സംവരണത്തിലെ കാണാപ്പുറങ്ങള്‍

ജനാധിപത്യ രാജ്യത്ത് സംഘടിച്ച് വോട്ട് ബാങ്കായി നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ മാത്രം അവകാശങ്ങള്‍ നേടിയെടുക്കും.

സാമ്പത്തിക സംവരണം നിലവില്‍ വന്നതിനുശേഷം സംവരണ വിഷയങ്ങള്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴി വച്ചിട്ടുണ്ട്. സംവരണം തങ്ങളുടെ ഭരണഘടന അവകാശമാണെന്ന് സംവരണ ആനുകൂലികളും എടുത്തുമാറ്റേണ്ട സമയമായി എന്ന് സംവരണ വിരുദ്ധരും അവകാശപ്പെടുന്നു. 2026 സീറോ മലബാര്‍ സഭ സമുദായിക ശക്തീകരണ വര്‍ഷമായി പ്രഖ്യാപിക്കുമ്പോള്‍ ഈ വിഷയം തീര്‍ച്ചയായും പരിശോധിക്കപ്പെടണം. സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ പുതുതലമുറ കടന്നുവരാതെ അവര്‍ കടല്‍ കടക്കുന്നുണ്ടെങ്കില്‍ അതിനെ പ്രധാന കാരണങ്ങളിലൊന്ന് സംവരണം തന്നെയാണ്.
സംവരണത്തിന്റെ ചരിത്രം
സംവരണം എന്ന ആശയം ഇന്ത്യയില്‍ നടപ്പാക്കാന്‍ പ്രധാന പങ്കു വഹിച്ചത് ഭരണഘടന ശില്പിയായ ഡോ: അംബേദ്കറാണ്. അവശ സമുദായത്തില്‍ ജനിച്ച അദ്ദേഹം വര്‍ണവെറിയുടെ ദുരന്തങ്ങള്‍ ജീവിതത്തില്‍ ഉടനീളം അനുഭവിച്ചിട്ടുണ്ട്. ഭൂസ്വത്ത് കയ്യാളിയിരുന്ന ഉപരിവര്‍ഗ്ഗം സര്‍ക്കാര്‍ ജോലികളും അധികാര ശ്രേണിയും അക്കാലത്ത് കയ്യടക്കി വെച്ചു. അതിനാല്‍ പിന്നോക്ക സമുദായങ്ങളുടെ അവകാശത്തിനായി ഡോ: അംബേദ്കര്‍ ശബ്ദിച്ചു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മൂലം ഇന്ത്യന്‍ ഭരണഘടന 1950 ല്‍ നിലവില്‍ വന്നപ്പോള്‍ ആര്‍ട്ടിക്കിള്‍ 15 (4) പ്രകാരം പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് സംവരണം അനുവദിക്കപ്പെട്ടു. ഇത് പ്രകാരം സര്‍ക്കാര്‍, വിദ്യാഭ്യാസ/ തൊഴില്‍ അവസരങ്ങളില്‍ പട്ടികജാതി വിഭാഗത്തിന് 15 ശതമാനവും പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 7.5 ശതമാനവും സംവരണം നിശ്ചയിക്കപ്പെട്ടു.
അതായത് 22.5% സീറ്റുകള്‍ സംവരണത്തിലും 77.5% മെറിറ്റ് സീറ്റുകള്‍ അടിസ്ഥാനത്തിലുമായിരുന്നു. തീര്‍ച്ചയായും ഈ സംവരണം നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട വിഭാഗത്തിന് സാമൂഹ്യനീതിയും ഒപ്പം തന്നെ മെറിറ്റിന് പ്രാധാന്യവും നല്‍കി.
