സംസ്ഥാനത്ത് വീണ്ടും കൊവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. പൊതുപരിപാടികളില്‍ 100 പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ അനുമതി. മാളുകളില്‍ പ്രവേശിക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കി. വാക്‌സിന്‍ 2 ഡോസ് എടുത്തവര്‍ക്കും മാളുകളില്‍ പ്രവേശിക്കാം. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ രണ്ടര ലക്ഷം പേരില്‍ പരിശോധന നടത്തും. എറണാകുളം ജില്ലയിലാണ് കൂടുതല്‍ പരിശോധനകള്‍ നടത്തുക. തെരഞ്ഞൈടുപ്പ് പ്രചരണപരിപാടികളില്‍ പങ്കെടുത്ത എല്ലാവരിലും പരിശോധന നടത്താനും യോഗത്തില്‍ തീരുമാനമായി. കേന്ദ്രത്തോട് കൂടുതല്‍ വാക്‌സിന്‍ ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.
കൊവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് പ്രാദേശിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് നേരത്തെ മന്ത്രി കെകെ ശൈലജ ടീച്ചര്‍ പറഞ്ഞിരുന്നു. “ആശങ്കാജനകമായ സാഹചര്യമാണ് നിലവിലുള്ളത്. സമ്ബൂര്‍ണ ലോക്ഡൗണ്‍ ഇനി പ്രായോഗികമല്ല. ഇനിയും ലോക്ഡൗണിലേക്ക് പോകുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ആളുകളുടെ ജീവന്‍ രക്ഷിക്കുക എന്നതിനൊപ്പം ജീവിതോപാധിയും സംരക്ഷിക്കേണ്ടതുണ്ട്. ഏതെങ്കിലും മേഖലകളില്‍ രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്താല്‍ അവിടെ പ്രാദേശിക ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വരും.”- മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമമുണ്ടെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു. 50 ലക്ഷം ഡോസ് ചോദിച്ചിട്ട് അതിന്റെ പകുതി പോലും കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടില്ല. ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ വാക്‌സിന്‍ ലഭിച്ചില്ലെങ്കില്‍ മാസ് വാക്‌സിനേഷന്‍ ക്യാമ്ബ് അവതാളത്തിലാകുമെന്നും മന്ത്രി പറഞ്ഞു.

