ജോയി വള്ളനാമറ്റം
ദൈവത്തിന്‍റെ സ്വന്തം നാടായ കേരളത്തിന്‍റെ അക്ഷയപാത്രമാണ് ഇടുക്കി. പ്രകൃതി കനിഞ്ഞു നല്കിയ ദൃശ്യഭംഗിയില്‍ ജ്വലിച്ചുനില്‍ക്കുന്ന സുന്ദരപ്രദേശം. നിരവധിയായ അണക്കെട്ടുകളും, ആറുകളും, പുഴകളും, നീര്‍ച്ചാലുകളും, വെള്ളച്ചാട്ടങ്ങളും, ഇരുള്‍നിറഞ്ഞ കാനനങ്ങളും, തോട്ടങ്ങളും ആകാശത്തെ ചുംബിക്കുന്ന മലനിരകളും, മഞ്ഞു പുതച്ച താഴ്വാരങ്ങളും, പൂക്കളും കാട്ടു ജീവികളും, കാട്ടുവാസികളെയുംകൊണ്ട് അനുഗൃഹീതമായ നാട്. തമിഴ് ഭൂരിപക്ഷമേഖലയെ തമിഴ്നാടിനോട് ചേര്‍ക്കണമെന്ന മുറവിളിക്ക് തടയിടാനും, ലോക മഹായുദ്ധം സമ്മാനിച്ച ഭക്ഷ്യക്ഷാമത്തിന് തടയിടാന്‍, കൂടുതല്‍ ഭക്ഷ്യധാന്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കാനുമായി അന്നത്തെ സര്‍ക്കാരിന്‍റെ പ്രോത്സാഹനത്തില്‍, മധ്യകേരളത്തില്‍നിന്നും നിരവധി കര്‍ഷകര്‍ ഇടുക്കിയിലേക്ക് കുടിയേറി. ഹിംസ്ര ജന്തുക്കളോടും, മഹാമാരികളോടും പടവെട്ടി, കര്‍ഷകര്‍ നെറ്റിയിലെ വിയര്‍പ്പുകൊണ്ട്, മണ്ണില്‍ കനകം വിളയിച്ചു. പക്ഷേ, അധ്വാനം കൈമുതലാക്കി മലയാളിയെ തീറ്റിപ്പോറ്റിയ ഈ കര്‍ഷകര്‍, താമസിയാതെ കൈയ്യേറ്റക്കാരും, കൊള്ളക്കാരും, വേട്ടക്കാരുമായി മുദ്ര കുത്തപ്പെട്ടു. ആരോഗ്യവും അധ്വാനവുമെല്ലാം ഈ മണ്ണില്‍ അടിയറവുവച്ച കര്‍ഷകര്‍, ഇന്ന് അവഗണനയും, അധിക്ഷേപവും നീതിനിഷേധവുംകൊണ്ട് ഈ ദേശത്ത് നിലനില്‍പ്പിനായി കേഴുകയാണ്.
ഇടുക്കിയുടെ പ്രശ്നങ്ങള്‍
പട്ടയപ്രശ്നം
1977 നു മുമ്പുള്ള എല്ലാ കുടിയേറ്റക്കാര്‍ക്കും പട്ടയം നല്‍കുമെന്ന സര്‍ക്കാര്‍ തീരുമാനം അട്ടിമറിച്ചുകൊണ്ട്, ലക്ഷക്കണക്കിന് മലയോരകര്‍ഷകര്‍ക്ക് പട്ടയം നിഷേധിക്കപ്പെടുന്നു. ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങള്‍, 10 ചെയിന്‍, 3 ചെയിന്‍, സെറ്റില്‍മെന്‍റ് ഏരിയ തുടങ്ങി, പല സിറ്റികളിലെയും വ്യാപാരസ്ഥാപനങ്ങള്‍ക്കുപോലും പട്ടയം ഇന്നും കിട്ടാക്കനിയാണ്. വാഗ്ദാനങ്ങളുടെ റൊട്ടിക്കഷണം നീട്ടി ഭരിക്കുന്നവരും പ്രതിപക്ഷവും, നിരന്തരം പറ്റിക്കുന്ന കര്‍ഷകരെ, ധാര്‍ഷ്ട്യത്തിന്‍റെ പര്യായമായ ഉദ്യോഗസ്ഥ വൃന്ദം എന്നും ദ്രോഹിക്കുന്നു. പട്ടയം ഇല്ലാത്തതിന്‍റെ പേരില്‍ പല സര്‍ക്കാര്‍ ആനുകൂല്യങ്ങളും അവര്‍ക്ക് നഷ്ടമാകുന്നു. ലൈഫ് ഭവനപദ്ധതിയില്‍ വീടുകള്‍ ലഭിക്കാതെ പോകുന്നു.
