മക്കള്‍ മിടുക്കരാകണമെന്ന് ആഗ്രഹിക്കാത്ത ഏതെങ്കിലും മാതാപിതാക്കളുണ്ടോ?

ജസ്റ്റിസ് കുര്യന്‍ ജോസഫ്
മക്കള്‍ മിടുക്കരാകണമെന്ന് ആഗ്രഹിക്കാത്ത ഏതെങ്കിലും മാതാപിതാക്കളുണ്ടോ? ഇല്ല. മക്കള്‍ വിശുദ്ധരാകണമെന്ന് ആഗ്രഹിക്കുന്നവരുണ്ടോ? മക്കള്‍ വിശുദ്ധരാകണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ വിശ്വാസത്തിന്‍റെ ഉറപ്പ് നമ്മളിലുണ്ടെന്നാണ് അര്‍ത്ഥം. നമ്മുടെ കയ്യിലേക്ക് ദൈവം തന്ന ഈ മക്കളെ ദൈവത്തിന്‍റെ മുമ്പിലും മനുഷ്യരുടെ മുമ്പിലും ജ്ഞാനത്തിലും പ്രായത്തിലും വളര്‍ത്തിയെടുത്ത് ദൈവത്തിനു പ്രീതികരമായ വിധത്തിലും, മനുഷ്യനുപകാരപ്രദമായ വിധത്തിലും അവരെ ദൈവത്തിനു തിരിച്ചേല്‍പിക്കാന്‍ തക്കവണ്ണമുള്ള ആ ഒരു ആഗ്രഹത്തേയും പ്രാര്‍ത്ഥനയേയുമാണ് മക്കള്‍ വിശുദ്ധരാകണമെന്ന് ആഗ്രഹിക്കുക എന്നു പറയുന്നത്.

വിശുദ്ധി അതൊന്നുമല്ല

വിശുദ്ധരാകുക എന്ന് പറയുമ്പോള്‍ അവരെ രൂപക്കൂട്ടില്‍ ഇരുത്തുക എന്നത് മാത്രമല്ല നമ്മള്‍ കാണേണ്ടത്. വിശുദ്ധരുടെ ജീവിതംപോലെ മക്കളുടെ ജീവിതവും വിശുദ്ധമായിരിക്കണം. ഭക്തിയും വിശുദ്ധിയും സ്വഭാവശുദ്ധിയും ഈ മക്കള്‍ക്ക് ഉണ്ടാകണം. അതുകൊണ്ട് മക്കളോട് പറയണം ‘നിങ്ങള്‍ക്ക് മിടുക്ക് അല്പം കുറഞ്ഞാലും നിങ്ങളുടെ നന്മ ഒട്ടും കുറയരുത്. നിങ്ങളുടെ വിശുദ്ധി, നിങ്ങളുടെ സല്‍പ്പേര്, ഒരിക്കലും ദോഷം വരാനിടവരരുത്.” ഇതാവണം നമ്മള്‍ നമ്മുടെ മക്കളോട് തന്‍റേടത്തോടെ പറയേണ്ടത്. ഒരു ക്ലാസിലെ ഏറ്റവും മാര്‍ക്ക് വാങ്ങുന്ന കുട്ടി അല്ല ഏറ്റവും നല്ല കുട്ടി ആകണമെന്ന് മക്കളോട് പറയണം. നമ്മള്‍ നമ്മുടെ കുട്ടികളെ പഠിപ്പിക്കുന്ന മൂല്യങ്ങള്‍ അവര്‍ മനസ്സുകൊണ്ടു സ്വീകരിക്കണം.

