എട്ടു ദിവസത്തെ വ്യോമാക്രമണങ്ങള്‍ കനത്ത നാശം വിതച്ച ഗാസയില്‍ ഇസ്രായേലി ആക്രമണങ്ങള്‍ തുടരുന്നതിനിടെ സമാധാന ശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് അമേരിക്കന്‍ രംഗപ്രവേശം. ഇസ്രായേല്‍ അക്രമം അവസാനിപ്പിച്ച് നയതന്ത്ര പരിഹാരം തേടണമെന്ന് ആവശ്യപ്പെടുന്ന ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയുടെ പ്രമേയത്തിന് വീണ്ടും തടയിട്ട അമേരിക്ക അതേസമയത്തുതന്നെയാണ് സമാധാന ശ്രമങ്ങള്‍ ഉയര്‍ത്തിക്കാട്ടി രംഗത്തുവന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെ ഫോണില്‍ വിളിച്ച്, തങ്ങള്‍ ഈജിപ്ത് അടക്കമുള്ള രാഷ്ട്രങ്ങളുമായി ചേര്‍ന്ന് വെടിനിര്‍ത്തല്‍ ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിക്കുകയായിരുന്നു.
അതിനിടെ, ഗാസയ്ക്കു പുറമേ ഇസ്രായേല്‍ പുതിയ യുദ്ധമുഖം കൂടി തുറന്നതായി അല്‍ ജസീറ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. അയല്‍രാജ്യമായ ലബനോനു നേരെ ഇസ്രായേല്‍ ഷെല്‍ ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്. തെക്കന്‍ ലബനോനില്‍നിന്ന് ആറു റോക്കറ്റ് ആക്രമണങ്ങള്‍ തങ്ങള്‍ക്കു നേര്‍ക്കുണ്ടായെന്നും അവ പരാജയപ്പെടുത്തിയെന്നും ഇസ്രായേല്‍ അറിയിച്ചു. ഇതിനു തിരിച്ചടിയായാണ് ലബനോനു നേര്‍ക്ക് ഷെല്‍ ആക്രമണം നടത്തിയതെന്നും ഇസ്രായേല്‍ സൈന്യം പറഞ്ഞു. എന്നാല്‍, ഇസ്രായേല്‍ അനാവശ്യമായി പ്രകോപനം സൃഷ്ടിക്കുകയാണ് എന്ന് യു എന്‍ സെക്രട്ടറി ജനറലുമായി നടത്തിയ സംഭാഷണത്തില്‍ ലബനോനിലെ അബ്ദുല്ലാ രണ്ടാമന്‍ രാജാവ് അറിയിച്ചു. അതിനിടെ, തെക്കന്‍ ലബനോനില്‍ ലബനീസ് സൈന്യം നടത്തിയ തെരച്ചിലില്‍ റോക്കറ്റ് ആക്രമണ ശ്രമം പരാജയപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്
അക്രമം അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന യു എന്‍ പ്രമേയത്തിന് അമേരിക്ക തടയിട്ടിരുന്നു. യു എസ് പ്രസിഡന്റ് ജോ ബൈഡന്റെ കഴിഞ്ഞ ദിവസത്തെ ഇസ്രായേല്‍ അനുകൂല പ്രസ്താവനക്ക് പിന്നാലെയാണ്, യു എന്‍ ശ്രമം അമേരിക്ക തടസ്സപ്പെടുത്തിയത്. അതേ സമയത്തു തന്നെയാണ് വൈറ്റ് ഹൗസ് ജോ ബൈഡന്റെ പുതിയ പ്രസ്താവന പുറത്തുവിട്ടത്. ഇസ്രായേല്‍ പ്രധാനമന്ത്രിയെ ബൈഡന്‍ ഫോണില്‍ വിളിച്ച് സംസാരിച്ച കാര്യമാണ് പ്രസ്താവനയില്‍ പറയുന്നത്.”ഗാസയിലെ ഹമാസിനും മറ്റ് ഭീകരവാദ സംഘങ്ങള്‍ക്കുമെതിരെ ഇസ്രായേല്‍ നടത്തുന്ന സൈനികനടപടിയുടെ പുരോഗതി ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. നിരപരാധികളായ സിവിലിയന്‍മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്താന്‍ ബൈഡന്‍ ഇസ്രായേലിനെ പ്രേരിപ്പിച്ചു. ഈജിപ്ത് അടക്കമുള്ള പങ്കാളികളുമായി ചേര്‍ന്ന് പ്രശ്നങ്ങള്‍ക്ക് വിരാമം കാണാനുള്ള യു എസ് ശ്രമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്ത ബൈഡന്‍ വെടിനിര്‍ത്തല്‍ ശ്രമങ്ങള്‍ക്ക് പിന്തുണ അറിയിച്ചു.” -ഇതാണ് വൈറ്റ് ഹൗസ് പുറപ്പെടുവിച്ച പ്രസ്താവന.

