‘ഒരു പിടി സഹായം’ ശ്രദ്ധേയമാകുന്നു

കാഞ്ഞിരപ്പള്ളി രൂപതാ ഡി. സി. എം. എസ്സ് പ്രസിഡന്റ് ശ്രീ വിൻസന്റ് ആന്റണിയുടെ നേതൃത്വത്തിലുള്ള ‘ഒരു പിടി സഹായം ‘ ജീവകാരുണ്യ പ്രവർത്തനങ്ങൾ ശ്രദ്ധേയമാകുന്നു. ആനിക്കാട് പെരുമ്പാറ ഭാഗത്തുള്ള കോവിഡ് ബാധിച്ചവരുടെയും കുടുംബാഗങ്ങളുടെയും നിസ്സഹായത തിരിച്ചറിഞ്ഞ് രൂപതാ ഡി.സി. എം. എസ്സിന്റെ സഹകരണത്തോടെ തന്റെ കുടുംബാഗങ്ങൾക്കൊപ്പം എളിയ രീതിയിൽ മെയ് ഒന്നു മുതൽ ആരംഭിച്ച പദ്ധതി ആനിക്കാട് പള്ളിക്കത്തോട് ഭാഗത്തുള്ള സുമനസ്സുകളായ വ്യാപാരികളുടെയും നാട്ടുകാരുടെയും സഹായത്തോടെ അനേകർക്കാശ്വാസമായി മുന്നേറുന്നു.

സൗജന്യമായി മരുന്ന് എത്തിക്കുവാൻ ലക്ഷ്യമിട്ടാരംഭിച്ച പദ്ധതി പിന്നീട് ആവശ്യങ്ങൾ മനസ്സിലാക്കി ഭക്ഷ്യ വിഭവങ്ങളുൾപ്പെടുന്ന കിറ്റുകൾ നല്കി നാനാ ജാതി മതസ്ഥരെ സഹായിക്കുന്നു. കോവിഡ് ബാധിതർക്കും ക്വാറന്റീനിൽ കഴിയുന്ന കുടുംബങ്ങൾക്കുമാണ് മുൻഗണന നൽകുന്നത്. സൗജന്യമായി നല്ല ആളുകൾ നൽകുന്നത് സൗജന്യമായി നല്കുന്നതിന് ദൈവാനുഗ്രഹം മാത്രം മതിയെന്നാണ് വിൻസന്റ് ആന്റണി പറയുന്നത്. ആനിക്കാട് സെന്റ് മേരീസ് പള്ളി വികാരി ഫാ. ഡൊമിനിക് കാഞ്ഞിരത്തിനാലിന്റെ പ്രോത്സാഹനവും പിന്തുണയും ഒപ്പമുണ്ട്. ഡി.സി.എം.എസ്സ് പ്രവർത്തനങ്ങളിൽ രൂപതാ നേതൃത്വം അഭിനന്ദനമറിയിച്ചു.