ആദ്യം ദൈവത്തെ കൊടുക്കണം


മാതാപിതാക്കളുടെ താളംതെറ്റിയാല്‍ മക്കളുടെ പാളം തെറ്റും. കുട്ടികളെ ആ സ്കൂളില്‍ കൊണ്ടേ വിട്ടു, ഈ സ്കൂളില്‍ കൊണ്ടുവിട്ടു, ട്യൂഷനു ചേര്‍ത്തു എന്നൊക്കെ പൊങ്ങച്ചം പറയുന്ന മാതാപിതാക്കള്‍ മക്കള്‍ക്ക് വേദപാഠം പകര്‍ന്നു നല്കാന്‍ ശ്രദ്ധിക്കാറുണ്ടോ?  ബാക്കി എല്ലാറ്റിനും ഒന്നാമനായിട്ട് നല്ല വ്യക്തിയായി ജീവിക്കുന്നതെങ്ങനെയെന്ന് പഠിപ്പിച്ചില്ലെങ്കില്‍ എന്തു പ്രയോജനം? മക്കള്‍ക്കുള്ളത് എല്ലാം കൊടുത്തു. പക്ഷേ, ദൈവത്തെ കൊടുത്തില്ലെങ്കില്‍ എന്തു കാര്യം. ദൈവത്തെ മക്കള്‍ക്ക് കൊടുക്കാതെ വേറെ എന്തുകൊടുത്തിട്ടും ഒരു കാര്യവുമില്ല. കാരണമെന്താ? അവര്‍ക്ക് ജീവിതത്തെ വിവേകത്തോടും, വിശുദ്ധിയോടും, വിശ്വസ്തതയോടും കൂടി കൈകാര്യം ചെയ്യാന്‍ സാധിക്കുകയില്ല. തന്‍റെ അറിവ്, സമ്പത്ത്, കഴിവുകള്‍ വിശ്വസ്തതയോടും വിവേകത്തോടും, വിശുദ്ധിയോടും കൂടെ കൈകാര്യം ചെയ്യാന്‍ അവര്‍ക്ക് എന്തുവേണം? ജ്ഞാനം വേണം. ജ്ഞാനം തരുന്നത് പരിശുദ്ധാത്മാവാണ്. ആ പരിശുദ്ധാത്മാവിനെ കിട്ടാന്‍ പരിശുദ്ധ കുര്‍ബാനയോട് ചേര്‍ന്ന് നില്‍ക്കണം, ദൈവത്തോട് ചേര്‍ന്നുനില്‍ക്കണം. “ദൈവത്തോട് ചേര്‍ന്നുനില്‍ക്കുക അവിടുന്ന് നിങ്ങളോടും ചേര്‍ന്നു നില്‍ക്കും” എന്നാണല്ലോ വചനം പറയുന്നത്.

സഭയുടെ പ്രസക്തി

നമ്മുടെ മക്കള്‍ക്ക് നേരിടുന്ന ഒരു പ്രധാന പ്രശ്നം അവര്‍ക്ക് ‘നോ’ പറയാന്‍ അറിയുകയില്ല. ഒന്നിനേയും പ്രതിരോധിക്കാന്‍ അറിയില്ല, ‘പോയി’, ‘പറ്റിപ്പോയി’ ‘അങ്ങോട്ട് ശരിയാകുന്നില്ല’ ‘എനിക്ക് ആഗ്രഹമുണ്ട് പക്ഷേ, പറ്റുന്നില്ല.’ എന്നൊക്കെ അവര്‍ നിരന്തരം പറയുമ്പോള്‍ എന്തുകൊണ്ട് അവര്‍ക്ക് ഇതു പറ്റുന്നില്ല? ഇനി എന്തെങ്കിലും പറ്റിയാല്‍തന്നെ അത് തെറ്റാണെന്ന് മനസ്സിലാക്കാന്‍ അവര്‍ക്ക് സാധിക്കണം. അല്ലെങ്കില്‍ എന്തെങ്കിലും തെറ്റുസംഭവിച്ചാല്‍ ആ തെറ്റ് തിരുത്താന്‍ തയ്യാറാകണം. തെറ്റ് തിരുത്തണമെന്ന് തീരുമാനം എടുക്കാന്‍ സാധിക്കണം. തിരിച്ചു നടക്കാനുള്ള ധൈര്യം കാണിക്കണം. എന്നാല്‍ ഇവയെല്ലാം സാധിക്കണമെങ്കില്‍, എടുക്കുന്ന തീരുമാനങ്ങള്‍ നിലനില്‍ക്കണമെങ്കില്‍, തീര്‍ച്ചയായും ദൈവത്തിന്‍റെ അനുഗ്രഹം ഉണ്ടാകണം. ദൈവാനുഗ്രഹം ലഭിക്കണമെങ്കില്‍, ദൈവത്തിന്‍റെ അനുഭവം ഉണ്ടാകണം. അതിന് ദൈവത്തോട് ചേര്‍ന്ന് നില്ക്കണം. ദൈവത്തോട് ചേര്‍ന്നുനില്ക്കണമെങ്കില്‍ സഭയോട് ചേര്‍ന്നുനില്‍ക്കണം. അവിടെയാണ് സഭയുടെ പ്രസക്തി. ഈ സഭയില്ലെങ്കില്‍ നിലനില്‍പിന്‍റെ വരങ്ങള്‍ നമുക്ക് എവിടെനിന്ന് ലഭിക്കും? പരിശുദ്ധ കുര്‍ബാനയും പരിശുദ്ധാത്മാവിനെയും എവിടെനിന്നു ലഭിക്കും. അതുകൊണ്ട് നിങ്ങളുടെ മക്കളെ സഭയോടു ചേര്‍ത്തുനിര്‍ത്തുക. ദൈവത്തോട് ചേര്‍ത്തു നിര്‍ത്തുക. ദൈവത്തിന് ഒന്നാം സ്ഥാനം കൊടുക്കുക, ലോകത്ത് ഒന്നാം സ്ഥാനം ദൈവം നിങ്ങള്‍ക്കു നല്കും എന്ന് മക്കള്‍ക്കു പറഞ്ഞുകൊടുക്കുവാന്‍ സാധിക്കണം.

