ദില്ലി: കൊവിഡ് കേസുകളും മരണനിരക്കും കുതിച്ചുയരവേ, ദില്ലിയില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി. കൊവിഡ് വൈറസ് വ്യാപനം ഒരു തരത്തിലും കുറയുന്നില്ല എന്നതുകൊണ്ട് തന്നെ നിലവില്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍ കഴിയില്ലെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ വ്യക്തമാക്കി. 37%- ആണ് നിലവില്‍ ദില്ലിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ദില്ലിക്കുള്ള ഓക്സിജന്‍ ക്വാട്ട കേന്ദ്രം കൂട്ടിയെങ്കിലും ആവശ്യമായതിന്‍റെ പകുതി മാത്രമേ ആകുന്നുള്ളൂ. 480 ടണ്ണില്‍ നിന്ന് 490 ടണ്ണിലേക്കാണ് പ്രതിദിന ഓക്സിജന്‍ വിതരണവിഹിതം കേന്ദ്രം കൂട്ടിയിരിക്കുന്നത്. എന്നാല്‍ 700 മെട്രിക് ടണ്ണെങ്കിലും പ്രതിദിനം ഓക്സിജന്‍ ലഭിച്ചാലേ ദില്ലിയില്‍ നിലവിലുള്ള ഓക്സിജന്‍ പ്രതിസന്ധി പരിഹരിക്കാനാകൂ.
490 ടണ്‍ നല്‍കുമെന്ന് പ്രഖ്യാപനമുണ്ടെങ്കിലും, 335 ടണ്‍ വരെ മാത്രമേ ഓക്സിജന്‍ ആശുപത്രികളിലെത്തുന്നുള്ളൂ എന്നും കെജ്‍രിവാള്‍ പറയുന്നു.
ദില്ലിയുടെ ആരോഗ്യസംവിധാനം ഇരച്ചെത്തുന്ന രോഗികളുടെ പ്രവാഹത്തില്‍ പകച്ചുനില്‍ക്കുകയാണ്. ദില്ലിയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 357 പേരാണ്. ഇത് വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും വലിയ മരണനിരക്കാണിത്. 24,000-ത്തിലധികം പേരാണ് കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം ദില്ലിയില്‍ പുതുതായി രോഗബാധിതരായത്.
രണ്ടാം തരംഗം വ്യാപിക്കുന്നതിനിടെ, കഴിഞ്ഞ തിങ്കളാഴ്ചയാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. കൊവിഡ് രോഗബാധ കുത്തനെ ഉയരുന്നത് പിടിച്ചുകെട്ടാന്‍ കടുത്ത നടപടികളിലേക്ക് പോവുകയല്ലാതെ വേറെ വഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എന്നാല്‍, ദില്ലിയിലെ ആശുപത്രികള്‍ പലതും ഇപ്പോഴും ഓക്സിജന്‍ ലഭ്യത ഇല്ലാതെ ശ്വാസം മുട്ടുന്ന കാഴ്ചയാണ് കാണാനാവുന്നത്. മിക്ക ആശുപത്രികളിലെയും മുതിര്‍ന്ന ഡോക്ടര്‍മാര്‍ അടക്കം ഓക്സിജന്‍ എങ്ങനെയെങ്കിലും എത്തിച്ചുതരണമെന്ന അഭ്യര്‍ത്ഥനയുമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്ന കാഴ്ചകള്‍ കണ്ടു.
ദില്ലിയിലെ ജയ്‍പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയില്‍ മാത്രം ഓക്സിജന്‍ കിട്ടാതെ വെള്ളിയാഴ്ച രാത്രി മരിച്ചത് 25 പേരാണ്. ദില്ലിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ 25 പേരും മരിച്ചു.
ഹൃദയഭേദകമായ കാഴ്ചകളാണ് ആശുപത്രികളുടെ അത്യാഹിതവിഭാഗങ്ങള്‍ക്ക് മുന്നില്‍. ദില്ലിയിലെ മിക്ക ആശുപത്രികളിലും കിടക്കകളില്ല. നിലവിളികളോടെ എത്തുന്ന ബന്ധുക്കള്‍ക്ക് മുന്നില്‍ രോഗികളെ ആംബുലന്‍സുകളില്‍ത്തന്നെ പരിശോധിക്കുകയാണ് ഡോക്ടര്‍മാര്‍. മരിച്ചവരെ കൊണ്ടുപോകാന്‍ അടക്കം ആംബുലന്‍സുകളും ലഭ്യമല്ല. പല ആശുപത്രികളും നിറഞ്ഞു കവിഞ്ഞതോടെ രോഗികളെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തി. ദില്ലി ഫോര്‍ട്ടിസ് ആശുപത്രി ഇന്ന് രാവിലെ രോഗികളെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തിവച്ചതായി അറിയിച്ചു.
ദില്ലിയില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമായതോടെ എല്ലാ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കും ഇന്നലെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ കത്തെഴുതിയിട്ടുണ്ട്. ഏതെങ്കിലും തരത്തില്‍ അല്‍പം ഓക്സിജന്‍ ഞങ്ങള്‍ക്ക് തരാനാകുമെങ്കില്‍ തരണം. കേന്ദ്രസര്‍ക്കാര്‍ വഴി ഓക്സിജന്‍ ദില്ലിയിലെത്തിച്ചു തരാനുള്ള വഴി ഞങ്ങള്‍ ഒരുക്കാം – മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ അഭ്യര്‍ത്ഥിക്കുന്നു.
നിലവില്‍ പത്ത് ലക്ഷത്തിലധികം പേരാണ് ദില്ലിയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. മരണസംഖ്യ 13,898 ആയി.

