കിലും കിട്ടിയില്ലെങ്കില്‍ ഇത് നഷ്ടക്കച്ചവടമാണ്. ഒപ്പം തന്നെ കാലാവസ്ഥ വ്യതിയാനങ്ങളും റബ്ബര്‍ ടാപ്പര്‍മാരുടെ അഭാവം കേരളത്തിലെ റബര്‍ കൃഷിയെ പ്രതിസന്ധിയിലാക്കുന്നു
ആസിയാന്‍ എന്ന വില്ലന്‍
കിഴക്കന്‍ ഏഷ്യയിലെ പ്രധാന രാജ്യങ്ങളായ ഇന്‍ഡോനേഷ്യ, തായ്ലന്‍ഡ്, മലേഷ്യ തുടങ്ങിയ പത്തോളം രാജ്യങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ചതാണ് അസോസിയേഷന്‍ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സ്(ആസിയാന്‍). 2010 ലാണ് ആസിയാനുമായി ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറില്‍ ഏര്‍പ്പെടുന്നത്. ഏതാണ്ട് കേരളത്തിന്റെ അതേ കാലാവസ്ഥയും ഭൂപ്രകൃതിയും കാര്‍ഷിക വിഭവങ്ങളും ഉള്ളതാണ് ഈ പ്രദേശങ്ങള്‍. അതിനാല്‍ തന്നെ ഈ സ്വതന്ത്ര വ്യാപാര കരാറിന്റെ ഏറ്റവും വലിയ നഷ്ടം വഹിക്കേണ്ടി വന്നത് കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് തന്നെയാണ്.
ഇന്തോനേഷ്യ, തായ്ലന്‍ഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ സ്വാഭാവിക റബര്‍ കുറഞ്ഞ ഡ്യൂട്ടിയില്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ഈ കരാര്‍ വഴി സാധ്യത തെളിഞ്ഞു. കിലോയ്ക്ക് 100 രൂപ കിട്ടിയാലും ഈ പ്രദേശങ്ങളില്‍ റബര്‍കൃഷി ലാഭകരമാണ്. കാരണം വലിയ തോട്ടങ്ങളും പണിക്കൂലി കുറവും ഉല്‍പാദന ചെലവ് ഗണ്യമായി കുറയ്ക്കുന്നു. അതിനാല്‍ പ്രധാന ടയര്‍ നിര്‍മ്മാതാക്കള്‍ ആഭ്യന്തര വിപണിയില്‍ നിന്ന് റബ്ബര്‍ വാങ്ങുന്നതിനൊപ്പം ഈ രാജ്യങ്ങളില്‍ നിന്ന് സംഭരണം ആരംഭിച്ചു. ആസിയാന്‍ രാജ്യങ്ങള്‍ നിന്ന് ഇറക്കുമതി ചെയ്യപ്പെട്ട റബറും ലാറ്റക്‌സും കേരള കര്‍ഷകരുടെ നടുവൊടിച്ചു എന്ന് തന്നെ പറയണം. ഒരിക്കല്‍ ഒപ്പിട്ട ഈ സ്വതന്ത്ര വ്യാപാര കരാറില്‍ നിന്ന് ഇന്ത്യക്ക് പിന്നോട്ട് പോകാന്‍ സാധിക്കില്ല എന്നതിനാല്‍ റബര്‍ വില വീണ്ടും 200 രൂപയ്‌ക്കോ 300 രൂപയ്ക്ക് മുകളിലേക്ക് എത്തണമെങ്കില്‍ ഈ രാജ്യങ്ങളില്‍ ഉല്‍പാദന ചെലവ് കൂടുകയും ഉല്‍പാദനം ഗണ്യമായി കുറയുകയും വേണം. നിലവിലെ സാഹചര്യങ്ങളില്‍ അതിനുള്ള സാധ്യതയില്ല.