ദൈവമാണ് എന്നെ ഉയർത്തിയത്

എന്‍റെ വ്യക്തിജീവിതത്തില്‍ തിരിഞ്ഞു നോക്കിയാല്‍ ഇത് സത്യമാണെന്ന് നിങ്ങള്‍ക്ക് ഒരുപക്ഷേ ബോധ്യം വന്നേക്കാം. സാധാരണ ഒരു ക്ലര്‍ക്കിന്‍റെ ഏഴു മക്കളില്‍ ഒരുവനായി സാധാരണ മലയാളം സ്കൂളില്‍ നിന്നും ഇംഗ്ലീഷും പഠിച്ച്, സാധാരണ മാര്‍ക്കും വാങ്ങിയ ഞാന്‍ സുപ്രീം കോടതി ജഡ്ജ് വരെ ആയിട്ടുണ്ടെങ്കില്‍ അത് ദൈവത്തിന്‍റെ അനുഗ്രഹം മാത്രമാണ്. ഞാനും ദൈവവും തമ്മിലുള്ള ഒരേയൊരു ഉടമ്പടി എന്തെന്നാല്‍ ‘ദൈവമെന്നേ ഏല്‍പിക്കുന്ന കാര്യങ്ങള്‍ ദൈവത്തിനൊരു നാണക്കേടും ഉണ്ടാക്കാതെ ഞാന്‍ നോക്കിക്കൊള്ളാം” എന്നത് മാത്രമാണ് ഞാന്‍ അതിനുവേണ്ടി നിരന്തരം പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്. നമ്മള്‍ പരിശ്രമിച്ചാല്‍ മാത്രംമതി അതിനുള്ള കൃപ ദൈവം നമുക്ക് നല്‍കിക്കൊള്ളും. മനുഷ്യന്‍റെ പ്രയത്നത്തിനുള്ള ദൈവത്തിന്‍റെ അനുഗ്രഹമാണ് കൃപാ എന്നുപറയുന്നത്. അതുകൊണ്ട് നമുക്ക് എന്തു തിരക്കുണ്ടെങ്കിലും നമ്മള്‍ ഒരിക്കലും ദൈവത്തെ മാറ്റിനിര്‍ത്തരുത്.

