കുരിശടയാളം, പരിശുദ്ധാത്മാവിന്റെ പ്രതീകമായ വെള്ളരിപ്രാവ്, പരിശുദ്ധ കന്യകാമറിയം, ജപമാല, ദൈവസന്നിധിയിലേക്കുള്ള പാത, പോർച്ചുഗലിന്റെ ദേശീയ പതാക- 2023ൽ പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബൺ ആതിഥേയത്വം വഹിക്കുന്ന ലോക യുവജനസംഗമത്തിന്റെ ലോഗോയിൽ നാല് നിറങ്ങളിൽ തിളങ്ങി ആറ് പ്രതീകങ്ങൾ! ലോക യുവജനസംഗമത്തിന്റെ സ്ഥാപക പിതാവായ വിശുദ്ധ ജോൺ പോൾ രണ്ടാമൻ ആഗോളസഭയുടെ വലിയ ഇടയനായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ വാർഷികമായ ഇന്നലെയായിരുന്നു (ഒക്‌ടോ.16) ലോഗോയുടെ പ്രകാശനം.
ഗർഭിണിയായ ഏലീശ്വായെ പരിശുദ്ധ മറിയം സന്ദർശിക്കാൻ പോകുന്ന രംഗത്തെ ആസ്പദമാക്കി ‘മറിയം തിടുക്കത്തിൽ പുറപ്പെട്ടു,’ എന്ന തിരുവചനമാണ് ഇത്തവണ ആപ്തവാക്യമായി തിരഞ്ഞെടുത്തിരിക്കുന്നത്. അതിനാൽ, പരിശുദ്ധ അമ്മയാണ് ലോഗോയുടെ കേന്ദ്രാശയം. വിശുദ്ധ കുരിശ്, കുരിശിനോട് ചേർന്നുനിൽക്കുന്ന ദൈവമാതാവ്, കുരിശിന്റെ മുകൾ ഭാഗത്തേക്ക് നീളുന്ന പാതയും ജപമാലയും, പാതയിൽ ദൃശ്യമാകുന്ന വെള്ളരിപ്രാവ് എന്നിവ പോർച്ചുഗൽ പതാകയെ പ്രതിനിധീകരിക്കുന്ന പച്ച, ചുവപ്പ്, മഞ്ഞ നിറങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നു. വെള്ളയാണ് ലോഗോയിൽ കാണുന്ന നാലാമത്തെ നിറം.
അലസതയിൽനിന്ന് ഉയർത്തെഴുനേൽക്കാനുള്ള യുവജനങ്ങൾക്കുള്ള വിളിയാണ് കുരിശിന് മുകളിലേക്കുള്ള പാത പ്രതിനിധീകരിക്കുന്നത്. നീതിപൂർവവും സാഹോദര്യവുമായ ലോക നിർമിതിയിൽ പ്രധാന വ്യക്തികളാകാനുള്ള ക്ഷണം കൂടിയാണിത്. ദൈവഹിതത്തിന് വിധേയപ്പെട്ട് ജീവിക്കാൻ പരിശുദ്ധ അമ്മ തിരഞ്ഞെടുത്ത വഴിയെയും അത് ഓർമിപ്പിക്കുന്നു.
ഫാത്തിമാ നാഥയോടുള്ള പോർച്ചുഗൽ ജനതയുടെ ഭക്തിയും ആത്മീയതയുമാണ് ജപമാല അടയാളപ്പെടുത്തുന്നത്. ലോകത്തിന്റെ പ്രകാശമായ ക്രിസ്തുവിനെ ഉദരത്തിൽ വഹിക്കാൻ തിരഞ്ഞെടുക്കപ്പെട്ട പരിശുദ്ധ അമ്മയുടെ യുവത്വത്തെയാണ് ലോഗോയിലുള്ള മാതാവിന്റെ രൂപം വ്യക്തമാക്കുന്നത്. പോർച്ചുഗൽ സ്വദേശിനിയായ 24 വയസുകാരി ബിയാട്രിസ് റോക്ക് ആന്റുനെസാണ് ലോഗോയുടെ ശിൽപ്പി.
30 രാജ്യങ്ങളിൽനിന്ന് സമർപ്പിക്കപ്പെട്ട നൂറുകണക്കിന് എൻഡ്രികളിൽനിന്ന് ‘കുടുംബത്തിനും ജീവനും അൽമായർക്കുംവേണ്ടയുള്ള ഡിക്കാസ്റ്ററി’യാണ് ലോഗോ തിരഞ്ഞെടുത്തത്. ലിസ്ബണിലെ ഒരു കമ്മ്യൂണിക്കേഷൻ ഏജൻസിയിൽ ജോലി ചെയ്യുന്ന ബിയാട്രിസ് ലണ്ടനിലാണ് ഡിസൈനിങ് പഠിച്ചത്. ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ യുവജനങ്ങളെ പ്രേരിപ്പിക്കാനും, നിഷ്‌ക്രിയരാകാതെ നാളത്തെ ലോകം കെട്ടിപ്പടുക്കാൻ യുവജനങ്ങളെ പ്രോത്സാഹിപ്പിക്കാനും ലോഗോയ്ക്ക് കഴിയുമെന്നാണ് ബിയാട്രിസിന്റെ വിശ്വാസം.
2023 ആഗസ്റ്റിലാണ് ലോക യുവജനസംഗമം നടക്കുക. 2022ൽ നടക്കേണ്ടിയിരുന്ന സംഗമം മഹാമാരിയുടെ പശ്ചാത്തലത്തിൽ 2023ലേക്ക് മാറ്റുകയായിരുന്നു. യുവജനങ്ങളാണ് സഭയുടെ ഭാവി എന്നത് ഉദ്‌ഘോഷിക്കാനും യുവജന പ്രേഷിതത്വത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്താനും സംഘടിപ്പിക്കുന്ന ലോക യുവജനസംഗമം രണ്ടോ മൂന്നോ വർഷത്തിന്റെ ഇടവേളയിലാണ് നടക്കുക. മധ്യ അമേരിക്കൻ രാജ്യമായ പാനമയായിരുന്നു 2019ലെ വേദി.
