തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കരുത്
ലിന്‍റു അല്‍ഫോന്‍സ്
മാതാപിതാക്കളായാലും മക്കളായാലും
ഉപരിപഠനത്തിനും തൊഴില്‍ സാധ്യതകള്‍ അന്വേഷിച്ചും വിദേശത്തേക്ക് ചേക്കേറുന്ന ചെറുപ്പക്കാരുടെ എണ്ണം ഓരോ വര്‍ഷവും കൂടി വരുന്നു. Covid 19 നാശം വിതച്ചിട്ടും സ്വപ്നങ്ങള്‍ കടലിനക്കരെ വിതച്ച് പിന്നാലെ പറക്കുന്ന യുവജനങ്ങള്‍ നിരവധിയാണ്.
ഏഷ്യയില്‍ നിന്നുമാണ് ഏറ്റവും അധികം വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസത്തിനായി കുടിയേറുന്നത്. ഇതില്‍ ഇന്ത്യയില്‍ നിന്നും ഏകദേശം 4,61,792 വിദ്യാര്‍ഥികളാണ് UNESCO യുടെ കണക്ക് പ്രകാരം വിദേശത്ത് വിദ്യാഭ്യാസം നേടുന്നത്. ആഗോളതലത്തില്‍ മികച്ച ഉന്നതവിദ്യാഭ്യാസസംവിധാനങ്ങള്‍ ഉള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഒപ്പം വിദ്യാര്‍ത്ഥികളെ വിദേശത്തേക്ക് പഠനാവശ്യത്തിനായി അയയ്ക്കുന്ന രണ്ടാമത്തെ രാജ്യവും ഭാരതം തന്നെയാണ്.
ഈ സാഹചര്യത്തിലാണു ദേശീയ വിദ്യാഭ്യാസനയം വിദേശ സര്‍വകലാശാലകളെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നത്. ഇന്ത്യയുടെ യുവാക്കള്‍ പുറംരാജ്യങ്ങളില്‍ പഠിച്ച് അവിടെത്തന്നെ താമസമാക്കുന്നത് രാജ്യത്തെ മാത്രമല്ല നമ്മുടേത് എന്ന വികാരത്തെ തന്നെ ബാധിക്കും. കൂടാതെ ഇന്ത്യയുടെ സോഫ്റ്റ് പവര്‍ മറ്റൊരു രാജ്യത്തിന് സ്വന്തമാകുകയും ചെയ്യും. ഇന്ത്യന്‍ജനത അവരുടെ കഴിവും സാമര്‍ത്ഥ്യവും എല്ലാം മറ്റൊരു രാജ്യത്തിന്‍റെ വളര്‍ച്ചയില്‍ പ്രയോഗിക്കുമ്പോള്‍ പ്രവാസി പട്ടവും, ഇന്ത്യന്‍ വംശജന്‍ എന്ന തലക്കെട്ടും മാത്രമാണ് മാതൃരാജ്യത്തിന് അവകാശമായി ലഭിക്കുക. കുടുംബത്തിന് കൈവരുന്ന സാമ്പത്തിക പുരോഗതിയും രാജ്യത്തിനു കൈവരുന്ന വിദേശനാണ്യ ശേഖരത്തില്‍ ഉണ്ടാകുന്ന വര്‍ധനയും മാത്രമാണ് ഇവിടെ ആശ്വാസമായി ഉള്ളത്.
മക്കളുടെ വിദ്യാഭ്യാസത്തിന് അധ്വാനത്തിന്‍റെ സിംഹഭാഗവും ചിലവിടുന്നവരുടെ നാടാണിത്. എന്തുകൊണ്ട് മക്കള്‍ക്ക് വിദേശരാജ്യങ്ങളില്‍ വിദ്യാഭ്യാസം നല്‍കുന്നു എന്ന് ചോദിച്ചാല്‍ ലോകോത്തര നിലവാരത്തിലുള്ള സ്ഥാപനങ്ങളില്‍ പഠിക്കുന്നതിന്‍റെ എക്സ്പീരിയന്‍സ്, ഭാഷ നന്നാക്കാന്‍, പഠിക്കാന്‍ എന്നൊക്കെ നയപരമായി ഉത്തരം നല്‍കുന്ന മാതാപിതാക്കള്‍ ആണ് അധികവും. എന്നാല്‍ പൊതുവെയുള്ള ഒരു ധാരണയാണ് വിദേശ സര്‍വ്വകലാശാലകള്‍ക്ക് ഗുണമേന്മ കൂടുതലാണെന്നും നാട്ടിലെ അദ്ധ്യാപകരെക്കാളും വിദേശികള്‍ പ്രഗത്ഭരാണെന്നുമുള്ളത്. നമ്മുടെ സര്‍വകലാശാലകളില്‍ നിന്നും പഠിച്ചിറങ്ങിയ, പഠിച്ചുകൊണ്ടിരിക്കുന്ന വിദേശികള്‍ പറയും നമ്മുടെ സ്ഥാപനങ്ങളുടെ മികവ്.
