‘ഒരു രാജ്യം ഒരു വളം’; പുതിയ പദ്ധതിയുമായി കേന്ദ്രം

ഡല്‍ഹി: രാജ്യത്തുടനീളം വളം ബ്രാന്‍ഡുകളുടെ ഏകീകരണം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. എല്ലാ വളം നിര്‍മ്മാണ കമ്ബനികളുടെയും ഉല്‍പ്പന്നങ്ങള്‍ ‘ഭാരത്’ എന്ന ഒരൊറ്റ ബ്രാന്‍ഡിന് കീഴില്‍ വില്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.

ഈ നിര്‍ദ്ദേശം നടപ്പിലാകുന്നതോടെ യൂറിയ, ഡിഎപി, എംഒപി, എന്‍പികെ തുടങ്ങിയ എല്ലാത്തരം വളങ്ങളും ‘ഭാരത് യൂറിയ’, ‘ഭാരത് ഡിഎപി’, ‘ഭാരത് എംഒപി’ എന്നിങ്ങനെ പുനര്‍നാമകരണം ചെയ്യും. പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും വളം ഉല്‍പ്പന്നങ്ങള്‍ ഇതിന്‍റെ പരിധിയില്‍ കൊണ്ടുവരും.

പുതിയ തീരുമാനം വളം ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡ് മൂല്യത്തെയും വിപണി വ്യത്യാസത്തെയും നശിപ്പിക്കുമെന്ന് വളം കമ്ബനികള്‍ പറഞ്ഞു. രാസവളങ്ങള്‍ക്കും കമ്ബനികള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ വാര്‍ഷിക സബ്സിഡി നല്‍കുന്ന പ്രധാനമന്ത്രി ഭാരതീയ ജനൂര്‍വരക് പരിയോജന (പിഎംബിജെപി) പദ്ധതിയുടെ ബ്രാന്‍ഡ് നാമവും ലോഗോയും വളം ചാക്കുകളില്‍ പ്രദര്‍ശിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.