സംവരണം മാറിമറിഞ്ഞപ്പോള്‍
ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്ന 1950 മുതല്‍ 1990 വരെ മേല്‍പ്പറഞ്ഞ രീതിയിലാണ് സംവരണം നടപ്പാക്കപ്പെട്ടത്. എന്നാല്‍ ഈ സംവരണരീതി അടിമുടി മാറ്റപ്പെട്ടത് 1990ല്‍ അന്നത്തെ പ്രധാനമന്ത്രിയായ വി പി സിംഗ് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയതോടുകൂടിയാണ്. അത് പ്രകാരം മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്ക് (ഒ.ബി.സി) 27 ശതമാനം സംവരണം അനുവദിക്കപ്പെട്ടു. മുന്‍പുണ്ടായിരുന്ന 22.5 ശതമാനം പട്ടികജാതി, പട്ടികവര്‍ഗ്ഗ സംവരണത്തോടൊപ്പം ഇതുകൂടി ചേര്‍ന്നപ്പോള്‍ ആകെ സംവരണം 49.5 ശതമാനമായി. ബാക്കി മെറിറ്റില്‍ അവശേഷിച്ചത് 50.5 ശതമാനം സീറ്റുകള്‍ മാത്രം.
സുറിയാനി ക്രൈസ്തവര്‍ പിന്തള്ളപ്പെട്ടപ്പോള്‍
1990ലെ മണ്ഡല്‍ കമ്മീഷന്‍ ആനുകൂല്യങ്ങള്‍ മറ്റു വിഭാഗങ്ങള്‍ക്ക് കൊടുത്തു എന്നതിലല്ല അര്‍ഹരായ സുറിയാനി ക്രൈസ്തവര്‍ക്ക് അത് നേടിയെടുക്കാന്‍ സാധിച്ചില്ല എന്നതിലാണ് വേദന. മലപ്രദേശത്ത് കുറച്ചു ഭൂസ്വത്ത് ഉണ്ടെന്നുള്ള കാരണത്താലും രാഷ്ട്രീയ സമ്മര്‍ദ്ദശക്തിയായി അവകാശങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കാത്തതിനാലും സംവരണം ഈ വിഭാഗത്തിന് നിഷേധിക്കപ്പെട്ടു.
ഒരുകാലത്ത് സര്‍ക്കാര്‍ ജോലികളിലും അധികാര ശ്രേണിയിലും മുന്‍നിരയില്‍ ഉണ്ടായിരുന്ന സുറിയാനി ക്രൈസ്ത സമുദായ അംഗങ്ങള്‍ക്ക് മെറിറ്റ് സീറ്റുകള്‍ കുറഞ്ഞതോടുകൂടി സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ കയറിപ്പറ്റുക എന്നത് ശ്രമകരമായി.
സംവരണം ഇല്ലായ്മയുടെ അനന്തരഫലങ്ങള്‍
സംവരണത്തിന്റെ സ്വാധീനം ഒരു വിദ്യാര്‍ത്ഥി പ്ലസ് ടു കഴിഞ്ഞ് കോളേജ് പ്രവേശനത്തിന് ശ്രമിക്കുമ്പോള്‍ മുതല്‍ പ്രകടമാണ്. നീറ്റ്, ഐ.ഐ.ടി., ജെ.ഇ.ഇ. തുടങ്ങിയ പ്രമുഖ പ്രവേശന പരീക്ഷകള്‍ക്ക് സംവരണം ഇല്ലാത്ത ജനറല്‍ കാറ്റഗറി വിഭാഗത്തിനുള്ള ഉയര്‍ന്ന കട്ട് ഓഫ് മാര്‍ക്കുകളില്‍ നിന്ന് ഇത് കൃത്യമായി മനസ്സിലാക്കാം. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം സര്‍ക്കാര്‍ ജോലിക്ക് ശ്രമിക്കുമ്പോള്‍ വീണ്ടും സംവരണം പ്രധാനഘടകമായി മാറും. പ്യൂണ്‍ തസ്തിക മുതല്‍ സിവില്‍ സര്‍വീസ് റാങ്കുകള്‍ വരെ നിശ്ചയിക്കുന്നതില്‍ ഇത് പ്രധാനമാണ്. ഒരു ജനറല്‍ കാറ്റഗറി വിദ്യാര്‍ത്ഥി ഐഎഎസ് നേടണമെങ്കില്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആദ്യ 100 റാങ്കില്‍ എങ്കിലും ഇടം പിടിക്കണം എന്നാല്‍ ഒബിസി കാറ്റഗറി വിദ്യാര്‍ത്ഥികള്‍ 300 റാങ്ക് ആണെങ്കിലും ഇത് നേടിയെടുക്കാം. മറ്റ് സര്‍ക്കാര്‍ ഉദ്യോഗ പരീക്ഷകളിലും ഇക്കാര്യം വളരെ വ്യക്തമായി കാണാം.
