ഡോ. ജൂബി മാത്യു (പ്രൊഫ.അമൽജ്യോതി കോളേജ്)
റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച പുതിയ ഓണ്‍ലൈന്‍ സുരക്ഷാ സംവിധാനമാണ് കാര്‍ഡ് ടോക്കണൈസേഷന്‍ അഥവാ കാര്‍ഡ്-ഓണ്‍-ഫയല്‍. ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തുമ്പോള്‍ ഉപഭോക്താക്കളുടെ സാമ്പത്തികവിവരങ്ങള്‍ സംരക്ഷിക്കുക എന്ന ഉദ്ദേശ്യമാണ് ഇതിനു പിന്നില്‍. ഒക്ടോബര്‍ ഒന്നിന് ശേഷമുള്ള ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് ഓരോന്നിനും ഉപഭോക്താക്കള്‍, കാര്‍ഡ് നമ്പര്‍, സിവിവി, കാര്‍ഡ് എക്സ്പയറിഡേറ്റ് തുടങ്ങിയവ ഓരോ പ്രാവശ്യവും കൊടുക്കേണ്ടതുണ്ട്. ടോക്കണൈസേഷന്‍ ഈ ജോലിഭാരം കുറയ്ക്കുമെന്ന് മാത്രമല്ല, അധികസുരക്ഷ നല്‍കുകയും ചെയ്യും.
ഒരു ഇ-കൊമേഴ്സ് വെബ്സൈറ്റോ, മൊബൈല്‍ ആപ്ലിക്കേഷനോ ഉപയോഗിക്കുമ്പോഴൊക്കെ നമ്മുടെ ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ സൂക്ഷിച്ച് വെക്കാനുള്ള അനുവാദം ആവശ്യപ്പെടാറുണ്ട്. ഭാവിയിലെ സാമ്പത്തിക ഇടപാടുകള്‍ വേഗത്തിലാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍ ഇത് സൗകര്യത്തോടൊപ്പം സുരക്ഷയ്ക്കും ഭീഷണിയായി മാറുന്നു. കാര്‍ഡ് വിവരങ്ങള്‍ തട്ടിപ്പുകാര്‍ ചോര്‍ത്തിയെടുക്കാന്‍ സാധ്യതയേറെയാണ്. ഇത് തടയുക എന്നതാണ് ടോക്കനൈസേഷന്‍റെ ലക്ഷ്യം
കാര്‍ഡ് വിവരങ്ങള്‍ക്ക് പകരം അതിനെ ഒരു എന്‍ക്രിപ്റ്റ് ചെയ്യപ്പെട്ട കോഡാക്കി മാറ്റുന്ന രീതിക്കാണ് ടോക്കണൈസേഷന്‍ എന്നു പറയുന്നത്. ഈ കോഡ്, ടോക്കണ്‍ എന്ന് അറിയപ്പെടുന്നു. ഓരോ കോഡും, ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ടോക്കനുവേണ്ടി ഉപയോഗിച്ച ഉപകരണം എന്നിവയുടെ കോമ്പിനേഷനായിരിക്കും. ഉപഭോക്താക്കളുടെ യഥാര്‍ത്ഥ കാര്‍ഡ് വിവരങ്ങള്‍ സൂക്ഷിക്കാതെ തന്നെ വെബ്സൈറ്റുകളില്‍ ഈ ടോക്കണുകള്‍ ഉപയോഗിക്കാം. ഓരോ വെബ്സൈറ്റിലും ഒരേ കാര്‍ഡിന് വ്യത്യസ്തടോക്കണുകളായിരിക്കും. ഇതുമൂലം ഏതെങ്കിലും ഒരു വെബ്സൈറ്റില്‍ വിവരചോര്‍ച്ച ഉണ്ടായാലും അപകടസാധ്യതയില്ല. നിലവില്‍ ഓണ്‍ലൈന്‍/ ഇ- കൊമേഴ്സ് ഇടപാടുകള്‍ക്ക് മാത്രമാണ് ടോക്കണൈസേഷന്‍, റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഏത് വെബ്സൈറ്റിനു വേണ്ടിയാണോ ടോക്കണ്‍ നിര്‍മ്മിച്ചിരിക്കുന്നത്, ആ വെബ്സൈറ്റില്‍ അല്ലാതെ മറ്റൊരിടത്ത് ടോക്കണ്‍ ഉപയോഗിക്കാന്‍ കഴിയില്ല.
