ഇന്ന്, ഇന്നു മുതൽ നാം പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കണം; സെപ്തംബറിലെ നിയോഗം പ്രഖ്യാപിച്ച് പാപ്പ

വത്തിക്കാൻ സിറ്റി: നമുക്ക് ആവശ്യമായ വിഭങ്ങൾ നൽകുന്ന പ്രകൃതിയുടെ സംരക്ഷണം സെപ്തംബറിലെ പ്രാർത്ഥനാ നിയോഗമായി പ്രഖ്യാപിച്ച് ഫ്രാൻസിസ് പാപ്പ. പ്രതിമാസ പ്രാർത്ഥനാ നിയോഗം അറിയിക്കുന്ന വീഡിയോയിലൂടെയാണ്, ഭൂമി നൽകുന്ന വിഭങ്ങളെ ബഹുമാനിക്കാൻ പഠിപ്പിക്കണമേയെന്ന് പ്രാർത്ഥിക്കാൻ പാപ്പ ആഹ്വാനം ചെയ്തത്.
സൃഷ്ടിയുടെ പരിപാലനത്തിനായുള്ള ലോക പ്രാർത്ഥന ദിനം സെപ്റ്റംബർ ഒന്നിന് ആചരിക്കുന്ന സാഹചര്യത്തിലാണ് പാപ്പയുടെ ഈ പ്രാർത്ഥനാനിയോഗം. പ്രകൃതിയുടെ സ്‌നേഹിതൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുനാൾ ദിനമായ ഒക്ടോബർ നാലുവരെയാണ് സൃഷ്ടിയുടെ പരിപാലനത്തിനായുള്ള അന്താരാഷ്ട്ര ദിനാചരണം സംഘടിപ്പിച്ചിരിക്കുന്നത്.‘നാം ഗ്രഹത്തിന്റെ വിഭങ്ങൾ ചൂഷണം ചെയ്യുകയാണ്. ഒരു ഓറഞ്ച് പിഴിഞ്ഞെടുക്കുന്ന ലാഘവത്തോടെ ഭൂമിയെ പിഴിഞ്ഞെടുക്കുന്നു. ആഗോള വ്യവസായങ്ങളും രാജ്യങ്ങളും പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്ത് പാരിസ്ഥിതിക കടം സൃഷ്ടിച്ച് സ്വയം സമ്പന്നരാകുന്നു. എന്നാൽ ആരാണ് ഈ കടം പിന്നീട് വീട്ടുക,’ പാപ്പ ചോദിച്ചു.ബഹുരാഷ്ട്ര കമ്പനികൾ സ്വന്തം രാജ്യങ്ങളിൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ മറ്റു രാജ്യങ്ങളിൽ ചെയ്യുമ്പോൾ ഈ പാരിസ്ഥിതിക കടം വർദ്ധിക്കുകയാണ്. ഇത് അതിരുകടന്ന പ്രവൃത്തിയാണ്. അതിനാൽ നാളെയല്ല, ഇന്ന്, ഇന്നുമുതൽ നാം പ്രകൃതി വിഭവങ്ങളെ ഉത്തരവാദിത്വത്തോടെ പരിപാലിക്കേണ്ടതെന്നും പാപ്പ പറഞ്ഞു.
‘എന്തെന്നാൽ അവ കൊള്ളയടിക്കാനല്ല, പങ്കിടാൻ വേണ്ടിയുള്ളതാണ്. പ്രകൃതി വിഭവങ്ങൾ കൊള്ളയടിക്കപ്പെടാതെ നീതിയുക്തവും മാന്യവുമായ രീതിയിൽ പങ്കിടാനുള്ള കൃപക്കായി നമുക്ക് പ്രാർത്ഥിക്കാം, പാപ്പ കൂട്ടിച്ചേർത്തു.1884ൽ ഫ്രാൻസിലെ ജെസ്യൂട്ട് സെമിനാരിയിൽ ആരംഭിച്ച അപ്പസ്‌തോലിക പ്രാർത്ഥനാ നിയോഗത്തിന്റെ തുടർച്ചയായി 1929ലാണ് പാപ്പയുടെ നിയോഗവും കൂട്ടിച്ചേർത്ത് പ്രതിമാസ മധ്യസ്ഥ പ്രാർത്ഥനാ നിയോഗം പ്രസിദ്ധീകരിച്ച് തുടങ്ങിയത്. ഓരോ മാസവും വ്യത്യസ്ഥമായ വിഷയങ്ങളാണ് പ്രാർത്ഥനാ നിയോഗമായി പാപ്പ തിരഞ്ഞെടുക്കുന്നത്. ‘പോപ്‌സ് വേൾഡ് വൈഡ് പ്രയർ നെറ്റ്‌വർക്ക് ഗ്രൂപ്പ്’ ആണ് വിഡിയോ വീഡിയോ സന്ദേശം തയാറാക്കുന്നത്.

Leave a Reply