ഇന്ത്യയുടെ എംആര്‍എന്‍എ കോവിഡ് വാക്‌സിന് പരീക്ഷണാനുമതി

ന്യൂഡല്‍ഹി : കൊവിഡ് 19നെതിരേ ലോകം ഒറ്റക്കെട്ടായി പൊരുതുന്നതിനിടെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ എംആര്‍എന്‍എ വാക്സിന്റെ പരീക്ഷണത്തിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഒഫ് ഇന്ത്യയുടെ അനുമതി. പൂനെ ആസ്ഥാനമായ ജെന്നോവയ്ക്കാണ് ആദ്യ ക്ലിനിക്കല്‍ പരീക്ഷണത്തിന് അനുമതി. എച്ച്‌ജിസിഒ 19 എന്ന പേരിലുള്ള എംആര്‍എന്‍എ വാക്സിന്‍ വൈകാതെ പരീക്ഷണം തുടങ്ങും.

യുഎസ് ഫാര്‍മസ്യൂട്ടിക്കല്‍ ഭീമന്മാരായ ഫൈസറും മോഡേണയും ഉള്‍പ്പെടെ വികസിപ്പിച്ചത് എംആര്‍എന്‍എ വാക്സിനുകളാണ്. രോഗപ്രതിരോധത്തിനുള്ള പരമ്ബരാഗത മാര്‍ഗങ്ങളല്ല എംആര്‍എന്‍എ വാക്സിനുകള്‍ പ്രയോഗിക്കുന്നത്. പകരം കൊവിഡ് 19നു കാരണമാകുന്ന സാര്‍സ് കൊവ്-2 വൈറസിന്റെ സ്പൈക്ക് പ്രോട്ടീനുകള്‍ (ശരീരകോശങ്ങളില്‍ കയറിപ്പറ്റാന്‍ സഹായിക്കുന്ന കൊളുത്തുപോലെയുള്ള ആവരണം) പുനഃസൃഷ്ടിക്കാന് കോശങ്ങള്‍ക്കു നിര്‍ദേശം നല്‍കുകയാണ് മെസഞ്ചര്‍ ആര്‍എന്‍എ അഥവാ എംആര്‍എന്‍എ വാക്സിന്‍ ചെയ്യുന്നത്.

എംആര്‍എന്‍എ വാക്സിന്‍ ഒരിക്കല്‍ ശരീരത്തില്‍ കുത്തിവച്ചാല്‍, സ്പൈക്ക് പ്രോട്ടീന്റെ ലക്ഷക്കണക്കിനു പകര്‍പ്പുകള്‍ സൃഷ്ടിക്കാന്‍ ശരീരകോശങ്ങള്‍ക്കു നിര്‍ദേശം ലഭിക്കും. ഇതോടെ, രോഗസാധ്യത തിരിച്ചറിഞ്ഞ് ആന്റിബോഡികള്‍ നിര്‍മിക്കാനും ശരീരം തയാറാകും. ഈ ആന്റിബോഡികള്‍ രക്തത്തില്‍ നിലനില്‍ക്കുകയും യഥാര്‍ഥ വൈറസ് ശരീരത്തില്‍ കടന്നാല്‍ അപ്പോള്‍ തന്നെ പോരാടി ഇല്ലാതാക്കുകയും ചെയ്തും.

അതേസമയം, അമ്ബതു വര്‍ഷം പിന്നിട്ട വെക്റ്റര്‍ വാക്സിന്‍ മാര്‍ഗമാണ് ഓക്സ്ഫഡ്-അസ്ട്രസെനേക വാക്സിനില്‍ ഉപയോഗിച്ചിട്ടുള്ളത്. സാര്‍സ് കൊവ് – 2 വൈറസിനോട് ഏറെ സമാനതകളുള്ള ഒരു ജലദോഷ വൈറസിന്റെ (അഡിനോ വൈറസ്) ദുര്‍ബല പതിപ്പാണ് വെക്റ്റര്‍ വാക്സിനില്‍ ഉപയോഗിച്ചിട്ടുള്ളത്. ജനിതക മാറ്റം വരുത്തിയ നിര്‍ജീവ വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ സ്പൈക്ക് പ്രോട്ടീനുകള്‍ മാത്രം നിര്‍മിക്കാനേ കഴിയൂ. എന്നാല്‍, സ്പൈക്ക് പ്രോട്ടീനുകള്‍ കാണുന്ന ശരീരകോശങ്ങള്‍ യഥാര്‍ഥ വൈറസെന്നു കരുതി ആന്റിബോഡികള്‍ ഉത്പാദിപ്പിക്കും. ബാധിക്കാനോ വര്‍ധിക്കാനോ കഴിയാത്ത നിര്‍ജീവ വൈറസ് ഉപയോഗിക്കുന്ന വാക്സിനുകളും പരീക്ഷണത്തിലുണ്ട്.

ഉപയോഗിക്കാനും നിര്‍മിക്കാനും കൂടുതല്‍ എളുപ്പമെന്നതാണ് എംആര്‍എന്‍എ വാക്സിന്റെ സവിശേഷത. പൂര്‍ണമായും കൃത്രിമ പദാര്‍ഥങ്ങളായതിനാല്‍ ഇവ സൃഷ്ടിക്കാന്‍ ഒരു ജൈവ കോശത്തിന്റെയും ആവശ്യമില്ല. മറ്റു വാക്സിനുകളുടെ നിര്‍മാണത്തിന് നിര്‍ജീവ, ദുര്‍ബല വൈറസുകള്‍ ഉണ്ടാക്കിയെടുക്കാന്‍ ജൈവ കോശം ആവശ്യമാണ്. കൃത്രിമ പദാര്‍ഥമായതിനാല്‍ ഇവ ഒരു ഘട്ടത്തിലും രോഗകാരിയാകുകയുമില്ല. കൊവിഡ് പോലുള്ള മഹാമാരിക്കാലത്ത് ഏറ്റവും ആശ്രയിക്കാവുന്നത് എംആര്‍എന്‍എ വാക്സിനുകളെയാണെന്ന് ജൈവസാങ്കേതിക വിദ്യാ സെക്രട്ടറി രേണു സ്വരൂപ് പറഞ്ഞു.

Leave a Reply