ഹാഷ് വാല്യു

ഡോ.ജൂബി മാത്യു (കമ്പ്യൂട്ടർ സയൻസ്. & എൻജിനീയറിങ്,അമൽജ്യോതി കോളജ്)
ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിക്കാമോ? അതില്‍ മാറ്റം വരുത്താമോ? അതുപയോഗിച്ച് എങ്ങനെ കേസ് തെളിയിക്കും.
ഡിജിറ്റല്‍ തെളിവുകളുടെ വിശ്വാസ്യത പല കേസുകളിലും വലിയ പ്രതിസന്ധി ഉണ്ടാക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ഡിജിറ്റല്‍ തെളിവുകളുടെ ആധികാരികത തെളിയിക്കാന്‍ നിയമവ്യവസ്ഥ അംഗീകരിച്ച് ഉപയോഗിച്ച് വരുന്ന വിവിധ മാര്‍ഗ്ഗങ്ങളില്‍ ഒരെണ്ണമാണ് ഹാഷ് വാല്യു (Hash Value). ഹാഷ് വാല്യുവിനെ ഡിജിറ്റല്‍ തെളിവുകളുടെ ഡിഎന്‍എ (DNA) എന്ന് വിളിക്കാറുണ്ട്.
ഇലക്ട്രോണിക്ക് ഉപകരണങ്ങളില്‍ ശേഖരിക്കപ്പെടുന്ന ഡിജിറ്റല്‍ തെളിവുകള്‍ ഏത് സമയത്തും പ്രത്യക്ഷമായല്ലാതെ തന്നെ നശിപ്പിക്കാനോ കേടു വരുത്താനോ തിരുത്താനോ കൂട്ടിച്ചേര്‍ക്കാനോ കഴിയും. അതുകൊണ്ടുതന്നെ അങ്ങനെ സംഭവിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി സൈബര്‍ ഫോറന്‍സിക്ക് സയന്‍സ് മുന്നോട്ടുവയ്ക്കുന്ന സാങ്കേതികവിദ്യയാണ് ഹാഷിംഗ് (Hashing). ഒരു ഫയല്‍ ആരെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ, ഫയലില്‍ അനാവശ്യഇടപെടല്‍ നടത്തിയിട്ടുണ്ടോ എന്നൊക്കെ മനസ്സിലാക്കുന്നതിനുള്ള ഉപാധിയായാണ് ഹാഷ് വാല്യു ഉപയോഗിച്ചുവരുന്നത്. ഒരു ഡിജിറ്റല്‍ ഫയലിന് ഒരു ഹാഷ് വാല്യുവാണ് ഉണ്ടാവുക. രണ്ട് ഫയലുകള്‍ക്ക് ഒരേ ഹാഷ്വാല്യു ഉണ്ടാകില്ല. ഒരു ഫയലില്‍ എഡിറ്റിംഗ് വരുത്തിയിട്ടുണ്ടെങ്കില്‍ അതിന്‍റെ ഹാഷ് വാല്യു മാറും.
ഹാഷ് വാല്യു എന്നാല്‍, ഒരു ആല്‍ഗോരിഥം നിര്‍മ്മിക്കുന്ന നിരവധി അക്കങ്ങളുടെ കൂട്ടം എന്ന് വളരെ എളുപ്പത്തില്‍ പറയാം. കംപ്യൂട്ടറില്‍ സ്ഥാപിച്ചിരിക്കുന്ന ഫോറന്‍സിക്ക് സോഫ്റ്റ്വയര്‍, മെമ്മറി കാര്‍ഡിലെയും ഹാര്‍ഡ് ഡിസ്കിലെയും വിവരങ്ങള്‍ മനസ്സിലാക്കുകയും ഏറ്റവും അനുയോജ്യമായ ഒരു കോഡ് നല്‍കുകയും ചെയ്യും. ഈ കോഡ് ഇംഗ്ലീഷ് അക്ഷരമാലകളുടെയും പൂജ്യം മുതല്‍ ഒമ്പത് വരെയുള്ള നമ്പരുകളുടെയും ഒരു സമ്മിശ്രമാണ്. ഈ കോഡിനെയാണ് ഹാഷ് വാല്യൂ എന്നു പറയുന്നത്. എസ്.എച്ച്.എ 1 (SHA 1), എസ്സ് എച്ച് എ 2 (SHA 2), എം.ഡി. 5 (MD 5) എന്നിങ്ങനെയുള്ള വിവിധതരം അല്‍ഗോരിഥങ്ങള്‍ ഉപയോഗിച്ച് ഹാഷ് വാല്യു സൃഷ്ടിക്കാന്‍ കഴിയും.
സാധാരണ തെളിവുകള്‍ ശേഖരിക്കുന്ന രീതിയില്‍ അല്ല അന്വേഷണ ഉദ്യോഗസ്ഥര്‍, ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുന്നതും അവ സൂക്ഷിക്കുന്നതും. ഡിജിറ്റല്‍ തെളിവുകളില്‍ എപ്പോള്‍ വേണമെങ്കിലും കൃത്രിമത്വം കാണിക്കുന്നതിനുള്ള സാധ്യത ഉണ്ട്. ഉദാഹരണത്തിന്, മോഷണസ്ഥലത്തുനിന്ന് കിട്ടിയ സിസിടിവി ക്യാമറയില്‍നിന്നുള്ള വീഡിയോ, വിശ്വാസയോഗ്യമായി കോടതിയില്‍ സമര്‍പ്പിക്കണമെന്ന് കരുതുക. അവയില്‍ ഒരു തരത്തിലും മാറ്റം വരുത്താനോ പിന്നീട് മാറ്റം വരുത്താനായി അവസരം കൊടുക്കാനോ പാടില്ല. അതിനായി സിസിടിവി ക്യാമറയിലെ ദൃശ്യം ശേഖരിച്ചുവച്ചിരിക്കുന്ന ഒരു കംപ്യൂട്ടറിലേക്ക് എഴുത്ത് തടസ്സപ്പെടുത്തുന്ന ഉപകരണം (Write blocker) മുഖേന ഘടിപ്പിക്കുന്നു.

