സംസ്ഥാനത്ത് വർക്ക് ഫ്രം ഹോം പിൻവലിച്ചു; സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾക്ക് ബാധകം

സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗം ആഞ്ഞടിച്ചതിന് പിന്നാലെ ചില പ്രത്യേക വിഭാഗം ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വര്‍ക്ക് ഫ്രം ഹോം സംവിധാനം പിന്‍വലിച്ചു

ഉദ്യോഗസ്ഥരുടെ വര്‍ക്ക് ഫ്രം ഹോം സൗകര്യം റദ്ദാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുറമെ സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ ഉത്തരവ് ബാധകമാണ്.

കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് നടപടി. ഉത്തരവ് ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ ജയതിലക് പുതിയ ഉത്തരവ് ഇറക്കിയത്.

ഭിന്നശേഷി വിഭാഗങ്ങള്‍, മുലയൂട്ടുന്ന അമ്മമാര്‍, രോഗബാധിതര്‍ എന്നീ വിഭാഗങ്ങള്‍ക്കായിരുന്നു മൂന്നാം തരംഗം വ്യാപകമായ ഘട്ടത്തില്‍ വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തിയിരുന്നത്.

രാജ്യത്ത് കൊവിഡ് കേസുകളില്‍ കുറവ് വന്നതിനാല്‍ എല്ലാ കേന്ദ്രസര്‍ക്കാരും ജീവനക്കാരുടെ വര്‍ക്ക് ഫ്രം ഹോം സൗകര്യം പിന്‍വലിച്ചിരുന്നു. ഫെബ്രുവരി ഏഴാം തീയതി മുതല്‍ എല്ലാ ജീവനക്കാരും ഓഫീസില്‍ ഹാജരാകണമെന്നായിരുന്നു കേന്ദ്രത്തിന്റെ നിര്‍ദ്ദേശം