സ്വന്തമായി ഉള്ളതെല്ലാം വിറ്റ് കിട്ടിയ പണം കൊണ്ട് ഇപ്രകാരം കുടിയേറ്റത്തിന് തുനിഞ്ഞാല്‍ പരാജയം നിശ്ചയമാണ്. എന്നാല്‍ മതിയായ പണം നിലനില്‍പ്പിനെ ബാധിക്കാത്ത വിധത്തില്‍ കണ്ടെത്തി ഇപ്രകാരം വിദേശത്തേക്ക് പോയാല്‍ ദുഃഖിക്കേണ്ടി വരില്ല.
സ്വന്തം പറമ്പ് ബാങ്കില്‍ പണയപ്പെടുത്തി കാനഡയില്‍ പഠിക്കുവാനെത്തിയ മാര്‍ട്ടിന്‍ (പേര് യഥാര്‍ത്ഥമല്ല) ഒരു കുടുസുമുറിയില്‍ കൂട്ടുകാര്‍ക്ക് ഒപ്പം ഈ കൊറോണ കാലത്ത് ജോലി ലഭിക്കാതെ തണുപ്പില്‍ വിറങ്ങലിച്ച് ജീവിതം തള്ളി നീക്കുന്നു.
ചെകുത്താനും കടലിനും ഇടയിലായ സ്ഥിതിയിലാണ് താനെന്ന് മാര്‍ട്ടിന്‍ പറയുന്നു. കാരണം തിരികെ പോന്നാല്‍ കടം കയറി പെരുവഴിയില്‍ ഇറങ്ങേണ്ടി വരും. അവിടെ നിന്നാലോ ജോലി ഇല്ലാതെ രക്തം ഉറഞ്ഞ് പോകുന്ന തണുപ്പില്‍ കൂട്ടുകാരുടെ കരുണയില്‍ ജീവിക്കേണ്ടി വരുന്ന അവസ്ഥ. ക്ലാസ്സുകള്‍ നടക്കുന്നുണ്ട് എങ്കിലും ആരോഗ്യവും സമയവും ഒന്നിനും സമ്മതിക്കാത്ത സ്ഥിതി. ഇങ്ങനെ മാര്‍ട്ടിനെ പോലെ നിരവധി പേര്‍. ഇതില്‍ ഏജന്‍സികളുടെ തട്ടിപ്പിന് ഇരയായ കുറെ പേര്‍. അംഗീകാരമില്ലാത്ത സ്ഥാപനങ്ങളില്‍ പഠിക്കേണ്ടി വരുന്നത് മാത്രമല്ല നിലവാരമില്ലാത്ത സര്‍വ്വകലാശാലകളില്‍ പഠിക്കേണ്ടി വരുന്നതും തുടര്‍ന്ന് പഠനശേഷം ജോലി ലഭിക്കാതെ കടഭാരവുമായി നാട്ടിലേക്ക് മടങ്ങേണ്ടി വരുന്നവരുമുണ്ട്.തീരുമാനങ്ങള്‍ എപ്പോഴും ശരിയായിരിക്കണം. അതിന് വിദേശത്തേക്ക് പറക്കുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.
വിദേശവിദ്യാഭ്യാസം ഒറ്റ നോട്ടത്തില്‍
അമേരിക്കയും ബ്രിട്ടനും വ്യത്യസ്തമായ കോഴ്സുകള്‍ക്ക് അവസരം നല്‍കുമ്പോള്‍ അമേരിക്ക ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നില്ല. അതായത് ഏത് തൊഴില്‍ ദാതാവില്‍ നിന്നും ജോലി സ്വീകരിക്കാന്‍ വിദേശിയെ അനുവദിക്കുന്നതാണ് ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റ്. ഇത് അമേരിക്കയില്‍ സാധ്യമല്ല.