അതിനുശേഷം, കംപ്യൂട്ടറില്‍ സ്ഥാപിച്ചിരിക്കുന്ന ഫോറന്‍സിക്ക് സോഫ്റ്റ്വയര്‍, വീഡിയോയ്ക്ക് ഏറ്റവും അനുയോജ്യമായ രീതിയിലുള്ള ഒരു കോഡ് ഉണ്ടാക്കുകയും ചെയ്യുന്നു (ഹാഷ് വാല്യു).
സാധാരണ, പെന്‍ഡ്രൈവ് പോലുള്ള ഏത് ഡേറ്റ സംഭരണ ഉപകരണവും കംപ്യൂട്ടറില്‍ ബന്ധിപ്പിച്ചാല്‍,  ആ ഉപകരണവും കംപ്യൂട്ടറും തമ്മില്‍ ആശയവിനിമയം നടക്കുകയും അതുവഴി പ്രസ്തുത ഉപകരണത്തില്‍ പുതിയ ഡേറ്റ എഴുതപ്പെടുകയും ചെയ്യാനുള്ള സാധ്യതയുണ്ട്. ഉദാഹരണത്തിന്, നമ്മുടെ സിസിടിവിയിലെ ഒരു ഫയല്‍, റൈറ്റ് ബ്ലോക്കര്‍ ഇല്ലാതെ തുറന്ന് നോക്കുകയാണെങ്കില്‍ അതിലെ, അവസാനം ഫയല്‍ തുറന്ന് കണ്ട സമയം പുതിയ സമയമായി മാറ്റപ്പെടുന്നു. അങ്ങനെ വരികയാണെങ്കില്‍ ഫോറന്‍സിക്ക് അനാലിസിസില്‍ പ്രസ്തുത ഫയല്‍ ഓപ്പണ്‍ ചെയ്തതായി മനസ്സിലാക്കാന്‍ കഴിയും. വീണ്ടും ഫോറന്‍സിക്ക് സോഫ്റ്റ്വയര്‍ ഉപയോഗിച്ച് ഹാഷ് വാല്യു നോക്കുകയാണെങ്കില്‍ പഴയ ഹാഷ് വാല്യു കിട്ടുകയുമില്ല.
മറ്റൊരു പ്രധാനപ്പെട്ട കാര്യം, ലാബില്‍ ഫോറന്‍സിക്ക് വിശകലനം നടത്തുമ്പോള്‍ യഥാര്‍ത്ഥ ഡിജിറ്റല്‍ ഉപകരണങ്ങള്‍ നേരിട്ട് ഉപയോഗിക്കുന്നില്ല എന്നതാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ ഹാജരാക്കുന്ന ഹാര്‍ഡ്  ഡിസ്ക് പോലുള്ള ഉപകരണങ്ങളുടെ യഥാര്‍ത്ഥ പകര്‍പ്പുകള്‍, റൈറ്റ് ബ്ലോക്കര്‍ സഹായത്തോടെ ഫോറന്‍സിക് സോഫ്റ്റ്വയര്‍ ഉപയോഗിച്ച് പുതിയ ഡിസ്ക്കുകളിലുണ്ടാകുകയും അവയുടെ ഹാഷ് വാല്യുകള്‍ തമ്മില്‍ ചേരുന്നെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. അതിനുശേഷം യഥാര്‍ത്ഥ തെളിവുകള്‍ ശേഖരിച്ചിരിക്കുന്ന ഉപകരണം ഭദ്രമായി മാറ്റി സൂക്ഷിക്കുകയും പകര്‍പ്പ് വിശദമായ പരിശോധനകള്‍ക്കും റിപ്പോര്‍ട്ട് ഉണ്ടാക്കുന്നതിനുമായി ഉപയോഗിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ യഥാര്‍ത്ഥ തെളിവുകള്‍ ഉള്ള ഉപകരണങ്ങള്‍ ലാബില്‍ ഒരു തരത്തിലും മാറ്റത്തിന് വിധേയമാകാതെ സൂക്ഷിക്കാന്‍ കഴിയും. വാദിയോ കുറ്റാരോപിതരോ എപ്പോഴെങ്കിലും സംശയം പ്രകടിപ്പിക്കുകയാണെങ്കില്‍ യഥാര്‍ത്ഥ തെളിവുള്ള ഉപകരണം, റൈറ്റ് ബ്ലോക്കറിന്‍റെ സഹായത്തോടെ, ഹാഷ് ചെയ്യുകയാണെങ്കില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടോ എന്ന് തെളിയിക്കാനും സാധിക്കും.
തെളിവുകളില്‍ മാറ്റം വന്നിട്ടുണ്ടോ എന്നറിയുന്നതിന് ഹാഷ് വാല്യൂ നോക്കുന്നത് അവയുടെ വിശ്വസനീയതയും ആധികാരികതയും ഉറപ്പിക്കുന്നതിന് സഹായിക്കും എന്നതിന് ഒരു സംശയവുമില്ല. സൈബര്‍ ഫോറന്‍സിക്ക് സയന്‍സ് നിയമവ്യവസ്ഥയ്ക്ക് നല്‍കുന്ന ഏറ്റവും നിര്‍ണ്ണായകമായ സാങ്കേതികവിദ്യയാണ് ഹാഷിങ്.