റബര്‍ കൃഷി കളം മാറുന്നു
കേരളത്തിലെ റബര്‍ കൃഷി കര്‍ഷകന് നഷ്ടം മാത്രം സമ്മാനിച്ചപ്പോള്‍ റബ്ബര്‍ ബോര്‍ഡ് പതിയെ ഈ കൃഷിയെ ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് മാറ്റി സ്ഥാപിച്ചു. കാലാവസ്ഥ കൊണ്ടും ജലലഭ്യത കൊണ്ടും റബ്ബര്‍ കൃഷിക്ക് മികച്ചതാണ് മേഘാലയ, ത്രിപുര, ആസാം, നാഗാലാന്‍ഡ് പോലെയുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍. മാത്രമല്ല ഈ സംസ്ഥാനങ്ങളില്‍ ഉല്‍പാദന ചിലവ് ഗണ്യമായി കുറവാണ്. അതായത് നിലവിലെ വിലയില്‍ റബര്‍കൃഷി ഈ പ്രദേശങ്ങളില്‍ ലാഭകരമാണ്. മിക്ക വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളും കുറഞ്ഞ വര്‍ഷങ്ങള്‍ കൊണ്ട് തന്നെ അവരുടെ റബ്ബര്‍ ഉല്‍പാദനം ഇരട്ടിയില്‍ അധികമാക്കി കഴിഞ്ഞു. ഉദാഹരണത്തിന് 10 വര്‍ഷത്തിനുള്ളില്‍ ത്രിപുരയുടെ ഉല്‍പാദനം 39,000 ടണ്ണില്‍ നിന്ന് 91,000 ടണ്ണിലേക്ക് വര്‍ദ്ധിച്ചു. നിലവില്‍ സ്വാഭാവിക റബറിന്റെ ഉത്പാദനത്തില്‍ 20% വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളാണ് വഹിക്കുന്നത്. ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ അധികം താമസിയാതെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ കേരളത്തില്‍ ഒപ്പമെത്തുമെന്ന് ഉറപ്പാക്കാം.
മൂല്യ വര്‍ദ്ധനവും ഇടവിള കൃഷിയും
ചുരുക്കിപ്പറഞ്ഞാല്‍ റബ്ബര്‍ കൃഷി മാത്രമായി പിടിച്ചുനില്‍ക്കുക എന്നത് കേരള കര്‍ഷകന് നഷ്ടം മാത്രം സമ്മാനിക്കും. റബ്ബര്‍ കൃഷിയില്‍ നിന്ന് കൂടുതല്‍ വരുമാനം ലഭിക്കണമെങ്കില്‍ ഏത് കൃഷിയിലേതുപോലെ മൂല്യ വര്‍ദ്ധനം വളരെ പ്രധാനപ്പെട്ടതാണ്. ഇത് ഇടത്തരം കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടാണെങ്കിലും റബ്ബര്‍ കര്‍ഷക സംഘങ്ങള്‍ ചേര്‍ന്ന് ചെരുപ്പുകള്‍, ഗ്ലൗസുകള്‍ മറ്റ് ഉപഭോഗ മൂല്യവര്‍ദ്ധിത വസ്തുക്കള്‍ നിര്‍മ്മിച്ചാല്‍ മാത്രമേ റബ്ബര്‍ കൃഷിയില്‍ പിടിച്ചുനില്‍ക്കാനാവൂ.
ഒപ്പം റബ്ബര്‍ മാത്രം കൃഷി ചെയ്യാതെ മറ്റ് പല ഭക്ഷ്യ കൃഷികളും ഇടവിളയായി ചെയ്യുന്നത് വരുമാനം വര്‍ദ്ധിപ്പിക്കും. വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യ കൂടുതല്‍ ആവശ്യപ്പെടുന്നത് ഭക്ഷ്യവസ്തുക്കള്‍ തന്നെയാണ്. പല റബര്‍ കര്‍ഷകരും റംബൂട്ടാന്‍, ഡ്രാഗണ്‍ ഫ്രൂട്ട് തുടങ്ങിയവ വിജയകരമായി ഇടവിള കൃഷിയായി ചെയ്യുന്നു .
തങ്ങള്‍ പരമ്പരാഗതമായി കൃഷി ചെയ്യുന്ന ഉല്‍പ്പന്നത്തിന് ഉയര്‍ന്ന വിലയും അധിക വരുമാനവും കിട്ടിയ തീരൂ എന്നുള്ള പിടിവാശി ഉപേക്ഷിച്ച് വിപണി മനസ്സിലാക്കി കൃഷി ചെയ്യേണ്ടിയിരിക്കുന്നു. വിപണി ആവശ്യപ്പെടുന്ന ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാന്‍ ആയാല്‍ കൃഷി ഇന്നും ലാഭകരം തന്നെയാണ്. ഇത്തരത്തില്‍ ലോക പരിചയവും ടെക്‌നോളജി ഉപയോഗിച്ച് കൃഷി വിജയപരമായി ചെയ്യുന്ന യുവ സംരംഭകര്‍ കേരളത്തില്‍ തന്നെ നിരവധിയാണ്.

ഡോ. ഹിമ സുബിന്‍ മാത്യു
കൂനംതടത്തില്‍
(കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിലുള്ള ഐസിഎ ആര്‍- സെന്‍ട്രല്‍ പ്ലാന്റേഷന്‍ ക്രോപ്‌സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സയന്റിസ്റ്റാണ് ലേഖിക)