ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ

ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ഏകദേശം 40 മിനിറ്റോളം ദീർഘിച്ച കൂടിക്കാഴ്ചയിലെ വിശദവിവരങ്ങൾ വത്തിക്കാൻ പുറത്തുവിട്ടിട്ടില്ലെങ്കിലും വിവിധ വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടു എന്നാണ് സൂചന. കൂടുക്കാഴ്ച സൗഹാർദപരമായിരുന്നെന്നും 2015ലെ യു.എസ് പര്യടനത്തിലെ ഓർമകൾ പാപ്പ പങ്കുവെച്ചെന്നും വത്തിക്കാൻ പ്രസ് ഡയറക്ടർ മത്തെയോ ബ്രൂണി വ്യക്തമാക്കി.

യു.എസ് ജനതയോടുള്ള തന്റെ സ്‌നേഹവും പാപ്പ അദ്ദേഹത്തെ അറിയിച്ചു. യൂറോപ്യൻ രാജ്യങ്ങളുമായുള്ള നയതന്ത്ര പര്യടനത്തിന്റെ ഭാഗമായി ഇറ്റലിയിൽ എത്തിയതിനെ തുടർന്നാണ് ആന്റണി ബ്ലിങ്കൻ വത്തിക്കാനിലെത്തി പാപ്പയെ സന്ദർശിച്ചത്. തുടർന്ന് ഇരുവരും സമ്മാനങ്ങൾ കൈമാറി. സമാധാനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമായ ഒലിവിലയേന്തിയ പ്രാവിന്റെ ശിൽപ്പമാണ് ആന്റണി ബ്ലിങ്കൻ പാപ്പയ്ക്ക് സമ്മാനിച്ചത്.

‘മറ്റുള്ളവരുടെ കരങ്ങൾ കൊണ്ടു നമുക്ക് നമ്മുടെ കൈകൾ നിറക്കാം’ എന്ന് രേഖപ്പെടുത്തിയ ശിൽപ്പത്തിനൊപ്പം ‘ലൗദാത്തോ സീ’, ‘ഫ്രത്തേലി തുത്തി’ എന്നീ ചാക്രീക ലേഖനങ്ങളും പാപ്പ സമ്മാനിച്ചു. കൂടാതെ, അദ്ദേഹത്തിനും കുടുംബത്തിനുമായി ജപമാലകൾ ആശീർവദിച്ച് നൽകുകയും ചെയ്തു. ജോ ബൈഡൻ ഭരണകൂടത്തിലെ യു.എസ് സ്റ്റേറ്റ് സെക്രട്ടറിയുടെ പ്രഥമ വത്തിക്കാൻ സന്ദർശനമായിരുന്നു ഇത്.

വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയാത്രോ പരോളിൻ, വിദേശകാര്യ മന്ത്രി ആർച്ച്ബിഷപ്പ് പോൾ ഗല്ലാഗർ എന്നിവരുമായും കൂടിക്കാഴ്ച നടത്തി. മഹാമാരിക്കുശേഷമുള്ള സാമൂഹ്യ നിർമിതിയെക്കുറിച്ച് യൂറോപ്പ്യൻ നേതാക്കളുമായുള്ള ചർച്ചയാണ് അദ്ദേഹത്തിന്റെ യൂറോപ്പ്യൻ പര്യടനത്തിന്റെ ലക്ഷ്യം. പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കുമുമ്പ്, യുദ്ധക്കെടുതികൾ അനുഭവിക്കുന്ന ലിബിയയിൽ സമാധാനം പുനഃസ്ഥാപിക്കാൻ വേണ്ടിയുള്ള ചർച്ചകളിലും അദ്ദേഹം പങ്കെടുത്തു.