സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത; നിർണായക കൊവിഡ് അവലോകന യോഗം വ്യാഴാഴ്ച

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ വ്യാഴാഴ്ച കൊവിഡ് അവലോകന യോഗം ചേരുന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ യോഗത്തില്‍ തീരുമാനിക്കുമെന്നാണ് ലഭിക്കുന്ന വിവരം

മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലാണുള്ളത്. ഓണ്‍ലൈനായി മുഖ്യമന്ത്രി യോഗത്തില്‍ പങ്കെടുക്കും. ഒപ്പം ആരോഗ്യ മന്ത്രി, ആരോഗ്യ വിദഗ്ധര്‍, തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി, വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. അതേസമയം സമ്ബൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് സര്‍ക്കാരിന്റെ പരിഗണനയിലില്ല. ഈ സാഹചര്യത്തില്‍ ഭാഗികമായ ലോക്ഡൗണുകള്‍ക്കാണ് സാധ്യത.

കൊവിഡ് രോഗബാധ രൂക്ഷമായി തുടരുമ്ബോള്‍ സെക്രട്ടേറിയേറ്റിന്റെയും കെ എസ് ആര്‍ടിസിയുടേയും പ്രവര്‍ത്തനങ്ങളും പ്രതിസന്ധിയിലാണ്. ജീവനക്കാര്‍ക്ക് വലിയ തോതില്‍ രോഗം ബാധ സ്ഥിരീകരിച്ച സാഹചര്യമാണ് നിലവിലുള്ളത്. സെക്രട്ടേറിയേറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ മാത്രം അഞ്ചോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായാണ് വിവരം. വനം, ദേവസ്വം മന്ത്രിമാരുടെ ഓഫീസുകളിലും കൊവിഡ് രോഗബാധ വ്യാപകമാണ്.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ പൊളിറ്റിക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സെക്രട്ടേറിയേറ്റിന്റെ മൂന്നാം നിലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജീവനക്കാരുടെ എണ്ണം പകുതിയാക്കണമെന്ന് ജീവനക്കാരുടെ സംഘടനകളുടെ ആവശ്യം.

സെക്രട്ടേറിയേറ്റിന് പുറമെ കെഎസ്‌ആര്‍ടിസിയിലും പ്രതിസന്ധി രൂക്ഷമാക്കി കൊവിഡ് വ്യാപനം തുടരുകയാണ്. തിരുവനന്തപുരത്ത് മാത്രം 80 ലധികം ജീവനക്കാര്‍ക്ക് കൊവിഡ് ബാധിച്ചുകഴിഞ്ഞ്ിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം സിറ്റി ഡിപ്പോയില്‍ 25 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചീഫ് ഓഫീസിലും രോഗ വ്യാപനം രൂക്ഷമാണ്. എറണാകുളം ഡിപ്പോയില്‍ 15 പേര്‍ക്ക് കൊവിഡ്. രോഗവ്യാപനത്തെ തുടര്‍ന്ന് ജീവനക്കാരില്ലാത്തതിനാല്‍ സംസ്ഥാനത്ത് ആകെ 399 ബസുകള്‍ സര്‍വീസ് നിര്‍ത്തേണ്ട സാഹചര്യമാണുള്ളത്