റേഷന്‍ വ്യാപാരികള്‍ നാളെ മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

റേഷന്‍ വ്യാപാരികളുടെ അടിസ്ഥാനവേതനം പോലും വെട്ടിക്കുറച്ച സംസ്ഥാന സര്‍ക്കാറിന്‍റെ നടപടിക്കെതിരെ ശനിയാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് റേഷന്‍ കടകള്‍ അടച്ചിടാന്‍ റേഷന്‍ വ്യാപാരി സംഘടനകളുടെ സംയുക്ത സമര സമിതി തീരുമാനിച്ചു.കാലങ്ങളായി റേഷന്‍ വ്യാപാരികളോട് സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്ന നയങ്ങള്‍ക്കെതിരെയും കഴിഞ്ഞ കാലത്ത് നല്‍കിയ കിറ്റിന്റെ 11 മാസത്തെ കമീഷന്‍ നല്‍കാന്‍ ഹൈകോടതി പറഞ്ഞിട്ടും നല്‍കാത്തതിലും പ്രതിഷേധിച്ചാണ് സമരം.

കൂടാതെ, ഇ-പോസ് മെഷീനില്‍ അടിക്കടി ഉണ്ടാകുന്ന സര്‍വര്‍ തകരാറുമൂലം ഉണ്ടാകുന്ന വിതരണതടസ്സത്തിലും ഭക്ഷ്യധാന്യം യഥാസമയം ലഭിക്കാതെ വരുന്നതിലും അളവ് തൂക്കങ്ങളില്‍ കൃത്യതയില്ലാതെ എന്‍.എഫ്.എസ്.എ ഗോഡൗണുകളില്‍ നിന്ന് ഭക്ഷ്യധാന്യങ്ങള്‍ കടകളിലെത്തിക്കുന്ന നടപടിക്കെതിരെയും സംസ്ഥാനത്താകമാനം റേഷന്‍ വ്യാപാരികള്‍ നേരിടുന്ന വിവേചനത്തിനെതിരെയും പ്രതിഷേധമുയരുന്നുണ്ട്.