വിശുദ്ധ മാക്‌സിമില്യൻ കോൾബെയുടെ തിരുശേഷിപ്പുകൾ പോളിഷ് പാർലമെന്റ് ചാപ്പലിൽ

സഹതടവുകാരനെ രക്ഷിക്കാൻ സ്വജീവൻ ബലികഴിച്ച വിശുദ്ധ മാക്‌സിമില്യൻ കോൾബെയുടെ തിരുശേഷിപ്പുകൾ പോളിഷ് പാർലമെന്റിൽ! നിരവധി ഡെപ്യൂട്ടികളുടെയും (അധോസഭാംഗങ്ങൾ) സെനറ്റർമാരുടെയും (ഉപരിസഭാംഗങ്ങൾ) അഭ്യർത്ഥന മാനിച്ചാണ് പോളിഷ് പാർലമെന്റിന്റെ ഭാഗമായ ചാപ്പലിൽ വിശുദ്ധ കോൾബെയുടെ തിരുശേഷിപ്പുകൾ വണക്കത്തിന് പ്രതിഷ്ഠിച്ചത്.

‘സെജം കോംപ്ലെക്‌സ്’ എന്ന് അറിയപ്പെടുന്ന പാർലമെന്റ് സമുച്ചയത്തിൽ സ്ഥിതിചെയ്യുന്ന ‘സെജം ചാപ്പൽ’ ദൈവമാതാവിന്റെ നാമധേയത്തിലാണ് സമർപ്പിതമായിരിക്കുന്നത്. വിശുദ്ധ ജോൺ പോൾ രണ്ടാമൻ, ഇറ്റാലിയൻ ഡോക്ടറായിരുന്ന വിശുദ്ധ ജൊവന്ന ബെരെറ്റാ മോള എന്നിവരുടെയും തിരുശേഷിപ്പുകൾ പ്രതിഷ്ഠിച്ചതിലൂടെയും ശ്രദ്ധേയമായ ചാപ്പലാണിത്.

സെനറ്റർ ജെർസി ക്രോസിക്കോവ്‌സ്‌കി, പാർലമെന്റിന്റെ അധോസഭയിലെ മാർഷൽ എലിസബിയറ്റാ വിറ്റെക്, സെജം ചാപ്പലിലെ ചാപ്ലൈൻ ഫാ. പിയോട്ര് ബുർഗോൺസ്‌കി തുടങ്ങിയവർ തിരുക്കർമങ്ങളിൽ സന്നിഹിതരായിരുന്നു. പോളണ്ടിലെ കൺവെൻച്വൽ ഫ്രാൻസിസ്‌ക്കൻ പ്രൊവിൻഷ്യൽ ഗ്രസെഗോർസ് ബാർട്ടോസിക്, വിശുദ്ധ കോൾബെ സ്ഥാപിച്ച നിപ്പോകളാനൗ മൊണാസ്ട്രി ഗാർഡിയൻ ഫാ. മാരിയുസ് സ്ലോവിക്, ഡാമിയൻ കാക്ക്‌സ്മാറെക്ക് എന്നിവരാണ് തിരുശേഷിപ്പ് കൈമാറിയത്.

1894 ജനുവരി എട്ടിന് മധ്യപോളണ്ടിലെ ഡൂൺസ്‌കാവോളയിലാണ് കോൾബെ എന്ന വിശുദ്ധ മാക്‌സിമില്യൻ കോൾബെ ജനിച്ചത്. റെയ്മണ്ട് എന്നായിരുന്നു ജ്ഞാനസ്‌നാന നാമം. 1910ൽ ഫ്രാൻസിസ്‌കൻ സഭയിൽ ചേർന്ന അദ്ദേഹം 1918ൽ തിരുപ്പട്ടം സ്വീകരിച്ചു. റോമിലെ പഠനകാലത്താണ് കന്യകാമറിയത്തോടുള്ള ആദരസൂചകമായി ‘മിലീഷ്യ ഇമ്മാക്കുലേറ്റ്’ (അമലോൽഭവ സൈന്യം) എന്ന സംഘടനയ്ക്ക് രൂപം കൊടുത്തത്. ക്രാക്കോവിൽ തിരിച്ചെത്തിയ കോൾബെ ‘മരിയൻ പടയാളി’ എന്ന മാഗസിനും റേഡിയോ നിലയവും ആരംഭിച്ചു. 1939ൽ ലോകത്തെ ഏറ്റവും വലിയ ആശ്രമവും സ്ഥാപിച്ചു.

രണ്ടാം ലോക മഹായുദ്ധം കൊടുമ്പിരികൊണ്ട 1941ലാണ് ഹിറ്റ്‌ലറുടെ നാസിപ്പട ഫാ. കോൾബെയെ ഓഷ്വിറ്റ്‌സ് തടവറയിൽ അടച്ചത്. ജയിലിൽനിന്ന് ഒരാൾ രക്ഷപെട്ടതിന് പ്രതികാരമായി 10 പേരെ പട്ടിണിക്കിട്ട് കൊല്ലാൻ അധികൃതർ തീരുമാനിച്ചു. ആ പട്ടികയിൽ ഉൾപ്പെട്ട ഗജോവിഷ്‌ക് എന്ന കുടുംബസ്ഥനു പകരമായി കോൾബെ മരണം വരിക്കാൻ സന്നദ്ധനാവുകയായിരുന്നു. പട്ടിണിക്കിട്ടിട്ടും മരിക്കാത്തതിനാൽ മാരക വിഷം കുത്തിവെച്ച് 1941 ഓഗസ്റ്റ് 14ന് ഫാ. കോൾബെയെ വധിക്കുകയായിരുന്നു. 1971 ഒക്ടോബർ 17ന് പോൾ ആറാമൻ പാപ്പ വാഴ്ത്തപ്പെട്ടവനായും 1982 ഒക്‌ടോബർ 10ന് ജോൺ പോൾ രണ്ടാമൻ പാപ്പ വിശുദ്ധനായും ഉയർത്തി.

Leave a Reply