വനംവകുപ്പ് ഇരയോടൊപ്പം ഓടുന്ന വേട്ടക്കാരനോ?

രണ്ടായിരുത്തിഇരുപത്തിയൊന്നു ജനുവരി മാസം പന്ത്രണ്ടാം തീയതി നടന്ന നിയമസഭാ സമ്മേളനത്തിൽ ശ്രീ റോഷി അഗസ്റ്റിൻ എംഎൽഎ യുടെ അതീവ പരിസ്ഥിതി ലോല മേഖലയുടെ പ്രശ്നങ്ങളെ സംബന്ധിച്ച ചോദ്യത്തിന് വനം വകുപ്പ് മന്ത്രി ശ്രീ കെ രാജു നൽകിയ മറുപടി ഒരു ഹെക്ടറിൽ 10 വീടുകൾ ഉണ്ടെങ്കിൽ അതിനെ ജനവാസമേഖല യായി പരിഗണിച്ച് അതീവ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ നിന്നും ഒഴിവാക്കും എന്ന് വ്യക്തമാക്കിയത് കർഷകരിൽ ആശങ്ക ജനിപ്പിക്കുന്നു.
ഭൂപരിഷ്കരണ നിയമം അനുസരിച്ച് ഒരു വ്യക്തിക്ക് 15 സ്റ്റാൻഡേർഡ് ഏക്കർ ഭൂമി കൈവശം വയ്ക്കാനുള്ള അവകാശം ഉണ്ട് എന്നിരിക്കെ വന്യജീവി പക്ഷിസങ്കേതങ്ങള് ചേർന്നുകിടക്കുന്ന ഇടങ്ങളിൽ ഒരു ഹെക്ടറിൽ 10 വീടുകൾ ഉണ്ടെങ്കിൽ അതിനെ പരിസ്ഥിതിലോല പ്രദേശങ്ങളിൽ നിന്നും ഇളവ് നൽകും എന്നു പറയുന്നത് യുക്തിക്ക് നിരക്കുന്നതല്ല.

ജലത്തിന്റെ പട്ടിണിയകറ്റാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും ആയി കുടിയേറ്റ മേഖലകളിൽ കൃഷിഭൂമികൾ പതിച്ചു നല്കിയ ദീർഘവീക്ഷണമുള്ള ഭരണാധികാരികളുടെ കാഴ്ചപ്പാടുകൾക്ക് തുരങ്കം വയ്ക്കുന്നതാണ്. ഒരു ഹെക്ടറിൽ 10 വീടുകൾ ഉണ്ടെങ്കിൽ ജനവാസ മേഖലയായി പ്രഖ്യാപിച്ച അതീവ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ നിന്നും ഒഴിവാക്കും എന്ന നയം. സാധാരണക്കാരായ കർഷക സമൂഹത്തിന്റെയും പൊതുസമൂഹത്തിന്റെയും കണ്ണിൽ പൊടിയിട്ട് ജനങ്ങളെ കബളിപ്പിച്ചു ജനവാസ മേഖലയെ തെറ്റായി വ്യാഖ്യാനിച്ച് ഇരയോടൊപ്പം ഓടുന്ന വേട്ടക്കാരന്റെ നയ മാണിത്. ഗവൺമെന്റിന്റെ വനനിയമത്തിലുള്ള ഈ സമീപനം മാറ്റി വിയർപ്പൊഴുക്കി അന്നം വിളമ്പുന്ന കർഷകരുടെ സ്വപ്നങ്ങൾക്ക് ജീവൻ നൽകേണ്ടതാണ്. അതീവ പരിസ്ഥിതിലോല പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഒപ്പമാണ് താനും ഗവൺമെന്റും എന്ന് തോന്നിപ്പിക്കും വിധത്തിൽ പ്രസംഗിക്കുകയും എന്നാൽ കർഷകരുടെ കൃഷിയിടത്തിലേക്ക് അവർ അറിയാതെ ബഫർസോൺ ഇറക്കിക്കൊണ്ടു വരു കയുമാണ് മന്ത്രി ഇതിലൂടെ ചെയ്യുന്നത്. വിലത്തകർച്ചകൊണ്ടും വിളനാശം കൊണ്ടും കാട്ടുമൃഗങ്ങളുടെ ശല്യം മൂലവും ജീവിതം വഴിമുട്ടി നിൽക്കുന്ന കർഷകരോട് ഗവൺമെന്റ് എടുക്കുന്ന ഇത്തരം നയങ്ങൾ ജനാധിപത്യത്തിന് യോജിച്ചതാവണം എന്ന് ഇൻഫാം ഓർമിപ്പിക്കുന്നു

കേരളത്തിലെ ആകെ വിസ്തൃതിയുടെ 30 ശതമാനത്തോളം വനം ആണെന്നിരിക്കെ വീണ്ടും വനാതിർത്തി കൃഷിഭൂമിയിലേക്ക് നീട്ടി കൊണ്ടുവരാനുള്ള വനംവകുപ്പിന്റെ ഈ നീക്കം അംഗീകരിക്കാൻ ആകുന്നതല്ല. ഇപ്പോഴുള്ള വനാതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ ഉള്ളിലേക്ക് ബഫർസോൺ നിശ്ചയിച്ചുകൊണ്ട് കൃഷിഭൂമിയും കർഷകന്റെ കിടപ്പാടത്തെയും സംരക്ഷിക്കണമെന്ന് ഇൻഫാം ശക്തമായി ആവശ്യപ്പെടുന്നു.

Leave a Reply