എന്നാല്‍ കാനഡയിലും ജര്‍മനിയിലും അയര്‍ലന്‍റിലുമൊക്കെ സ്ഥിതി വിദേശിക്ക് അനുകൂലമാണ്. കുടിയേറ്റക്കാര്‍ക്ക് അനുകൂലമായ നയമാണ് കാനഡ സ്വീകരിക്കുന്നത്. അതിനാല്‍ തന്നെ ഇന്ത്യക്കാരുടെ ഇഷ്ട രാജ്യമാണ് കാനഡ.
ഓസ്ട്രേലിയ പാര്‍ട്ട് ടൈം ജോലികള്‍ക്ക് പറ്റിയ സ്ഥലമാണ്. ജോലി ചെയ്തു കൊണ്ട് പഠിക്കാനും സമ്പാദിക്കാനും വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കുന്ന രാജ്യം. PR അഥവാ പെര്‍മനന്‍റ് റെസിഡന്‍സ് നേടാന്‍ എളുപ്പം ടാസ്മാനിയ സൗത്ത് ഓസ്ട്രേലിയ തുടങ്ങിയിടങ്ങളാണ്.
ന്യൂസിലാന്‍റ് എന്‍ജിനീയര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും വേഗത്തില്‍ PR നേടാന്‍ അവസരമൊരുക്കുന്ന രാജ്യമാണ്.
ജര്‍മനിയിലും നെതര്‍ലാണ്ടിലും ഡെന്മാര്‍ക്ക് സ്വീഡന്‍ ഫിന്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലും വിദ്യാഭ്യാസത്തിന് വലിയ തുക ചിലവാക്കേണ്ടതില്ല, പക്ഷേ ഈ രാജ്യങ്ങള്‍ എപ്പോഴും അവരുടെ പ്രാദേശിക ഭാഷ കൈകാര്യം ചെയ്യാന്‍ കഴിവുള്ള വിദ്യാര്‍ഥികള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. ഇവിടെ എഞ്ചിനീയര്‍മാര്‍ക്ക് വലിയ സാധ്യതകളുണ്ട്.
Mechatronics, Renewable energy, automobile, chemical engineering എന്നിവ വിദേശ രാജ്യങ്ങള്‍ നല്‍കുന്ന ഭേദപ്പെട്ട കോഴ്സുകള്‍ ആണ്. തിരുവനന്തപുരത്ത് നിന്നും കാനഡയിൽ renewable energy കോഴ്സ് പഠിച്ച ജോണ്‍ (പേര് യഥാര്‍ത്ഥമല്ല) ഇന്ന് മികച്ച ഒരു സ്ഥാപനത്തില്‍ മാനേജര്‍ ആയി ജോലിയില്‍ പ്രവേശിച്ചു. ഇപ്രകാരം ഭാവി ഭദ്രമാക്കുന്നവരും നിരവധിയാണ്.
അനുദിന ചിലവുകള്‍ സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളായ സ്വീഡനിലും നോര്‍വെയിലും കൂടുതല്‍ ആണെങ്കിലും ജനക്ഷേമം മുന്‍നിര്‍ത്തിയുള്ള നയങ്ങളാണ് ഈ രാജ്യങ്ങളിലേക്ക് വിദ്യാര്‍ത്ഥികള്‍ ആകൃഷ്ടരാകുന്നത്.വിദേശവിദ്യാഭ്യാസത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വിദേശ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ റാങ്ക് എങ്ങനെയാണെന്ന് വിലയിരുത്തി വേണം സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കുവാന്‍. റാങ്കിങ് കൂടിയാല്‍ ജോലി സാധ്യത കൂടും എന്ന് ഓര്‍ക്കുക. നിലവാരമില്ലാത്ത സ്ഥാപനങ്ങള്‍ കണ്‍സള്‍ട്ടന്‍സികള്‍ വിരിക്കുന്ന വലകളിലൂടെ വിദ്യാര്‍ത്ഥികളെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു. ഇവിടെ വിദേശത്തേക്ക് പോകുംമുന്‍പ് നല്ല സ്ഥാപനങ്ങള്‍ കണ്ടെത്തി കൃത്യമായ വിശകലനം നടത്തേണ്ടത് അത്യാവശ്യമാണ്.