ഇത്തരത്തില്‍ തങ്ങളെക്കാള്‍ കുറഞ്ഞ റാങ്കും മാര്‍ക്കും നേടിയവര്‍ സര്‍ക്കാര്‍ കോളേജുകളിലും ജോലികളും കയറിപ്പറ്റുന്നത് കണ്ടു നില്‍ക്കേണ്ട ഗതികേടിലാണ് സുറിയാനി ക്രൈസ്തവര്‍.
അതായത് ശരാശരി വരുമാനം മാത്രമുള്ള മലയോര സുറിയാനി കര്‍ഷകന്റെ മക്കള്‍ കോളേജ് പ്രവേശനത്തിനും സര്‍ക്കാര്‍ ജോലികള്‍ക്കും ശ്രമിക്കുമ്പോള്‍ എണ്ണപ്പെടുന്നത് ഇന്ത്യയിലെ ഉപരിവര്‍ഗ്ഗത്തിന് ഒപ്പമാണ്. അതിനാല്‍ തന്നെ ചുരുക്കം സമുദായ അംഗങ്ങള്‍ക്ക് മാത്രമാണ് ഇത് നേടിയെടുക്കാന്‍ സാധിക്കുന്നത്. പഠനം കഴിഞ്ഞിറങ്ങുന്ന മലയോരമക്കളെ കാത്തിരിക്കുന്നത് വിദ്യാഭ്യാസ ലോണിന്റെ തിരിച്ചടവ് , കാര്‍ഷികവില തകര്‍ച്ച മൂലമുള്ള വീട്ടിലെ സാമ്പത്തിക അവസ്ഥ തുടങ്ങിയ പരാധീനതകളാണ്. നാട്ടിലെ ഇത്തരം സമ്മര്‍ദ്ദങ്ങള്‍ താങ്ങാന്‍ വയ്യാതെ ഇവര്‍ വിദേശത്തേക്ക് കയറുന്നത് സ്വാഭാവികം മാത്രം.
സാമ്പത്തിക സംവരണം എന്ന പിടിവള്ളി
സംവരണം ഇല്ലാത്ത വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 2019 ഏര്‍പ്പെടുത്തിയതാണ് സാമ്പത്തിക സംവരണം (ഋണട). ഇത്തരം വിഭാഗങ്ങള്‍ക്ക് 10% ആണ് സംവരണം ചെയ്യപ്പെട്ടിട്ടുള്ളത്. ഇതുകൂടി ചേര്‍ക്കപ്പെട്ടതോടുകൂടി സംവരണ നില 64.5 ശതമാനമായി ഉയര്‍ന്നു. (പട്ടികജാതി-15%, പട്ടികവര്‍ഗ്ഗം-7.5%, ഒബിസി-27%, ഇഡബ്ല്യുഎസ് 10 ശതമാനം, അംഗപരിമിതര്‍ 5%) അതായത് ജനറല്‍ മെറിറ്റില്‍ അവശേഷിക്കുന്നത് 35.5 % മാത്രം.
ചുരുക്കിപ്പറഞ്ഞാല്‍ 100 സര്‍ക്കാര്‍ ജോലി ഒഴിവുകള്‍ എടുത്താല്‍ സാമ്പത്തിക സംവരണം പോലും ഇല്ലാത്തവന് ലഭ്യമാകുക 35 ഒഴിവുകള്‍ മാത്രം. ഈ 35 ജനറല്‍ മെറിറ്റ് ഒഴിവുകള്‍ മാര്‍ക്ക് അടിസ്ഥാനത്തില്‍ ഏത് വിഭാഗത്തിലുള്ളവര്‍ക്കും നേടിയെടുക്കാം.
