അഞ്ച് ദിവസത്തേക്ക് മഴ തുടരും; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം: കൊടും ചൂടില്‍ ആശ്വാസമായെത്തിയ വേനല്‍ മഴ സംസ്ഥാനത്ത് ഇന്നും ശക്തമായി തുടരുമെന്ന് കാലാവസ്ഥ പ്രവചനം.ഇന്ന് എല്ലാ ജില്ലകളിലും മഴ സാധ്യതയുണ്ട്. ഇതില്‍ തന്നെ 3 ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനൊപ്പം തന്നെ ഈ മാസം 18 -ാം തിയതി വരെ വിവിധ ജില്ലകളില്‍ വിവിധ ദിവസങ്ങളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് മുതല്‍ 18 -ാം തിയതി വരെയുള്ള മഞ്ഞ അലർട്ട് ഇപ്രകാരം

15-05-2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട

16 -05-2024 : പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്

17-05-2024 :തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്

18-05-2024 :തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.