ഇനി ശ്രദ്ധിക്കേണ്ടത് കണ്‍സള്‍ട്ടന്‍സികളുടെ വിശ്വാസ്യതയാണ്. പലപ്പോഴും വിദ്യാര്‍ത്ഥികള്‍ പോകാന്‍ ആഗ്രഹിക്കുന്ന രാജ്യത്തിന്‍റെ ഭൂമിശാസ്ത്രപരമായ സവിശേഷതകളും കാലാവസ്ഥയും താമസസൗകര്യം സംബന്ധിച്ച വിവരങ്ങളും കണ്‍സള്‍ട്ടന്‍സികള്‍ വിദ്യാര്‍ത്ഥികളോടോ മാതാപിതാക്കളോടോ പറയാതെ പോകുന്നു. ഇങ്ങനെ മറുനാട്ടില്‍ ഒറ്റപ്പെട്ട്, ജീവിതം മടുത്ത് തിരിച്ച് പോരേണ്ട സ്ഥിതി കുടിയേറ്റക്കാര്‍ക്ക് ഉണ്ടാകുന്നു.
കൂടുതല്‍ ഫീസ് ഈടാക്കുക, അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിലേക്ക് അയയ്ക്കുക അങ്ങനെ നീളുന്ന തട്ടിപ്പുകള്‍ വലക്കുന്ന നിരവധി ആളുകള്‍ നമ്മുടെ നാട്ടിലുണ്ട്.
ഇപ്രകാരം ലഭിച്ച നിരവധി പരാതികള്‍ association of accredited advisors on overseas education(AAAOE) പരിഹരിച്ച് വരുന്നു.naaaoei@yahoo.com അഡ്രസില്‍ വരുന്ന പരാതികള്‍ ഒട്ടേറെയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പാസ്പോര്‍ട്ട് നല്‍കാതെ കുഴപ്പത്തിലാക്കുന്ന കണ്‍സള്‍ട്ടന്‍സികളും ഉണ്ടെന്ന് ഓര്‍ക്കുക.
ഈ വര്‍ഷം ഏപ്രിലില്‍ തെലുങ്കാനയിലും ആന്ധ്രാപ്രദേശിലും നിന്ന് അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അവര്‍ക്ക് തെറ്റായ സര്‍ട്ടിഫിക്കറ്റുകള്‍ തരപ്പെടുത്തി അമേരിക്കന്‍ എംബസി യെ പറ്റിക്കാന്‍ ശ്രമിച്ച കണ്‍സള്‍ട്ടന്‍സി നടത്തിപ്പുകാരും ഉണ്ടായിരുന്നു. ബാങ്ക് ബാലന്‍സില്‍ പോലും കളവ് കാണിച്ച ഇവരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. അതിനാല്‍ സത്യസന്ധമായ മാര്‍ഗങ്ങള്‍ മാത്രം നല്ലതിനായുള്ള യാത്രയില്‍ തിരഞ്ഞെടുക്കുക.
കൂടാതെ വിദേശത്തുനിന്നും നേടുന്ന കോഴ്സുകള്‍ക്ക് ഇന്ത്യയിലുള്ള സാധ്യത പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ഉദാഹരണത്തിന് എംബിബിഎസ് പോലുള്ള കോഴ്സുകള്‍. ഇന്ത്യയില്‍ ഇത്തരം കോഴ്സുകള്‍ വിദേശത്തുനിന്ന് പൂര്‍ത്തിയാക്കിയവര്‍ക്ക് ജോലി നേടണമെങ്കില്‍ വീണ്ടും കടമ്പകള്‍ കടക്കേണ്ടതുണ്ട്.
അക്ക്രെഡിറ്റെഡ് കണ്‍സള്‍ട്ടന്‍സികളെ മാത്രം വിദേശവിദ്യാഭ്യാസ കുടിയേറ്റങ്ങള്‍ക്ക് സമീപിക്കുക.
നമ്മുടെ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നമ്മുടെ നാട്ടില്‍ ലഭ്യമാണ്. വിദേശത്ത് അയലത്തെ കുട്ടി പോയി, എങ്കില്‍ എന്‍റെ കുട്ടിയും പോകട്ടെ എന്നല്ല. വിദേശത്ത് മെച്ചപ്പെട്ട ജീവിതം ലഭിക്കും എന്ന ആഗ്രഹം ആണെങ്കില്‍, തട്ടിയും പൊട്ടിയും പൊടിഞ്ഞും മാത്രമാണ് മനോഹരങ്ങളായ കല്ലുകള്‍ അലങ്കാരവസ്തുക്കളായി തിളങ്ങുന്നത് എന്ന് ഓര്‍ക്കുക.
സ്വപ്നങ്ങള്‍ക്ക് ശ്രദ്ധയോടെ, കരുതലോടെ ചിറക് തുന്നാം. പക്ഷേ തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കരുത്. മാതാപിതാക്കള്‍ ആയാലും മക്കള്‍ ആയാലും.

