ഇന്ത്യയുടെ നാല്പത്തെട്ടാമത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് എന്‍വി രമണയെ നിയമിച്ചുകൊണ്ട് പ്രസിഡന്റ് റാം നാഥ് കോവിന്ദ് ഉത്തരവിട്ടു.
1957 ഓഗസ്റ്റ് 27 ന്, ആന്ധ്ര പ്രദേശിലെ കൃഷ്ണ ജില്ലയിലെ പൊന്നാവരം ഗ്രാമത്തിലാണ് എന്‍വി രാമനയുടെ ജനനം. 1983 -ല്‍ സന്നദെടുത്ത് അഭിഭാഷകവൃത്തി ആരംഭിച്ച രമണ, ആന്ധ്ര ഹൈക്കോടതിയിലും, മറ്റു ട്രിബുണലുകളിലും, പിന്നീട് സുപ്രീം കോടതിയിലും നിരവധി നിര്‍ണായകമായ സിവില്‍, ക്രിമിനല്‍ കേസുകള്‍ വാദിച്ചു പ്രസിദ്ധനായി. 2000 ഏപ്രില്‍ 27 നാണ് അദ്ദേഹത്തെ ആദ്യമായി ആന്ധ്ര ഹൈക്കോടതിയിലെ ജഡ്ജിയായി നിയമിക്കുന്നത്. 2013 മെയ് 10 -ന് അദ്ദേഹത്തിന് വീണ്ടും സ്ഥാനക്കയറ്റം കിട്ടി, ആന്ധ്രപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കപ്പെടുന്നു.അവിടെ ഏതാണ്ട് ഒരു വര്‍ഷത്തോളം സേവനമനുഷ്ഠിച്ച ശേഷം, 2014 ഫെബ്രുവരി 17 നാണ് ജസ്റ്റിസ് രമണ സുപ്രീം കോടതിയിലേക്ക് നിയുക്തനായത്.
2021 ഏപ്രില്‍ 24 ന് ജസ്റ്റിസ് എസ് എ ബോബ്‌ഡെ വിരമിക്കുന്ന ഒഴിവിലാണ്, നിലവിലെ സീനിയോറിറ്റി ക്രമങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ, ജസ്റ്റിസ് എന്‍വി രമണ അധികാരമേറ്റെടുക്കുക.
ഇതിനു മുമ്ബുള്ള മറ്റെല്ലാ സുപ്രീം കോടതി ചീഫ് ജസ്റ്റിസുകളെക്കാളും അധിക കാലം, ഏതാണ്ട് പതിനാറു മാസത്തോളം, ഈ പദവിയില്‍ ഇരിക്കാനുള്ള ഭാഗ്യവും ജസ്റ്റിസ് രമണയ്ക്കുണ്ടാവും. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍മോഹന്‍ റെഡ്ഢി, അമരാവതി ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ടുകൊണ്ട് ജസ്റ്റിസ് രമണക്കെതിരെ ആക്ഷേപം ഉന്നയിച്ചു കൊണ്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബോബ്‌ഡെക്ക് കത്തെഴുതിയ സാഹചര്യത്തിലാണ് അടുത്തിടെ അദ്ദേഹത്തിന്റെ പേര് മാധ്യമങ്ങളില്‍ നിറഞ്ഞത്. എന്നാല്‍, സുപ്രീം കോടതി തുടര്‍ന്ന് നടത്തിയ ഒരു ആഭ്യന്തര അന്വേഷണത്തില്‍ ഈ ആക്ഷേപങ്ങള്‍ തള്ളിക്കളഞ്ഞ് ജസ്റ്റിസ് രാമനയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തിരുന്നു.

