ന്യൂഡല്‍ഹി: രാജ്യത്ത് അഞ്ഞൂറ്, ആയിരം രൂപകളുടെ നോട്ടുകള്‍ നിരോധിച്ച് ഇന്നേക്ക് നാല് വര്‍ഷം തികയുന്നു. കള്ളപ്പണം തടയാനായിട്ടാണ് ഒന്നാം മോദി സര്‍ക്കാര്‍ 2016 ല്‍ അപ്രതീക്ഷിതമായി നോട്ടുകള്‍ അസാധുവാക്കിയത്. പകരം രണ്ടായിരത്തിന്റെ നോട്ടുകള്‍ പുറത്തിറക്കുകയും ചെയ്തു.
നോട്ടുനിരോധനം എന്ന് കേള്‍ക്കുമ്ബോള്‍ തന്നെ രാജ്യത്തെ ജനങ്ങളുടെ മനസില്‍ ഒരുപക്ഷേ ആദ്യം ഓടിയെത്തുക എടിഎമ്മുകള്‍ക്ക് മുമ്ബിലുള്ള നീണ്ട ക്യൂവായിരിക്കും. ആളുകള്‍ കൂട്ടത്തോടെയെത്തി പണം പിന്‍വലിക്കാന്‍ തുടങ്ങിയതോടെ പല എടിഎമ്മുകളും കാലിയായി. പണത്തിനായി ജനങ്ങള്‍ ദൂരെയുള്ള എടിഎമ്മുകളിലേക്ക് പോകേണ്ടിയും വന്നു.കള്ളപ്പണക്കാരേക്കാള്‍ കൂടുതല്‍ മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനം ദുരിതത്തിലാഴ്ത്തിയത് സാധാരണക്കാരെയാണെന്ന് വിമര്‍ശനവും ഉയര്‍ന്നിരുന്നു.
കാര്യങ്ങള്‍ സാധാരണ നിലയിലാകാന്‍ സമയമെടുത്തു.
ഇന്നേക്ക് നോട്ട് നിരോധനത്തിന് നാല് വര്‍ഷം തികയുകയാണ്. ഇപ്പോഴും സര്‍ക്കാരിന്റെ നടപടിയെക്കുറിച്ച് ജനങ്ങളില്‍ ഭിന്നാഭിപ്രായമാണ്. ചിലര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിപ്ലവകരമായ നടപടിയെ അഭിനന്ദിക്കുന്നു. മറ്റുചിലരാകട്ടെ നോട്ട് നിരോധനം ഇന്ത്യയേയും, ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥയേയും മോശമായി ബാധിച്ചുവെന്ന് ആരോപിക്കുന്നു.