മാതാപിതാക്കൾ നല്ല വഴിയേ നടക്കണം

അനുഗ്രഹങ്ങളുടെ വാതിലടച്ചിട്ട് അത്ഭുതങ്ങള്‍ക്കുവേണ്ടി ഓടിനടക്കരുത്. ഒരുകാര്യവുമില്ല. മക്കളാണ് നമ്മുടെ സമ്പാദ്യമെന്ന് മനസ്സിലാക്കിക്കൊണ്ട് ആ മക്കളെ ദൈവസന്നിധിയില്‍ പ്രിയപ്പെട്ട മക്കളാക്കി വളര്‍ത്തിക്കൊണ്ടു വരാന്‍ സാധിക്കണം. ഓരോ മാതാപിതാക്കന്മാരും മക്കള്‍ക്ക് മാതൃകയാവണം. തങ്ങളെ കണ്ടുപഠിച്ചാല്‍ മതി ദൈവത്തിങ്കലെത്താമെന്ന് മക്കള്‍ക്ക് ബോധ്യമാക്കി കൊടുക്കണം. മാതാപിതാക്കന്മാര്‍ വളഞ്ഞ വഴിയേ പോയാല്‍ മക്കള്‍ പുളഞ്ഞ വഴിയേ പോകുമെന്നാണല്ലോ. നമ്മള്‍ അപ്പനും അമ്മയും നടക്കുന്നതിലും രണ്ട് വളവു കൂടിയേ നമ്മുടെ മക്കള്‍ നടക്കുകയുള്ളൂ എന്ന് ഓരോ മാതാപിതാക്കന്മാരും മനസ്സിലാക്കണം. മക്കളെ നല്ല വിളവെടുക്കുന്നവരാക്കണമെങ്കില്‍ മാതാപിതാക്കള്‍ നല്ല വഴി നടന്നേ മതിയാകൂ.
ഇന്നത്തെ ലോകത്തിന്‍റെ ഏറ്റവും വലിയ പ്രതിസന്ധി എന്താണ്? നന്മയും തിന്മയും തമ്മിലുള്ള ദൂരം കുറഞ്ഞുവരുന്നു. എന്താണ് തെറ്റും ശരിയുമെന്ന് മനസ്സിലാക്കാന്‍ കുട്ടികള്‍ക്ക് സാധിക്കുന്നില്ല. എന്തെങ്കിലും തെറ്റു ചൂണ്ടിക്കാട്ടിയാല്‍ മക്കള്‍ ചോദിക്കും what’s wrong with that? ഈ ലോകത്ത് സംഭവിക്കുന്ന കാര്യങ്ങള്‍ നോക്കിയാല്‍ വെറും നിസ്സാര തെറ്റല്ലേ ഞങ്ങള്‍ ചെയ്യുന്നുള്ളൂ എന്നാണ് അവരുടെ പക്ഷം. ഈ ലോകത്തുള്ള വലിയ തെറ്റുകളെ നിങ്ങളുടെ ചെറിയ തെറ്റുകള്‍കൊണ്ട് ന്യായീകരിക്കുന്നതാണ് നിങ്ങളിലുള്ള തെറ്റ് എന്ന് മക്കളോട് പറഞ്ഞുകൊടുക്കാന്‍ ഓരോ മാതാപിതാക്കള്‍ക്കും സാധിക്കണം. ലോകത്തുള്ള വലിയ തെറ്റുകള്‍ നിങ്ങളുടെ ചെറിയ തെറ്റിനുള്ള ന്യായീകരണമല്ലാ എന്നും നിങ്ങളുടെ ചെറിയ തെറ്റ് ലോകത്തുള്ള വലിയ തെറ്റിനേക്കാള്‍ നിങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും ഗുരുതരമാണെന്നും, നിങ്ങളുടെ ആത്മാവാണ് അതുവഴി നശിക്കുന്നതെന്നും മക്കള്‍ക്ക് മനസ്സിലാക്കി കൊടുക്കണം. വെറുതെ പറഞ്ഞു കൊടുത്തിട്ട് കാര്യമില്ല.  പറഞ്ഞുകൊടുക്കുന്ന ഉപദേശങ്ങള്‍കൊണ്ട് മക്കള്‍ നന്നാകുകയില്ല. എന്നാല്‍ പകര്‍ന്ന് കൊടുക്കുന്ന അനുഭവങ്ങള്‍കൊണ്ട് മക്കള്‍ നന്നാകും. കുടുംബബന്ധങ്ങളുടെ പ്രാധാന്യവും പ്രായമായവരോടുള്ള മനോഭാവവും ബന്ധുക്കളോടുള്ള സമീപനവുമൊക്കെ മക്കള്‍ പഠിക്കുന്നത് മാതാപിതാക്കളില്‍നിന്നാണ്. നമ്മള്‍ മാതാപിതാക്കന്മാരുടെ ഹൃദയത്തില്‍ നമ്മുടെ മാതാപിതാക്കന്മാര്‍ക്ക് എന്ത് സ്ഥാനം കൊടുക്കുന്നുവോ അവരുടെ ക്ഷേമവും, അവരുടെ സന്തോഷവും, അവരുടെ ജീവിതസംതൃപ്തിയും അവര്‍ക്ക് ദൈവത്തില്‍ പ്രത്യാശയര്‍പ്പിക്കാന്‍ തക്കവണ്ണമുള്ള സൗകര്യങ്ങളും ചെയ്ത് കൊടുക്കാന്‍ നാം എന്ത് പ്രാധാന്യം കൊടുക്കുന്നുവോ അതാണ് മക്കള്‍ക്ക് കൊടുക്കുന്ന ഏറ്റവും വലിയ വേദോപദേശം. ഇത് കാണിച്ചുകൊടുക്കാതെ പത്ത് ദൈവപ്രമാണവും മാതാപിതാക്കളെ ബഹുമാനിക്കണമെന്നും മക്കളെ പഠിപ്പിച്ചിട്ട് ഒരു കാര്യവുമില്ല. ഈ പ്രമാണം ജീവിതത്തില്‍ പാലിച്ച് കാണിച്ചുകൊടുക്കുന്നതാണ് ജീവിതപ്രമാണം. കൂടാതെ കുടുംബങ്ങളില്‍നാം നിര്‍ബന്ധമായും പാലിക്കേണ്ടുന്ന ചില കാര്യങ്ങളുണ്ട്. ഭക്ഷണം കഴിക്കുന്ന സമയത്ത് നിര്‍ബന്ധമായും ഫോണോ ടിവിയോ ഉപയോഗിക്കരുത്. കുടുംബാംഗങ്ങള്‍ എല്ലാവരും നിര്‍ബന്ധമായും ഒരുമിച്ചിരുന്നു വേണം ഭക്ഷണം കഴിക്കുവാന്‍. മക്കള്‍ക്ക് അവരുടേതായ അഭിപ്രായവും ഇടവും നിര്‍ബന്ധമായും കുടുംബത്തില്‍ നല്‍കണം. തങ്ങളുടെ അഭിപ്രായം ഈ കുടുംബത്തില്‍ പരിഗണിക്കപ്പെടുമെന്നും, കുടുംബം ഒന്നായിട്ടാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും ഈ മക്കള്‍ക്ക് ചെറുപ്രായം തൊട്ടേ തോന്നണം.

