പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷയിൽ മാറ്റം ഇല്ല; ജൂൺ 22 മുതൽ പരീക്ഷ ആരംഭിക്കും

സംസ്ഥാനത്ത് പ്ലസ്ടു പ്രാക്ടിക്കല്‍ പരീക്ഷ ജൂണ്‍ 22മുതല്‍ ആരംഭിക്കും. നിലവില്‍ കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ പരീക്ഷ നടത്താമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. സിബിഎസ്‌ഇ, ഐഎസ്‍സി 12 -ാം ക്ലാസ് പരീക്ഷകള്‍ പൂര്‍ണമായി റദ്ദാക്കിയ സാഹചര്യത്തില്‍ കേരള സിലബസിലെ പ്ലസ്ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടത്തുമോ എന്ന ആശങ്കയിലായിരുന്നു വിദ്യാര്‍ത്ഥികള്‍.

എഴുത്തുപരീക്ഷയ്ക്കുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പ്രാക്ടിക്കല്‍ പരീക്ഷയ്ക്കില്ലെന്നും ഒരേ ഉപകരണങ്ങള്‍ പല വിദ്യാര്‍ഥികള്‍ ഉപയോഗിക്കേണ്ടി വരുന്നത് കോവിഡ് പകരാന്‍ ഇടയാക്കുമെന്നും വിദ്യാര്‍ത്ഥികള്‍ ആശങ്ക ഉയര്‍ത്തിയിരുന്നു. എന്നാല്‍ കര്‍ശന സുരക്ഷാ സംവിധാനങ്ങളോടെ പരീക്ഷ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

വിദ്യാര്‍ത്ഥികള്‍ ഇരട്ട മാസ്ക്, ഗ്ലൗസ് സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കേണ്ടതും, സാമൂഹിക അകലം പാലിക്കേണ്ടതുമാണ്. വിദ്യാര്‍ത്ഥികള്‍ ലാബില്‍ പ്രവേശിക്കുന്നതിന് മുന്‍പും ലാബില്‍ നിന്ന് പുറത്തേയ്ക്ക് പോകുമ്ബോഴും സാനിറ്റൈസര്‍ ഉപയോഗിച്ച്‌ കൈകള്‍ ശുചിയാക്കേണ്ടതാണ്. പ്രായോഗിക പരീക്ഷയ്ക്ക്ഹാജരാകുന്ന വിദ്യാര്‍ത്ഥികള്‍ ഒരു കാരണവശാലും കൂട്ടം കൂടാന്‍ പാടില്ല. ശരീരോഷ്മാവ് കൂടുതലായി കാണുന്ന വിദ്യാര്‍ത്ഥികളെ മറ്റ് കുട്ടികളുമായി ഇടകലര്‍ത്താതെ പ്രത്യേകമായി പരീക്ഷ നടത്തുന്നതാണ്. കോവിഡ്പോസിറ്റീവായ വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ നെഗറ്റീവ് ആകുന്ന മുറയ്ക്ക്പ്രത്യേകം പരീക്ഷാ കേന്ദ്രത്തില്‍ പ്രായോഗിക പരീക്ഷയ്ക്ക് പങ്കെടുക്കാവന്നതാണ്.

ലാബുകളില്‍ ഒരു കുട്ടി ഉപയോഗിച്ച ഉപകരണങ്ങള്‍ മറ്റു കുട്ടികള്‍ കൈമാറി ഉപയോഗിക്കാന്‍ പാടുള്ളതല്ല. ലാബുകളില്‍ എ.സി. ഉപയോഗിക്കുന്നതല്ല. വായു സഞ്ചാരം ഉറപ്പാക്കുന്നതിനായി ലാബുകളുടെ എല്ലാ ജനലുകളും വാതിലുകളും തുറന്നിടുന്നതാണ്. ഒരു സമയത്ത് കുടുതല്‍ വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ വരുന്ന സാഹചര്യം ഒഴിവാക്കുന്നതിനും നിര്‍ദേശമുണ്ട്.