ബിഹാറിൽ ബി.ജെ.പി – ജെ.ഡി.യു സഖ്യം വീണു; നിതീഷ് കുമാർ രാജിവെച്ചു

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജ്ഭവനിലെത്തി രാജി സമര്‍പ്പിച്ചു. ഗവര്‍ണര്‍ ഫാഗു ചൌഹാന് രാജി സമര്‍പ്പിച്ചു.

ജെ.ഡി.യു.വും ബി.ജെ.പി.യും തമ്മിലുള്ള ചേരിപ്പോരുകള്‍ക്കിടെ കഴിഞ്ഞ ദിവസമാണ് എം.പിമാരോടും എം.എല്‍.എമാരോടും ഉടന്‍ പട്‌നയിലെത്താന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആവശ്യപ്പെട്ടത്. ബി.ജെ.പി അപമാനിച്ചെന്നു ജെ.ഡി.യു യോഗത്തില്‍ നിതീഷ് കുമാര്‍ പറഞ്ഞു.

243 അംഗ ബിഹാര്‍ നിയമസഭയില്‍ നിലവില്‍ 80 എം.എല്‍.എമാരുമായി ആര്‍.ജെ.ഡിയാണ് വലിയ ഒറ്റക്കക്ഷി. ബി.ജെ.പിക്ക് 77ഉം ജെ.ഡി.യുവിന് 45ഉം എം.എല്‍.എമാരാണുള്ളത്. കോണ്‍ഗ്രസിന് 19 സീറ്റുണ്ട്. സിപിഐ എംഎല്ലിന് 12ഉം സിപിഐക്കും സിപിഎമ്മിനും രണ്ട് വീതവും എംഎല്‍എമാരുണ്ട്. 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.

മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ബി.ജെ.പി അണിയറയില്‍ പടയൊരുക്കം നടത്തുന്നുണ്ടെന്നാണ് ജെ.ഡി.യുവിന്റെ പരാതി. മഹാരാഷ്ട്ര മോഡലില്‍ പാര്‍ട്ടിക്കുള്ളില്‍ വിമതരെ സൃഷ്ടിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്നാണ് ജെ.ഡി.യു നേതൃത്വത്തിന്റെ സംശയം. രണ്ടാം മോദി സര്‍ക്കാരില്‍ ജെ.ഡി.യുവിന്റെ മന്ത്രിയായിരുന്ന ആര്‍.സി.പി സിങ്ങിനെ മുന്നില്‍നിര്‍ത്തി ബി.ജെ.പി വിമത നീക്കത്തിന് ശ്രമം നടത്തിയെന്നാണ് ആരോപണം. പിന്നാലെ സിങ് പാര്‍ട്ടി വിട്ടു.

ജാതി സെന്‍സസ്, അഗ്നിപഥ് തുടങ്ങിയ വിഷയങ്ങളിലും നിതീഷ് കുമാറിന് ബി.ജെ.പിയുമായി ഭിന്നതയുണ്ട്. കേന്ദ്ര സര്‍ക്കാരുമായി ഇതിനകം തന്നെ നിതീഷ് കുമാര്‍ നിസ്സഹകരണം തുടങ്ങിയിരുന്നു. ഏറ്റവുമൊടുവില്‍ പ്രധനമന്ത്രി പങ്കെടുത്ത നിതി ആയോഗ് യോഗത്തില്‍ ഉള്‍പ്പെടെ നിതീഷ് കുമാര്‍ എത്തിയില്ല. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും നിതീഷ് വിട്ടുനിന്നതും വലിയ വാര്‍ത്തയായി.

നേരത്തെ ആര്‍.ജെ.ഡിയുമായുള്ള സഖ്യം അവസാനിപ്പിച്ചാണ് ജെ.ഡി.യു ബി.ജെ.പിയോടൊപ്പം ചേര്‍ന്നത്. ബി.ജെ.പിയുമായുള്ള സഖ്യം ഉപേക്ഷിച്ചാല്‍ ജെ.ഡി.യുവിനെ പിന്തുണയ്ക്കാമെന്ന് ആര്‍.ജെ.ഡി അറിയിച്ചിരുന്നു. അങ്ങനെയെങ്കില്‍ തേജസ്വി യാദവ് ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള ഉപമുഖ്യമന്ത്രിയാകും. തേജസ്വിയുടെ സഹോദരന്‍ തേജ് പ്രതാപ് യാദവും മന്ത്രിയാകും. കോണ്‍ഗ്രസിനായിരിക്കും സ്പീക്കര്‍ പദവി. കഴിഞ്ഞ മൂന്നോ നാലോ മാസങ്ങളായി അണിയറയില്‍ സഖ്യമാറ്റം സംബന്ധിച്ച പദ്ധതികള്‍ തയ്യാറായി വരികയായിരുന്നു എന്നാണ് ജെ.ഡി.യു വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ആര്‍.ജെ.ഡിയുമായി നേരത്തെയുണ്ടായിരുന്ന സഖ്യം അവസാനിപ്പിച്ചപ്പോള്‍ അഴിമതിക്കേസില്‍ ആരോപണവിധേയനായ തേജസ്വി യാദവിനെതിരെ നിതീഷ് കുമാര്‍ നടത്തിയ വിമര്‍ശനമാണ് പദ്ധതികള്‍ വൈകിച്ചത്. മെയ് മാസത്തില്‍ നിതീഷ് കുമാര്‍ തേജസ്വി യാദവിന്‍റെ വീട്ടിലെത്തി ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തു. തിരിച്ച്‌ തേജസ്വി, നിതീഷ് കുമാറിന്റെ ക്ഷണവും സ്വീകരിച്ചു. പിന്നാലെ പതുക്കെ മഞ്ഞുരുകുകയായിരുന്നു.