നിലവില്‍ കേരളത്തില്‍ സംവരണം ഇല്ലാത്ത പ്രധാന വിഭാഗങ്ങളായ ബ്രാഹ്‌മണര്‍, നായര്‍, നസ്രാണി വിഭാഗങ്ങള്‍ക്കാണ് സാമ്പത്തിക സംവരണ ആനുകൂല്യം ലഭിക്കുക. നസ്രാണി വിഭാഗത്തില്‍ സീറോ മലബാര്‍, മലങ്കര, യാക്കോബൈറ്റ്, ഓര്‍ത്തഡോക്‌സ്, മാര്‍ത്തോമ സഭകള്‍പ്പെടുന്നു. അതായത് സാമ്പത്തിക സംവരണത്തിന്റെ ആനുകൂല്യം സീറോ മലബാര്‍ വിശ്വാസികള്‍ക്ക് ലഭിക്കേണ്ടതാണ്. എന്നാല്‍ അതിലെ നിബന്ധനകള്‍ നീതിപൂര്‍വ്വമല്ലാത്തതിനാല്‍ പലരും യോഗ്യരല്ല. സംവരണം നേടാനുള്ള മാനദണ്ഡങ്ങളായ വീടിന്റെ വിസ്തീര്‍ണ്ണവും വീട് ഇരിക്കുന്ന പുരയിടത്തിന്റെ ഏരിയയും നിശ്ചയിച്ചിരിക്കുന്നത് ഉത്തരേന്ത്യന്‍ ജീവിത ക്രമപ്രകാരമാണ്. മലയോര നാട്ടിലെ വീടും ഭൂമിയും പല കര്‍ഷക മക്കള്‍ക്കും ഈ അവകാശം നേടിയെടുക്കാന്‍ വിലങ്ങുതടിയാകുന്നു.
സംഘടിച്ച് അവകാശങ്ങള്‍
നേടിയെടുക്കാം

സാമ്പത്തിക സംവരണത്തിന്റെ മാനദണ്ഡങ്ങള്‍ സമുദായ അംഗങ്ങള്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ പുനര്‍നിര്‍ണയിക്കാന്‍ സര്‍ക്കാരിനോട് സമുദായിക സംഘടനകള്‍ ആവശ്യപ്പെടേണ്ടതാണ്.
രവീന്ദ്രര്‍ സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പോലുള്ള പഠന റിപ്പോര്‍ട്ടുകളും സ്ഥിതിവിവരക്കണക്കും ഉയര്‍ത്തിക്കാട്ടി മറ്റു വിഭാഗങ്ങള്‍ തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നു.ഖേദകരം എന്ന് പറയട്ടെ സുറിയാനി ക്രൈസ്തവരുടെ നിലവിലെ അവസ്ഥ പഠിച്ച ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
ഈ റിപ്പോര്‍ട്ട് പബ്ലിഷ് ചെയ്യാനും അതിന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനും സംഘടിതമായി സമ്മര്‍ദ്ദം ചെലുത്തേണ്ടിവരും.
ജനാധിപത്യ രാജ്യത്ത് സംഘടിച്ച് വോട്ട് ബാങ്കായി നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ മാത്രം അവകാശങ്ങള്‍ നേടിയെടുക്കും.
2026 സമുദായിക ശക്തീകരണ വര്‍ഷം ഇതിന് ഒരു തുടക്കമാകട്ടെ.

ഡോ. ഹിമ സുബിന്‍ മാത്യു
കൂനംതടത്തില്‍

(കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിലുള്ള
കാസര്‍ഗോഡ് ഐസിഎആര്‍- സെന്‍ട്രല്‍
പ്ലാന്റേഷന്‍ ക്രോപ്‌സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍
ശാസ്ത്രജ്ഞയാണ് ലേഖിക)