തിരുവനന്തപുരം: കാര്‍ഷിക നിയമം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രമേയം. പ്രത്യേക നിയമസഭാ സമ്മേളനം ചേര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രമേയം അവതരിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. കര്‍ഷകര്‍ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്നും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കര്‍ഷകരുടെ ഐതിഹാസികമായ പോരാട്ടത്തിനാണ് രാജ്യതലസ്ഥാനം സാക്ഷ്യം വഹിക്കുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. സമീപകാലത്ത് എങ്ങും കാണാത്ത വലിയ ഇച്ഛാശക്തി ഈ പ്രതിഷേധത്തിന് പിന്നിലുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസ്സാക്കിയെടുത്ത കാര്‍ഷിക വിരുദ്ധവും കോര്‍പറേറ്റ് അനുകൂലവുമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയാണ് കര്‍ഷക രോഷം ഇരമ്ബുന്നത്.
ദില്ലിയിലെ അതിശൈത്യത്തെ നേരിട്ടാണ് കര്‍ഷകര്‍ ഈ മഹാസമരത്തില്‍ അണി ചേരുന്നത്. 32 കര്‍ഷകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നും പ്രമേയത്തില്‍ പറയുന്നു. കൊവിഡിന്റെ കൂടി സാഹചര്യത്തില്‍ ജനരോഷം വിളിച്ച് വരുത്തുന്ന നിയമ നിര്‍മ്മാണത്തിലേക്ക് സര്‍ക്കാര്‍ കടക്കേണ്ടതില്ലായിരുന്നു എന്നും പ്രമേയത്തില്‍ പറയുന്നു.

