സർവകലാശാലകൾ ഇന്ത്യയുടെ ആത്മാവിനെ കാർഷിക ഗ്രാമങ്ങളിൽ തിരയാൻ ഉതകുന്ന വിധമുള്ള പദ്ധതികൾക്ക് രൂപം നൽകണമെന്ന് ഇൻഫാം ദേശീയ ചെയർമാൻ ഫാ . തോമസ് മറ്റമുണ്ടയിൽ. ഗ്രാമങ്ങളിൽ കുടികൊള്ളുന്ന ഇന്ത്യയുടെ ജീവനെ തൊട്ടറിയണമെങ്കിൽ സർവകലാശാലകളും ഗവൺമെന്റ് ഡിപ്പാർട്ടുമെന്റുകളും തങ്ങളുടെ ഗവേഷണ മേഖലയെ ഗ്രാമഗ്രാമാന്തരങ്ങൾ തോറുമുള്ള കർഷകരുടെ കൃഷിയിടങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
അതിന് പി.ആർ.എ. കൾ (പാർട്ടിസിപ്പേറ്ററി റൂറൽ അസലുകൾ അഥവാ പങ്കാളിത്ത അധിഷ്ഠിത ഗ്രാമീണ വിലയിരുത്തലുകളും, പി.റ്റി.ഡികൾ (പാർട്ടിസിപ്പേറ്ററി ടെക്നോളജി ഡവലപ്മെന്റ് അഥവാ പങ്കാളിത്ത അധിഷ്ഠിത സാങ്കേതിക വികസന പ്രക്രിയകളും) വഴി കർഷക ഗ്രാമങ്ങളിലെ ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിയാൻ സർവകലാശാലകൾക്കും സർക്കാരിനുമാവണം.
മഹാത്മാഗാന്ധി സർവകലാശാല അവരുടെ ഗവേഷണത്തിന്റെ അതിർവരമ്പുകൾ കലാലയ കാമ്പസുകളിൽ നിന്ന് കേരളത്തിന്റെ കാർഷികമേഖലയുടെ ചക്രവാളങ്ങളിലേക്ക് വ്യാപിപ്പിക്കാൻ മുന്നിട്ടിറങ്ങിയതിനെ അഭിനന്ദിക്കുകയാണെന്നും ഫാ : തോമസ് മറ്റമുണ്ടയിൽ പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനങ്ങളും വ്യതിരക്തമായ കൃഷിരീതികളും മണ്ണിന്റെ അടിസ്ഥാന സ്വഭാവത്തിൽ വരുത്തിയ മാറ്റങ്ങൾ മനസ്സിലാക്കി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിൽ കർഷകരെ സഹായിക്കുവാൻ സർവകലാശാലകൾക്ക് നിർണായകമായ പങ്കു വഹിക്കാൻ കഴിയുമെന്ന് ഇൻഫാം ചെയർമാൻ പറഞ്ഞു.
കാലാവസ്ഥ വ്യതിയാനം കാരണം മണ്ണിലെ മിത്ര സൂക്ഷ്മജീവികളുടെ അനിയന്ത്രിതമായ നാശം മൂലം വിളകളുടെ ഉൽപ്പാദനക്ഷമതയിൽ വന്നുഭവിച്ച ഗണ്യമായ വ്യത്യാസം വിലയിരുത്താനും അത് കർഷകർക്കു വിശദീകരിച്ചു നൽകാനും സർവകലാശാലകളും അതിലെ വിദഗ്ധരും കർഷകർക്കൊപ്പമുണ്ടാകണം.
