ബുച്ചറെസ്റ്റ്: ക്രൈസ്തവ രക്തസാക്ഷിത്വം ക്രിസ്തുസ്‌നേഹത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ അടയാളമാണെന്ന് റൊമാനിയൻ ഓർത്തഡോക്‌സ് സഭാ പാത്രിയാർക്കിസ് ഡാനിയൽ. ലോകമെമ്പാടും നടക്കുന്ന ക്രൈസ്തവ വിരുദ്ധ പീഡനങ്ങളിലേക്ക് അന്താരാഷ്ട്ര ശ്രദ്ധ ക്ഷണിക്കാൻ റൊമാനിയൻ ഭരണകൂടം പ്രഖ്യാപിച്ച ദിനാചരണത്തോട് അനുബന്ധിച്ച് പുറപ്പെടുവിച്ച പ്രസ്താവനയിലാണ് പാത്രിയാർക്കീസ് ഇപ്രകാരം രേഖപ്പെടുത്തിയത്. ആഗസ്റ്റ് 16 ‘ക്രൈസ്തവ വിരുദ്ധ അതിക്രമങ്ങളെ കുറിച്ചുള്ള ദേശീയ അവബോധ ദിന’മായി ആചരിക്കാൻ കഴിഞ്ഞ ജൂണിലാണ് ഭരണകൂടം തീരുമാനിച്ചത്.
‘റൊമാനിയയിലെ ബ്രാൻഗോവിയാനു രക്തസാക്ഷികളുടെ തിരുനാളിൽ ക്രമീകരിച്ച അവബോധ ദിനാചരണം ക്രൈസ്തവർക്കെതിരെ നടക്കുന്ന പീഡനങ്ങൾ കൂടുതൽ ശ്രദ്ധിക്കപ്പെടാൻ അവസരമൊരുക്കും. ക്രിസ്തീയ വിരുദ്ധ പീഡനങ്ങൾ പലവിധത്തിലാണ് നടക്കുന്നത്, ക്രിസ്തുവിശ്വാസികളാണ് എന്നതുമാത്രമാണ് ഈ പീഡനത്തിന്റെ കാരണം. ഈ സാഹചര്യത്തിൽ, സർവരുടെയും മൗലീക അവകാശമായ മതസ്വാതന്ത്ര്യ സംരക്ഷണം ക്രൈസ്തവർക്ക് ഉറപ്പാക്കാൻ റൊമാനിയൻ പാത്രിയർക്കേറ്റ് ശബ്ദമുയർത്തുന്നു,’ പാത്രിയർക്കിസ് വ്യക്തമാക്കി.
റൊമാനിയൻ പാർലമെന്റ് വോട്ടെടുപ്പിലൂടെയാണ് ആഗസ്റ്റ് 16 അവബോധ ദിനാചരണമായി തീരുമാനിക്കാൻ തീരുമാനിച്ചത്. റൊമാനിയൻ ചേംബർ ഓഫ് ഡെപ്യൂട്ടീസിലെ ഡാനിയൽ ജോർജ് അവതരിപ്പിച്ച ബില്ലിന് ഭരണകൂടം അംഗീകാരം നൽകുകയായിരുന്നു. ആരെയും ഭയക്കാതെ ക്രൈസ്തവ വിശ്വാസം പിന്തുടരാൻ ക്രൈസ്തവർക്ക് പുതിയ നിയമം ധൈര്യം പകരുമെന്ന് ഡാനിയൽ ജോർജി പറഞ്ഞു: ‘റൊമാനിയയുടെ ക്രൈസ്തവ ചരിത്രത്തെപ്പറ്റിയും ലോകത്തിന്റെ നാനാഭാഗങ്ങളിൽ നടക്കുന്ന ക്രൈസ്തവ വിരുദ്ധ പീഡനങ്ങളെ കുറിച്ചും യുവജനങ്ങളെ, ബോധവാന്മാരാക്കുക എന്ന ലക്ഷ്യവും പുതിയ ബില്ലിന്റെ രൂപീകരണത്തിന് പ്രചോദനമായി.’
1992ൽ റൊമാനിയൻ ഓർത്തഡോക്‌സ് സഭ വിശുദ്ധരായി പ്രഖ്യാപിച്ച ബ്രാൻഗോവിയാനു രക്തസാക്ഷികളുടെ തിരുനാൾ ദിനംതന്നെ ദേശീയ ദിനാചരണത്തിനായി തിരഞ്ഞെടുത്തതും ശ്രദ്ധേയമായിരുന്നു. 1654 മുതൽ 1714 വരെ വല്ലാച്ചിയ ഭരിച്ചിരുന്ന ഭരണാധികാരിയായിരുന്നു കോൺസ്റ്റന്റൈൻ ബ്രാൻഗോവിയാനു. 1714 ഓട്ടോമൻ തുർക്കികൾ റൊമാനിയ കീഴടക്കിയപ്പോൾ രാജാവിനെ ഉൾപ്പെടെ ഇസ്താംബൂളിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ചാൽ വെറുതെ വിടാമെന്ന് സുൽത്താൻ പറഞ്ഞെങ്കിലും അതിന് തയാറാകാത്തതിനാൽ 1714 ആഗസ്റ്റ് 15 തുർക്കികൾ അദ്ദേഹത്തെയും നാല് ആൺമക്കളെയും കഴുത്തറുത്ത് കൊന്ന് ബോസ്ഫറസ് നദിയിൽ എറിയുകയായിരുന്നു. ക്രൈസ്തവ വിശ്വാസികളായ മത്‌സ്യത്തൊഴിലാളികളാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തി നഗരത്തിനടുത്തുള്ള ഒരു സന്യാസ ആശ്രമത്തിൽ അടക്കം ചെയ്തത്. ആഗസ്റ്റ് 15 മാതാവിന്റെ സ്വർഗാരോഹണ തിരുനാളായതിനാലാണ് രക്തസാക്ഷികളുടെ തിരുനാൾ ആഗസ്റ്റ് 16ന് ക്രമീകരിച്ചത്.

