മൂന്ന് മക്കൾക്ക് ജന്മമേകാൻ കുടുംബങ്ങളെ പ്രോത്‌സാഹിപ്പിക്കുന്ന നയത്തിലേക്ക് ചൈന

ഒന്നിൽ കൂടുതൽ മക്കളുണ്ടായാൽ പിഴ നൽകണമെന്ന നയത്തിൽനിന്ന് മൂന്ന് മക്കൾക്ക് ജന്മമേകാൻ കുടുംബങ്ങളെ പ്രോത്‌സാഹിപ്പിക്കുന്ന നയത്തിലേക്ക് ചൈന മാറുമ്പോൾ, നിർബന്ധിത കുടുംബാസൂത്രണം വീണ്ടും ചർച്ചയാകുകയാണ്. ഒറ്റക്കുട്ടി നയത്തിൽനിന്ന് രണ്ട് കുട്ടികളാകാമെന്ന നയത്തിലേക്കും ഇപ്പോഴിതാ മൂന്ന് കുട്ടികൾവരെയാകാം എന്ന നയത്തിലേക്കും ചൈന മാറിക്കഴിഞ്ഞു. നാലോ അതിൽ അഞ്ചോ കുട്ടികൾക്ക് ജന്മമേകിയാലും ശിക്ഷാനടപടികൾ ഉണ്ടാകില്ലെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

രണ്ട് കുട്ടി നയം തിരുത്തി മൂന്ന് കുട്ടി നയം സ്വീകരിക്കാൻ കഴിഞ്ഞ മേയിൽ കൈക്കൊണ്ട തീരുമാനത്തിന് കഴിഞ്ഞ ദിവസം ചൈനീസ് പാർലമെന്റായ നാഷണൽ പീപ്പിൾസ് കോൺഗ്രസും (എൻപിസി) അംഗീകാരം നൽകി. ജനനനിരക്ക് പ്രോത്സാഹിപ്പിക്കാനും കുട്ടികളെ വളർത്തുന്നതിൽ മാതാപിതാക്കളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കാനും വേണ്ട നിയമങ്ങളും ഇതോടൊപ്പം അംഗീകരിച്ചിട്ടുണ്ട്. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് മാതാപിതാക്കൾക്കു കൂടുതൽ അവധി അനുവദിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിലും നിർണായകമായ മാറ്റം ഉണ്ടാകുമെന്നും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ചൈനയിലെ ജനനനിരക്ക് കുറയുന്നതും പ്രായമായവരുടെ എണ്ണം വർദ്ധിക്കുന്നതും വ്യക്തമാക്കുന്ന സെൻസസ് രേഖകളുടെ അടിസ്ഥാനത്തിലാണ്, നാല് പതിറ്റാണ്ടുകളായി തുടരുന്ന കുടുംബാസൂത്രണ നയത്തിൽ ചൈന മാറ്റം വരുത്തിയത്. ജനംഖ്യയിലെ അസന്തുലിതാവസ്ഥ വർദ്ധിക്കുന്നതിലെയും തൊഴിൽ എടുക്കാൻ ശേഷിയുള്ളവരുടെ എണ്ണം കുറയുന്നതിലെയും അപകടം ഭരണകൂടത്തെ കാര്യമായി ആശങ്കപ്പെടുത്തുന്നുണ്ടെന്നതാണ് യാഥാർത്ഥ്യം.

ജനസംഖ്യാ വർധന നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 1980ലാണ് സന്താനനിയന്ത്രണം നടപ്പാക്കാൻ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി തീരുമാനിച്ചത്. ഏതാണ്ട് 36 വർഷം ഒരു കുട്ടി എന്ന നയമാണ് ചൈന പിന്തുടർന്നത്. ലോകത്തെ ഏറ്റവും കർശനമായ കുടുംബാസൂത്രണ നയമായിരുന്നു ഇത്. 2016ൽ ഇത് പിൻവലിച്ച്, രണ്ട് മക്കൾ വരെയാകാമെന്ന് പ്രഖ്യാപിച്ചു. പ്രായമായവർ വർധിക്കുന്നു എന്ന ആശങ്കയാണ് അന്നും ഇളവ് അനുവദിക്കാർ ഭരണകൂടത്തെ പ്രേരിപ്പിച്ചത്.

എന്നാൽ, സന്തുലിതാവസ്ഥയിലുള്ള ജനസംഖ്യാനിരക്കിന് അതും പര്യാപതമല്ല എന്ന തിരിച്ചറിവാണ് വീണ്ടും നയം മാറ്റാൻ കാരണം. 2020ൽ ജനനനിരക്കിൽ റെക്കോർഡ് ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞവർഷം 12 മില്യണായിരുന്നു ജനന നിരക്ക്. 2019മായി താരതമ്യം ചെയ്യുമ്പോൾ അഞ്ചിലൊന്ന് കുറവ്. നിലവിൽ 15 59 പ്രായമുള്ളവർ ജനസംഖ്യയുടെ 63.3 ശതമാനം വരും. 65 വയസിനു മേൽ പ്രായമുള്ളവർ 13.5 ശതമാനമായി വർദ്ധിക്കുകയും ചെയ്‌തെന്ന് സെൻസസ് രേഖകൾ വ്യക്തമാക്കുന്നു.

എന്തായാലും ചൈനയുടെ ഈ നടപടി നിർബന്ധിത കുടുംബാസൂത്രണത്തിലെ ദൂഷ്യവശങ്ങൾ തിരിച്ചറിയാൻ നിരവധി ഭരണകൂടങ്ങൾ പ്രാപ്തമാകുമെന്ന പ്രതീക്ഷയിലാണ് അന്താരാഷ്ട്ര പ്രോ ലൈഫ് സമൂഹം.