കർഷകർ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങളുടെ മൂല്യവർധിത സംസ്കരണത്തിലൂടെ കൃഷി എന്ന തൊഴിൽ നിലനിർത്തിക്കൊണ്ടുപോകാൻ കർഷകരെ സഹായിക്കുന്ന ഗവേഷണങ്ങളും പഠനങ്ങളും കൂടുതലായി നടത്തണം. ദേശീയ,അന്തർദേശീയ വിപണനത്തിലൂടെ ഉയർന്ന മൂല്യം കാർഷിക ഉൽപ്പന്നങ്ങൾക്ക് ലഭ്യമാക്കുവാൻ സർക്കാരിന്റെ വാണിജ്യവിഭാഗം തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
അതിർത്തിയിൽ കാവൽ നിൽക്കുന്ന ജവാനും, രാജ്യത്ത് ക്രമസമാധാനം പാലിക്കുന്ന പോലീസും, കാടിന്റെ സംരക്ഷകരായ ഫോറസ്റ്റുകാരും, വാഹനമോടിക്കുന്ന ഡ്രൈവറും, വിമാനം പറത്തുന്ന വൈമാനികനും, കപ്പലോടിക്കുന്ന കപ്പിത്താനും, ആതുര ശുശ്രൂഷ ചെയ്യുന്ന ഡോക്ടർമാരും നഴ്സുമാരും, അക്ഷരജ്ഞാനം പകർന്നു നൽകുന്ന അധ്യാപകരും, കണ്ടുപിടിത്തങ്ങൾ നടത്തുന്ന ശാസ്ത്രജ്ഞരും, ഗവേഷകരും, നിയമങ്ങളുണ്ടാക്കുന്ന ജനപ്രതിനിധികളും അതു നടപ്പിൽ വരുത്തുന്ന ഉദ്യോഗസ്ഥരും അതിന്റെ നെല്ലും പതിരും തിരിക്കുന്ന ന്യായാധിപന്മാരും ഊർജസ്വലതയോടെ ജോലി ചെയ്യണമെങ്കിൽ നിത്യേന അവർക്കുള്ള ആഹാരം ഉണ്ടാകണം.
അവർക്ക് സുഭിക്ഷതയോടെ ഭക്ഷണം വിളമ്പണമെങ്കിൽ നിറഞ്ഞ പത്തായങ്ങൾ കൊണ്ട് നമ്മുടെ കാർഷിക ഗ്രാമങ്ങൾ സമ്പന്നമാകണമെന്നും ഫാ. തോമസ് മാറ്റമുണ്ടയിൽ പറഞ്ഞു. ഇൻഫാം സംസ്ഥാന പ്രസിഡന്റ് ജോസ് എടപ്പാട്ട് യോഗത്തിൽ അധ്യക്ഷത വഹിച്ചു.
കോട്ടയം എംജി യൂണിവേഴ്സിറ്റി ഇന്നൊവേഷൻ ആന്റ് ഇൻകുബേഷൻ (ബിസിനസ്) ഡയറക്ടർ ഡോ. ഇ.കെ രാധാകൃഷ്ണൻ, പ്രൊഫ.ഡോ.കെ.ജെ കുര്യൻ, ഗ്ലോബൽ മില്ലറ്റ്സ് ഫൗണ്ടേഷൻ പ്രചാരകൻ എ.എം.മുഹമ്മദ്, ആതിര.എസ് കുമാർ, കരുണ കെ.സലിം, നീനു പോൾ, അനിൽ ജോസ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് എടുത്തു.
ഇൻഫാം ദേശീയ ചെയർമാൻ ഫാ.തോമസ് മറ്റമുണ്ടയിൽ, ദേശീയ സെക്രട്ടറി സണ്ണി അരഞ്ഞാണിയിൽ എന്നിവർക്ക് യോഗത്തിൽ സ്വീകരണം നൽകി.
ഇൻഫാം സംസ്ഥാന ഡയറക്ടർ ഫാ. ജോസ് മോനിപ്പിള്ളിൽ, കാർഷിക ജില്ല ഡയറക്ടർ ഫാ. ജേക്കബ് റാത്തപ്പിള്ളിൽ, പ്രസിഡന്റ് റോയി വള്ളമറ്റം, കോതമംഗലം മേഖല പ്രസിഡന്റ് സണ്ണി കുറുന്താനം, കത്തീഡ്രൽ പള്ളി വികാരി ഫാ. തോമസ് ചെറുപറമ്പിൽ ജോബിഷ് തരണി, ജോംസി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.