അട്ടിമറിക്കപ്പെടുന്ന EWS


ഇന്ത്യന്‍ ഭരണഘടനപ്രകാരം സംവരണത്തിന് അര്‍ഹത ഇല്ലാത്ത മുന്നോക്ക സമുദായങ്ങളില്‍പ്പെട്ട സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള കുടുംബങ്ങള്‍ക്ക് വിദ്യാഭ്യാസത്തിനും മറ്റു നിയമനങ്ങളിലും 10 ശതമാനം സീറ്റ് സംവരണം ചെയ്തുകൊണ്ട് 2019 ല്‍ ഒരു നിയമം പാസ്സാക്കുകയുണ്ടായി. Economically Weaker Section(EWS) എന്ന ഈ നിയമം 103-ാം ഭരണഘടന ഭേദഗതിയിലൂടെ ഭരണഘടനയുടെ 15, 16 ആര്‍ട്ടിക്കിളില്‍ ഭേദഗതി വരുത്തിയാണ് നിലവില്‍ വന്നിട്ടുള്ളത്.
 ഇതിനെ അടിസ്ഥാനപ്പെടുത്തി 19-1-2019 ലും, 31-1-2019 ലും പ്രസിദ്ധീകരിച്ച എഫ് 360 39 /2019 ചട്ടങ്ങള്‍ പ്രകാരം മുന്നാക്കസമുദായങ്ങളിലെ സാമ്പത്തിക പിന്നാക്കക്കാരുടെ അര്‍ഹതാമാനദണ്ഡങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.
അതിന്‍പ്രകാരം 8 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങള്‍ക്ക് വിദ്യാഭ്യാസത്തിനും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിയമനങ്ങളിലും 10% സംവരണം ഉറപ്പാക്കിയിട്ടുള്ളതാണ്.
അര്‍ഹതാമാനദണ്ഡങ്ങള്‍
1. അഞ്ചേക്കറില്‍ താഴെ മാത്രം കൃഷിഭൂമി ഉണ്ടായിരിക്കുക
2. താമസിക്കുന്ന വീടിന്‍റെ വിസ്തീര്‍ണ്ണം 1000 ചതുരശ്ര അടിയില്‍ താഴെയായിരിക്കുക.
3. നോട്ടിഫൈ ചെയ്ത് മുനിസിപ്പാലിറ്റികളില്‍ കൈവശമുള്ള ഹൗസ് പ്ലോട്ടുകളുടെ വിസ്തൃതി 100 ച. യാര്‍ഡില്‍ താഴെയായിരിക്കുക.
4. നോട്ടിഫൈഡ് അല്ലാത്ത മുനിസിപ്പാലിറ്റികളില്‍ ഹൗസ്പ്ലോട്ടുകളുടെ വിസ്തൃതി 200 ചതുരശ്ര യാര്‍ഡില്‍ താഴെയായിരിക്കുക.
കേന്ദ്രനിയമപ്രകാരം വ്യക്തമാക്കിയിട്ടുള്ള മേല്‍പ്പറഞ്ഞ മാനദണ്ഡങ്ങളില്‍ 3, 4 എന്നീ നിബന്ധനകളില്‍ വെള്ളം ചേര്‍ത്ത് ഈ നിയമം അട്ടിമറിക്കുവാന്‍ ഉള്ള ശ്രമം കേരളത്തില്‍ നടന്നുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നു.
നിബന്ധന 3 ല്‍ Residential plot of 100sq.yards and above in notified muncipalities അതായത്, മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ 100 സ്ക്വയറില്‍ കൂടുതല്‍ റസിഡന്‍ഷ്യല്‍ പ്ലോട്ട് ഉണ്ടായിരിക്കരുത്.
4-ല്‍residential plot of 200 sq.yards and above in areas other than the notified muncipalities (വിജ്ഞാപനം ചെയ്യപ്പെടാത്ത മുനിസിപ്പാലിറ്റികളില്‍ 200 ചതുര യാര്‍ഡില്‍ കൂടുതല്‍ ഹൗസ് പ്ലോട്ട് ഉണ്ടായിരിക്കരുത് ഈ നിബന്ധനകളിൽ other than നോട്ടിഫൈഡ് മുനിസിപ്പാലിറ്റി എന്നതിന്‍റെ മലയാളപരിഭാഷ.
