വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച്‌ തീരശോഷണത്തെക്കുറിച്ച്‌ പഠിക്കണമെന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്നു സര്‍ക്കാര്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച്‌ തീരശോഷണത്തെക്കുറിച്ച്‌ പഠിക്കണമെന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്നു സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചു.

മത്സ്യത്തൊഴിലാളികളുമായി എപ്പോഴും ചര്‍ച്ചയ്ക്കു തയാറാണെന്നു പറഞ്ഞ മുഖ്യമന്ത്രി, വിഴിഞ്ഞം പോലുള്ള ബൃഹത് പദ്ധതികള്‍ നാടിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമാണെന്നും അടിയന്തര പ്രമേയ നോട്ടിസിനു മറുപടിയായി വ്യക്തമാക്കി.

ഇപ്പോഴത്തെ സമരം പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ മാത്രമായി പങ്കെടുക്കുന്നതല്ലെന്നും ചില സ്ഥലങ്ങളില്‍ മുന്‍കൂട്ടി തയാറാക്കിയ സമരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവളം എംഎല്‍എ എം.വിന്‍സെന്റാണ് ചര്‍ച്ചയ്ക്കു നോട്ടിസ് നല്‍കിയത്.

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെ ദേശീയ ഹരിത ട്രിബ്യൂണലിലും സുപ്രീംകോടതിയിലും ചിലര്‍ ഹര്‍ജികള്‍ നല്‍കിയെങ്കിലും തള്ളി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധസമിതിയുടെ പഠനത്തിലും പദ്ധതി തീരപ്രദേശത്തിനു ദോഷമാണെന്നു കണ്ടെത്തിയിട്ടില്ല.

കേരള തീരത്തുണ്ടായ ചുഴലിക്കാറ്റുകളും ന്യൂനമര്‍ദവുമാണ് തീരശോഷണത്തിനു പ്രധാന കാരണമെന്നു മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖ നിര്‍മാണം ആരംഭിച്ചശേഷം പദ്ധതിപ്രദേശത്തിന്റെ 5 കിലോമീറ്റര്‍ ചുറ്റളവില്‍ തീരശോഷണം ഉണ്ടായിട്ടില്ല. വലിയതുറ, ശംഖുമുഖം എന്നിവിടങ്ങളിലെ തീരശോഷണം തുറമുഖ പദ്ധതി വന്നതുകാരണമാണെന്നു പറയാന്‍ കഴിയാത്ത സ്ഥിതിയാണ്.

പശ്ചാത്തല സൗകര്യവികസനത്തിന് ബൃഹത് പദ്ധതികള്‍ നടപ്പിലാക്കുമ്ബോള്‍ ആശങ്ക ഉണ്ടാകുന്നത് സ്വാഭാവികമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, അനാവശ്യമായി ഭീതിയുടെ അന്തരീക്ഷം ഉണ്ടാക്കാന്‍ പാടില്ല.

വികസന പദ്ധതികള്‍ വേണ്ട നാട് സ്തംഭനാവസ്ഥയില്‍ നില്‍ക്കട്ടെ എന്ന സമീപനം നാടിനും ജനങ്ങള്‍ക്കും എതിരാണ്. വിഴിഞ്ഞം പദ്ധതിയെ തുരങ്കം വയ്ക്കുന്നത് ഭാവി തലമുറയ്ക്കെതിരായ നീക്കമാണ്. വിഴിഞ്ഞം തുറമുഖം വന്നാല്‍ സാമ്ബത്തിക രംഗം ദ്രുതഗതിയില്‍ വളരും.

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. മത്സ്യത്തൊഴിലാളികള്‍ക്കു പ്രശ്നമുണ്ടായ എല്ലാ ഘട്ടത്തിലും സര്‍ക്കാര്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തി.

ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിനു 20 ലക്ഷംരൂപ നല്‍കി. തീരദേശത്തുള്ളവരുടെ പട്ടയ അപേക്ഷ സിആര്‍സെഡ് പരിധിയിലാണ് വരുന്നത്. ഇതു കേന്ദ്രത്തിനു മുന്നില്‍ പ്രശ്നമായി അവതരിപ്പിച്ചിട്ടുണ്ട്. വീടുകള്‍ നഷ്ടമായി ക്യാംപുകളില്‍ താമസിക്കുന്നവരെ വാടക നല്‍കി മാറ്റി താമസിപ്പിക്കാനാണ് ആലോചിക്കുന്നത്.

മത്സ്യത്തൊഴിലാളികള്‍ക്കായി കണ്ടെത്തിയ സ്ഥലത്ത് അടിയന്തരമായി വീടുകള്‍ നിര്‍മിക്കും. സര്‍ക്കാര്‍ എല്ലാ തരത്തിലും മത്സ്യത്തൊഴിലാകള്‍ക്കൊപ്പമാണ്. അക്കാര്യത്തില്‍ ഒരു ശങ്കയും വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.