ഒന്നിച്ച് പ്രാര്‍ത്ഥിക്കുന്ന കുടുംബം നിലനിൽക്കും


ഞാനീ കുടുംബത്തിന്‍റെ ഭാഗമാണെന്നും, ഞാനില്ലെങ്കില്‍ ഈ കുടുംബം അപൂര്‍ണമാണെന്നും മക്കള്‍ക്ക് തോന്നണം. ഒന്നിച്ച് പ്രാര്‍ത്ഥിക്കുന്ന, ഒന്നിച്ച് ഭക്ഷണം കഴിക്കുന്ന, ഒന്നിച്ച് തീരുമാനങ്ങളെടുക്കുന്ന കുടുംബം എന്നന്നേക്കും നിലനില്ക്കും. പ്രായമായ മാതാപിതാക്കളെയും മക്കളേയും കൂട്ടി കുടുംബത്തോടെയുള്ള യാത്രകളും, വളരെ പ്രധാനപ്പെട്ടതാണ്. ഒരു കുടുംബത്തില്‍, പ്രായമായ മാതാപിതാക്കളെ ഒപ്പം കൂട്ടുമ്പോള്‍ അവരെ നിങ്ങള്‍ വിലമതിക്കുന്നുവെന്നും, അവര്‍ നിങ്ങള്‍ക്ക് പ്രിയപ്പെട്ടവരാണെന്നും നിങ്ങളുടെ മക്കള്‍ക്ക് ബോധ്യം വരുവാന്‍ അത് തീര്‍ച്ചയായും സഹായിക്കും.
മാതാപിതാക്കള്‍ അവരുടെ മക്കള്‍ക്ക് പ്രചോദനമാകണം. മക്കള്‍ക്ക് മുന്നേ പറക്കുന്ന പക്ഷികളാവണം. നമ്മുടെ മക്കള്‍ക്ക് ഒരു വെല്ലുവിളി ഉയര്‍ത്തത്തക്കവിധം വിശ്വാസത്തിന്‍റെയും ധാര്‍മ്മികതയുടെയും കാര്യത്തിലുള്ള ഉന്നമനം നേടാന്‍ സാധിക്കണം.