പണം തരും ക്യാമറക്കണ്ണുകള്‍-സ്റ്റോക്ക് ഫോട്ടോഗ്രഫി

 ഡോ ജൂബി മാത്യു
 
നമ്മള്‍ പകര്‍ത്തുന്ന ചിത്രങ്ങള്‍ ഇന്‍റര്‍നെറ്റിലൂടെ വില്‍പ്പന നടത്തി വരുമാനം നേടാനുള്ള സാധ്യതയാണ് സ്റ്റോക്ക് ഫോട്ടോഗ്രഫി. ക്യാമറ കണ്ണുകളിലൂടെ വൈവിധ്യമാര്‍ന്ന ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിവുള്ള അനേകം പേര്‍ നമുക്കിടയിലുണ്ട്. എന്നാല്‍ ഇത്തരത്തില്‍, ചിത്രങ്ങള്‍ വില്‍പ്പന നടത്തി പണം സമ്പാദിക്കാം എന്നതിനെക്കുറിച്ച് ഭൂരിഭാഗം പേരും ബോധവാന്മാരല്ല.
എന്താണ് സ്റ്റോക്ക് ഫോട്ടോഗ്രഫി
എല്ലാം ഡിജിറ്റൈസ്ഡ് ആയി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ നിരവധി കമ്പനികള്‍ക്കും മറ്റും അവരുടെ പരസ്യങ്ങള്‍ക്കും സൈറ്റുകള്‍ക്കും പ്രസിദ്ധീകരണങ്ങള്‍ക്കും എല്ലാം ചിത്രങ്ങള്‍ വേണ്ടി വരാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ നിയമപരമായിത്തന്നെ ചിത്രങ്ങള്‍ എടുക്കാവുന്ന അല്ലെങ്കില്‍ വാങ്ങാവുന്ന വെബ്സൈറ്റുകളാണ് സ്റ്റോക്ക് ഫോട്ടോഗ്രഫി വെബ്സൈറ്റുകള്‍.
ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നുള്ള ഫോട്ടോഗ്രാഫര്‍മാര്‍ ഇത്തരം വെബ്സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം അവരുടേതായ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യും. തുടര്‍ന്ന് ആവശ്യക്കാര്‍ ഈ വെബ്സൈറ്റില്‍ നിന്ന് ചിത്രങ്ങള്‍ വാങ്ങുമ്പോള്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് അതിന്‍റെ ഒരു കമ്മീഷന്‍ ലഭിക്കും. ഇത്തരത്തില്‍ നിങ്ങളുടെ ക്യാമറ കണ്ണുകളിലൂടെ പകര്‍ത്തുന്ന ഗുണമേന്മയുള്ള ചിത്രങ്ങള്‍ നിങ്ങള്‍ക്കും വില്‍പ്പന നടത്തി പണം സമ്പാദിക്കാവുന്നതാണ്.ഏതുതരം വാര്‍ത്തകള്‍ക്കും ലേഖനങ്ങള്‍ക്കും യോജിച്ചതരം ചിത്രങ്ങളാണ് പൊതുവേ ആളുകള്‍ അപ്ലോഡ് ചെയ്യാറുള്ളത്. വിജയം, പരാജയം, ബിസിനസ് ജീവിതം, കായികവിനോദം, പ്രകൃതി ,ആര്‍ട്ട്,  കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന വ്യക്തി പോലുള്ളവ ആയിരിക്കും വിഷയങ്ങള്‍. ഓരോ കാലഘട്ടത്തിന്‍റെ പ്രവണതകളും വിപണിയുടെ ആവശ്യകതയും മനസ്സിലാക്കി അതിന് അനുയോജ്യമായ രീതിയിലുള്ള ചിത്രങ്ങളാണ് ഇത്തരം സൈറ്റുകളിലേക്ക് ആയി കണ്ടെത്തേണ്ടത്. ഉദാഹരണത്തിന് കോവിഡ് കാലഘട്ടത്തില്‍ കൊറോണ വൈറസ് ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായി നിരവധി ചിത്രങ്ങളുടെ ആവശ്യകതയുണ്ടായിരുന്നു.
ഇതുമായി ബന്ധപ്പെട്ട കുറച്ചു വെബ്സൈറ്റുകള്‍ പരിചയപ്പെടാം
ഷട്ടര്‍ സ്റ്റോക്ക് (Shutter stock)
സ്റ്റോക്ക് ഫോട്ടോഗ്രഫി മേഖലയിലെ വമ്പന്‍മാരാണ് ഷട്ടര്‍ സ്റ്റോക്ക്. 15 വര്‍ഷത്തെ പ്രവര്‍ത്തന അനുഭവമുള്ള മികച്ച ഒരു വെബ്സൈറ്റ് ആണിത്. ചിത്രങ്ങളോടൊപ്പം വീഡിയോകള്‍ കൂടി അപ്ലോഡ് ചെയ്യാനുള്ള ഒരു അവസരമാണ് ഷട്ടര്‍ സ്റ്റോക്ക് തരുന്നത്. ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നായി ഓരോ ദിവസവും 15 ലക്ഷത്തോളം ചിത്രങ്ങള്‍ ഷട്ടര്‍ സ്റ്റോക്കില്‍ എത്തുന്നുണ്ടെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഫോട്ടോഗ്രാഫര്‍ക്ക് വില്‍ക്കപ്പെടുന്ന ചിത്രത്തിന് 30% വരെയാണ് ഇവര്‍ കമ്മീഷനായി നല്‍കുന്നത്. ഇവരുടെ വെബ്സൈറ്റ് വഴിയും ആപ്പ് വഴിയും നമുക്ക് ഫോട്ടോകള്‍ ഉള്‍പ്പെടുത്താം എന്ന ഒരു സവിശേഷത കൂടി ഷട്ടര്‍ സ്റ്റോക്കിന് ഉണ്ട്.