ഒരിക്കല്‍ ടോക്കണ്‍ ഉണ്ടാക്കി കഴിഞ്ഞാല്‍ ഭാവി ഇടപാടുകള്‍ക്ക് കാര്‍ഡ് ഉടമ, ടോക്കണ്‍ വിവരങ്ങള്‍ ഓര്‍ത്തിരിക്കേണ്ടതില്ല. ടോക്കണൈസ്ഡ് കാര്‍ഡ് തിരിച്ചറിയുന്നതിന്, ഓരോ ചെക്ക് ഔട്ട് പ്രക്രിയയുടെ സമയത്തും കാര്‍ഡ് നമ്പരിന്‍റെ അവസാനത്തെ നാല് അക്കങ്ങള്‍ കാണാന്‍ കഴിയുന്നതായിരിക്കും. കാര്‍ഡ് ഉടമകള്‍ക്ക് സ്വന്തം നഷ്ടപ്രകാരം ടോക്കണുകള്‍ നീക്കം ചെയ്യാനുള്ള സൗകര്യമുണ്ട്.
ടോക്കണൈസേഷന്‍ എങ്ങനെ ചെയ്യാം?
1. ഉപഭോക്താവ് ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങാന്‍ ഏതെങ്കിലും വെബ്സൈറ്റില്‍ കയറുക. സാധനങ്ങള്‍ തെരഞ്ഞെടുക്കുക.
2. പണം നല്‍കാനായി ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെടുമ്പോള്‍ കാര്‍ഡ് തന്ന ബാങ്ക് ഏതാണോ, അത് തെരഞ്ഞെടുക്കുക.
3. ‘”secure your card as per RBI Guidelines” or “tokkenise your card as per RBI guidelines”
എന്നീ ഓപ്ഷനുകളില്‍ നിന്ന് ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കുക.
4. ടോക്കണ്‍ നിര്‍മ്മിക്കാന്‍ അനുവാദം നല്‍കുക.
5. നിങ്ങളുടെ മൊബൈല്‍ നമ്പറിലേയ്ക്ക് വരുന്ന ഒ.ടി. പി നമ്പര്‍ നല്‍കുക.
6. ഒ.ടി.പി നല്‍കി കഴിഞ്ഞാല്‍, ടോക്കണ്‍ നിര്‍മ്മിക്കപ്പെട്ടു കഴിഞ്ഞു.
നിലവിലെ കണക്കുകള്‍ പ്രകാരം ഏകദേശം 30 കോടിയോളം കാര്‍ഡുകള്‍ ടോക്കണൈസ്ഡ് ചെയ്തിട്ടുണ്ട്. കാര്‍ഡ് ടോക്കണെസേഷന് യാതൊരുവിധ ചാര്‍ജുകളും ഈടാക്കുന്നില്ല. കാര്‍ഡ് ഉടമയ്ക്ക് അയാളുടെ ഏത് കാര്‍ഡ് ഉപയോഗിച്ചും ടോക്കണൈസേഷനിലൂടെ ഇടപാടുകള്‍ നടത്താം. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് മാറ്റി വാങ്ങുകയോ, പുതുക്കുകയോ ചെയ്താല്‍ കാര്‍ഡ് ഉടമ അതേ വെബ്സൈറ്റ് ഉപയോഗിക്കണമെങ്കില്‍ പുതിയ ടോക്കണ്‍ ഉണ്ടാക്കേണ്ടതുണ്ട്.