 ‘മുനിസിപ്പാലിറ്റി അല്ലാത്ത’ എന്ന് തെറ്റിദ്ധരിപ്പിച്ച് അതിനെ പഞ്ചായത്ത് എന്ന് വ്യാഖ്യാനിക്കാന്‍ ആണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. അത് തന്നെ 50 രലിേ കൃഷി ഭൂമിയുള്ളവരെയും വീടിരിക്കുന്നത് 4.16 ല്‍ കൂടുതല്‍ ഹൗസ് പ്ലോട്ട് ഉണ്ട് എന്ന വരുത്തി എല്ലാ അപേക്ഷകളും ഒന്നടങ്കം നിരസിക്കുന്ന കാഴ്ചയാണ് കണ്ടു വരുന്നത്.Other than നോട്ടിഫൈഡ് മുനിസിപ്പാലിറ്റീസ് എന്നാല്‍ ‘വിജ്ഞാപനം ചെയ്യപ്പെടാത്ത’ എന്നാണ് മലയാളപരിഭാഷ. അത് സാധാരണ മുനിസിപ്പാലിറ്റി ആണ്. വിജ്ഞാപനം ചെയ്ത മുനിസിപ്പാലിറ്റികളെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നാണ് വിവക്ഷിക്കുന്നത്. ഇപ്രകാരമുള്ള 6 കോര്‍പ്പറേഷനുകളാണുള്ളത്. തിരുവനന്തപുരം, കൊല്ലം കൊച്ചി, തൃശൂര്‍. കോഴിക്കോട്, കണ്ണൂര്‍ ഇവയെല്ലാം നോട്ടീ ഫൈഡ് മുനിസിപ്പാലിറ്റി എന്ന ഗണത്തില്‍പെടും. മറ്റുള്ളവയെല്ലാം സാധാ മുനിസിപ്പാലിറ്റികളാണ്. ഇടുക്കി ജില്ലയില്‍ തൊടുപുഴ, കട്ടപ്പന എന്നിവയാണ് മുനിസിപ്പാലിറ്റികളായിട്ടുള്ളത്. പീരുമേട് താലൂക്കില്‍ ഇല്ല എന്നുള്ളതും ശ്രദ്ധേയമാണ്. ഇപ്രകാരം തെറ്റായ മലയാള വ്യാഖ്യാനത്തിന്‍റെ ഫലമായി  പീരുമേട് താലൂക്ക് ഉള്‍പ്പെടെ നിരവധി താലൂക്കുകളില്‍ അര്‍ഹമായ EWS സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിച്ചു കിട്ടുന്നില്ല എന്ന് പരക്കെ ആക്ഷേപമുണ്ട്.
ഇതുമൂലം സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള കുട്ടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിയമപ്രകാരമുള്ള സംവരണാനുകൂല്യങ്ങള്‍ നിഷ്കരുണം നിഷേധിക്കപ്പെടുകയാണ്.
നിരസിക്കപ്പെടുന്ന അപേക്ഷകളില്‍ മേലധികാരികള്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാന്‍ അവസരം ഉണ്ടെങ്കിലും പല കുട്ടികളും നിരാശരായി പിന്‍വലിയുന്നതായാണ് കാണുന്നത്. ഇപ്രകാരമുള്ള നീതിനിഷേധത്തിനെതിരെ സമൂഹവും സംഘടനകളും രംഗത്ത് ഇറങ്ങിവരേണ്ടതുണ്ട്.
ആയതിനാല്‍ സമുദായനേതാക്കളും രാഷ്ട്രീയനേതൃത്വവും ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും വിഷയം സര്‍ക്കാരിന്‍റെ സത്വര ശ്രദ്ധയില്‍പെടുത്തി ഉന്നത തലത്തില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്താത്ത പക്ഷം ഭരണഘടന ഉറപ്പാക്കിയ അനുകൂല്യങ്ങള്‍ ജലരേഖ ആകുന്നതിന് കാരണമാകും.
സി.സി. തോമസ് (Rtd.സ്‌പെഷ്യൽ വില്ലേജ് ഓഫീസർ)