ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 2,73,810 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് രണ്ട് ലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ 19,29,329 പേരാണ് ചികിത്സയിലുള്ളത്.രോഗമുക്തി നിരക്കിനേക്കാള്‍ രോഗവ്യാപന തോത് ഉയരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രതിദിന മരണനിരക്കും കുത്തനെ ഉയരുകയാണ്. 24 മണിക്കൂറിനിടെ 1,619 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 1,78,769 ആയി ഉയര്‍ന്നു.
രോഗവ്യാപനം രൂക്ഷമായ മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, ഗുജറാത്ത്, മദ്ധ്യപ്രദേശ്, കേരളം, പശ്ചിമബംഗാള്‍, ഡല്‍ഹി, കര്‍ണാടക, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ 24 മണിക്കൂറിനിടെ റെക്കോഡ് വ്യാപനമാണ് രേഖപ്പെടുത്തിയത്.
ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും നിയന്ത്രണം തുടരുകയാണ്. മദ്ധ്യപ്രദേശില്‍ കര്‍ഫ്യൂ ഏപ്രില്‍ 26 വരെ നീട്ടി. തമിഴ്നാട്ടില്‍ രാത്രികാല കര്‍ഫ്യൂ നിലവില്‍ വന്നു.കോവിഡ് വ്യപാനം രൂക്ഷമാകുമ്പോഴും രാജ്യം മുഴുവന്‍ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിക്കേണ്ട അടിയന്തര സാഹചര്യം നിലവിലില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ സ്വതന്ത്രമായ തീരുമാനമെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശികമായ നിയന്ത്രണമോ, സംസ്ഥാന തല ലോക്ക്ഡൗണോ ഏതാണ് വേണ്ടതെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാമെന്നാണ് അമിത് ഷാ വ്യക്തമാക്കിയത്.ദേശീയ ലോക്ക്ഡൗണ്‍ ഉണ്ടാവില്ലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യവസായ സംഘടനകളെയും അറിയിച്ചു. പൊതുഗതാഗത സംവിധാനങ്ങള്‍ നിര്‍ത്തില്ലെന്നും അവര്‍ വ്യക്തമാക്കി.