അഡോബി സ്റ്റോക്ക് (Adobe stock)
അഡോബി നമുക്ക് ഏവര്‍ക്കും സുപരിചിതം ആണല്ലോ. ഫോട്ടോഗ്രാഫി മേഖലയിലെ കുത്തക കമ്പനികളില്‍ ഒന്നായി നമുക്ക് ഇതിനെ വിശേഷിപ്പിക്കാം. കാരണം ഇവരുടെ ലൈറ്റ് റൂമും ഫോട്ടോഷോപ്പുമെല്ലാം ജനങ്ങളുടെ  വിശ്വാസ്യത നേടിയെടുത്ത പ്ലാറ്റ്ഫോമുകളാണ്. വില്‍ക്കുന്ന ചിത്രത്തിന്‍റെ 33 ശതമാനം വരെയാണ് അഡോബി സ്റ്റോക്ക് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് കമ്മീഷനായി നല്‍കുന്നത്. മാത്രമല്ല അഡോബിയുടെ തന്നെ പ്ലാറ്റ്ഫോമുകളായ ലൈറ്റ്റൂമില്‍ നിന്നും ബ്രിഡ്ജില്‍ നിന്നുമെല്ലാം ഫോട്ടോകള്‍ നേരിട്ട് അതിലേക്കു അപ്ലോഡ് ചെയ്യാനുമുള്ള ഒരു സവിശേഷത കൂടെ ഇവര്‍ നല്‍കുന്നുണ്ട്
ഇമേജസ് ബസാര്‍ (Images Bazar
സ്റ്റോക്ക് ഫോട്ടോഗ്രാഫിയിലെ ഇന്ത്യന്‍ സാന്നിധ്യമാണ് ഇമേജസ് ബസാര്‍. വില്‍ക്കപ്പെടുന്ന ചിത്രത്തിന്‍റെ 50 ശതമാനം വരെയാണ് ഇവര്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് നല്‍കുന്നത്. മറ്റ് വെബ്സൈറ്റുകളിലൂടെ കൂടുതലായും വിദേശ പശ്ചാത്തലത്തിലുള്ള ചിത്രങ്ങളാണ് ലഭിക്കുക. എന്നാല്‍ ഇന്ത്യയിലെ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ഇന്ത്യന്‍ സംസ്കാരത്തിന്‍റെയും തനിമയുടെയും പശ്ചാത്തലത്തിലുള്ള ചിത്രങ്ങളാണ് ആവശ്യം. ഇത്തരക്കാര്‍ക്ക് ചിത്രങ്ങള്‍ വാങ്ങാനുള്ള ഏറ്റവും ഉചിതമായ അവസരമാണ് ഇമേജസ് ബസാര്‍ ഒരുക്കുന്നത്. മാത്രമല്ല ഒരു ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ജീവിക്കുന്ന വ്യക്തികള്‍ എന്ന നിലയില്‍ നമ്മള്‍ എടുക്കുന്ന ചിത്രങ്ങള്‍ കൂടുതലായി അനുയോജ്യമാവുകയും പെട്ടെന്ന് വിറ്റഴിക്കപ്പെടുകയും ചെയ്യുക ഈ വെബ്സൈറ്റില്‍ ആയിരിക്കും.
ആലമി (alamy)
 സ്റ്റോക്ക് ഫോട്ടോഗ്രഫി തുടങ്ങാന്‍ അനുചിതമായ ഏറ്റവും നല്ല വെബ്സൈറ്റ് ആണ് ആലമി. കാരണം മറ്റു വെബ്സൈറ്റുകളെ അപേക്ഷിച്ച് നമുക്കിതില്‍ രജിസ്റ്റര്‍ ചെയ്യാനും ചിത്രങ്ങള്‍ ഉള്‍പ്പെടുത്താനും എല്ലാം വളരെ എളുപ്പമായ നടപടിക്രമങ്ങളെ ഉള്ളൂ. വില്‍ക്കുന്ന ചിത്രത്തിന്‍റെ 50 ശതമാനം വരെ ഫോട്ടോഗ്രാഫര്‍ക്ക് ആലമി നല്‍കുന്നുണ്ട് കൂടാതെ ചിത്രങ്ങളും വീഡിയോകളും മാത്രമല്ല 360 ഡിഗ്രി  ഇമേജുകളും വെക്ടറുകളും എല്ലാം അപ്ലോഡ് ചെയ്ത് പണം സമ്പാദിക്കാവുന്നതാണ് .