സംസ്ഥാനത്ത് ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്കോളര്‍ഷിപ്പ് അനുപാതം;സർക്കാർതീരുമാനത്തോട് കരുതലോടെ പ്രതികരിച്ചു രാഷ്ട്രീയപാർട്ടികൾ

സംസ്ഥാനത്ത് ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്കോളര്‍ഷിപ്പ് അനുപാതം മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തോട് കരുതലോടെ പ്രതികരിക്കാന്‍ പാര്‍ട്ടികള്‍. ലീഗ് ഒഴികെയുള്ള പാര്‍ട്ടികള്‍ ഒന്നും കടുത്ത പ്രതികരണം നടത്തിയില്ല. ഇക്കാര്യത്തില്‍ വിവാദം ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമവും. നിലവില്‍ ഒരു സമുദായത്തിനും കിട്ടിക്കൊണ്ടിരുന്ന അനുപാതം കുറയില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

80:20 അനുപാതത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായ സമയത്തു തന്നെ വളരെ കരുതലോടെയാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അതിനെ സമീപിച്ചത്. വളരെ പെട്ടന്ന് തന്നെ സര്‍ക്കാര്‍ ഒരു സര്‍വ്വകക്ഷി യോ​ഗത്തിലേക്ക് പോകുകയും എല്ലാവരുടെയും അഭിപ്രായം കേള്‍ക്കുകയും ചെയ്തു.

സിപിഎമ്മിനും കോണ്‍​ഗ്രസിനും ഒരുപാട് പരിമിതികളുള്ള വിഷയമാണിത്. യുഡിഎഫില്‍ മുസ്ലീം ലീ​ഗും കേരളാ കോണ്‍​ഗ്രസ് ജോസഫ് വിഭാ​ഗവും വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉന്നയിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ന്യൂനപക്ഷവോട്ടുകള്‍ കുറഞ്ഞുപോയ സാഹചര്യവുമുണ്ട്. അതുകൊണ്ട് ഒരു എടുത്തുചാട്ടത്തിന് കോണ്‍​ഗ്രസ് നേത്വം തയ്യാറല്ല. സിപിഎമ്മും സമാന നിലപാടാണ് സ്വീകരിച്ചത്.അതിനിടെയാണ് ഇന്നലെ വിദ​ഗ്ധ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ പ്രധാന തീരുമാനം വന്നിരിക്കുന്നത്. ആ തീരുമാനത്തെ മുസ്ലീംലീ​ഗ് ശകത്മായി തന്നെ ചോദ്യം ചെയ്യുകയാണ്. കാരണം, സച്ചാര്‍ കമ്മീഷന്റെ നി​ഗമനങ്ങളുടെ പ്രസക്തി തന്നെ നഷ്ടപ്പെട്ടുവെന്നാണ് പി കെ കുഞ്ഞാലിക്കുട്ടി ഇന്നലെ പറഞ്ഞത്.

അതേസമയം, ആരുടെയും അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ കിട്ടും. അതില്‍ ഒരു തരത്തിലുള്ള പ്രശ്നവും ഉണ്ടാകില്ല. പണം അധികമായി വന്നാല്‍ അതും അവര്‍ക്ക് കിട്ടും. അതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതില്‍ എത്രമാത്രം സമവായമുണ്ടാകുമെന്നത് വരും ദിവസങ്ങളില്‍ അറിയാന്‍ കഴിയും.