ഫ്രാൻസിസ് പാപ്പയുമായി ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ കാദിമി വത്തിക്കാനിൽ നടത്തിയ കൂടിക്കാഴ്ചയിൽ ചർച്ചയായത് രാജ്യത്തിന്റെ പുനർനിർമാണം മുതൽ ഇറാഖീ ക്രൈസ്തവരുടെ സംരക്ഷണംവരെയുള്ള വിഷയങ്ങൾ. നിയമ നടപടികളിലൂടെ രാജ്യത്തെ ക്രൈസ്തവരുടെ ചരിത്രപരമായ സാന്നിധ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തോടൊപ്പം മറ്റ് പൗരന്മാർക്കുള്ള അവകാശങ്ങൾ ക്രൈസ്തവർക്ക് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും ചർച്ചയായെന്ന് വത്തിക്കാൻ പുറപ്പെടുവിച്ച പ്രസ്താവന വ്യക്തമാക്കുന്നു.
ഇക്കഴിഞ്ഞ ദിവസമാണ് കുടുംബത്തോടൊപ്പം വത്തിക്കാനിലെത്തി അൽകാദിമി പാപ്പയെ സന്ദർശിച്ചത്. കഴിഞ്ഞ മാർച്ചിൽ പാപ്പയുടെ ഇറാഖിൽ നടത്തിയ ഐതിഹാസികമായ സന്ദർശനത്തെ കുറിച്ചു ആ ദിനങ്ങളിൽ ഇറാഖീ ജനത അനുഭവിച്ച ഐക്യവും ഇരുവരും അനുസ്മരിച്ചു. കൂട്ടായ്മയുടെ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ പ്രാധാന്യം എടുത്തുകാട്ടിയതിനൊപ്പം സ്ഥിരത വളർത്താൻ ദേശീയതല സംവാദങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെ അനിവാര്യതയും ചർച്ചയായി.
സാഹോദര്യത്തിലൂന്നിയ ഐക്യദാർഢ്യത്തോടെ സമൂഹത്തെ പുനർനിർമിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കണമെന്നും ഇറാഖ് ഭരണകൂടത്തോട് പാപ്പ അഭ്യർത്ഥിച്ചു. ഇറാഖിൽ ക്രൈസ്തവരുടെ ചരിത്രപരമായ സാന്നിധ്യത്തെക്കുറിച്ച് പങ്കുവെച്ചതിനൊപ്പം പൊതുനന്മയ്ക്കായി ഇറാഖി ക്രൈസ്തവർക്ക് ചെയ്യാനാകുന്ന സംഭാവനകളെക്കുറിച്ചും ഇരുവരും സംസാരിച്ചു. മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികളും ചർച്ചയിൽ ഇടംപിടിച്ചു.
ഐസിസ് ആക്രമണത്തിൽ തകർന്ന ദൈവാലയത്തിലെ കുരിശിന്റെ ഭാഗങ്ങൾകൊണ്ട് നിർമിച്ച ചെറിയ കുരിശുരൂപവും ഐസിസ് ആക്രമണത്തിന്റെ ഇരയായ കലാകാരൻ തയാറാക്കിയ അന്ത്യത്താഴത്തിന്റെ ചിത്രവുമാണ് അൽ കാദിമി പാപ്പയ്ക്ക് സമ്മാനിച്ചത്. സമാധാനത്തിന്റെ സന്ദേശം ആലേഖനം ചെയ്ത് ശിൽപ്പത്തിനൊപ്പം ‘ലൗദാത്തോ സീ’, ‘ഫ്രത്തേലി തുത്തി’ എന്നീ ചാക്രീക ലേഖനങ്ങളും ഈ വർഷത്തെ സമാധാന ദിന സന്ദേശവുമായിരുന്നു പാപ്പയുടെ സമ്മാനം.