കാര്‍ഷികവിളകളുടെ വിലയിടിവ്
രാപ്പകല്‍ രക്തം വിയര്‍പ്പാക്കി മണ്ണില്‍ പൊന്നുവിളയിക്കുന്ന കര്‍ഷകര്‍ക്ക്, അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില പലപ്പോഴും ലഭിക്കാറില്ല. എവിടെയോ തമ്പടിച്ച്, ആരൊക്കെയോ ലോബികള്‍ ചേര്‍ന്ന്, കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് വില നിശ്ചയിക്കുന്ന പ്രാകൃത രീതി ഇന്നും തുടരുന്നു. വിലസ്ഥിരത ഉറപ്പാക്കേണ്ട സര്‍ക്കാര്‍ വെറും നോക്കുകുത്തിയായി മാറുന്നു. 1500, 750 രൂപ യഥാക്രമം കൃഷി ചിലവുള്ള ഏലത്തിനും, കുരുമുളകിനും, ഇന്നു കൃഷിക്കാരന് ലഭിക്കുന്നത് യഥാക്രമം 700, 450 രൂപയാണ്. കാപ്പിക്കുരു, റബ്ബര്‍, കൊക്കോ, തേയില, ജാതിക്ക തുടങ്ങിയ വിളകളും വിലത്തകര്‍ച്ച നേരിടുന്നു. ഫലമോ, പണയം വച്ചും, കടം മേടിച്ചും ലക്ഷങ്ങള്‍ മുകട്ടി കൃഷിയിറക്കുന്ന കര്‍ഷകര്‍, നിത്യദുരിതത്തിലേക്കും, ജപ്തിനടപടികളിലേക്കും, തുടര്‍ന്ന് ആത്മഹത്യയിലേക്കും കൂപ്പുകുത്തുന്നു.
കാട്ടുമൃഗങ്ങളുടെ കൃഷി നശിപ്പിക്കല്‍
മനുഷ്യന്‍റെ ജീവനും സ്വത്തിനും മേലെ, ആനയുടെയും പന്നികളുടേയും, കടുവയുടെയും പുലിയുടേയും ജീവന് പ്രാമുഖ്യവും സംരക്ഷണവും നല്‍കുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ കര്‍ഷകരെ നോക്കി പല്ലിളിക്കുന്നു. കാട്ടുജീവികള്‍ കൃഷിഭൂമിയില്‍ സംഹാരതാണ്ഡവമാടുമ്പോഴും, അതിനു പോംവഴി കാണാതെ, ഗതികേടുകൊണ്ട് സ്വരക്ഷയ്ക്കായി കാട്ടുമൃഗങ്ങളെ ഉപദ്രവിക്കുന്ന കര്‍ഷകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു ചുമത്തി കേസ്സെടുക്കാന്‍ അവര്‍ വെമ്പല്‍കൊള്ളുന്നു. ഇപ്പോള്‍ത്തന്നെ 28% വനമേഖലയുള്ള കേരളത്തില്‍ (ദേശീയ അനുപാതം 18% മാത്രം) കൂടുതല്‍ കൃഷിയിടങ്ങള്‍ വനമേഖലയാക്കാന്‍, ഉദ്യോഗവൃന്ദം മത്സരിക്കുന്നു. കാട്ടുമൃഗങ്ങളാല്‍ കൃഷിഭൂമിയില്‍ വച്ച് ആക്രമിക്കപ്പെടുന്ന മനുഷ്യജീവന് പുല്ലുവിലയില്ല. അവയില്‍ നിന്നും കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടവര്‍ നിഷ്ക്രിയരായിരിക്കുന്നു. കപട പരിസ്ഥിതി വാദികളും, സ്വാര്‍ത്ഥബുദ്ധിജീവികളും, ആരുടെയൊക്കെയോ നക്കാപ്പിച്ചകള്‍ കൈപ്പറ്റി, കാര്‍ഷിക മേഖലയെ നിരന്തരം വേട്ടയാടുന്ന മേലാളന്മാരും ചേര്‍ന്ന്, ഇടുക്കിയിലെ കര്‍ഷകരെ എന്നും നിത്യദുരിതത്തിലാക്കുന്നു.
സാമ്പത്തികതകര്‍ച്ച
വിലയിടിവിലും, കൃഷി നാശത്തിലും മുങ്ങിത്താഴുന്ന കര്‍ഷകമക്കള്‍ക്ക് ഒരു ചെറിയ കൈത്താങ്ങോ, ആശ്വാസമോ നല്‍കാന്‍ നിലവില്‍ ഒരു സംവിധാനവുമില്ല. കൃഷിക്കായി എന്ന പേരില്‍ ലക്ഷക്കണക്കിനു രൂപ ശമ്പളം വാങ്ങി, സുഖവാസം നടത്തുന്ന ആയിരക്കണക്കിനു സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍നിന്നും കര്‍ഷകര്‍ക്ക് യാതൊരു പ്രയോജനവും ലഭിക്കുന്നില്ല. ലക്ഷക്കണക്കിനു വരുന്ന, സംഘടിത ഉദ്യോഗസ്ഥ, പെന്‍ഷന്‍കൂട്ടത്തിന്, ബോണസ്സും, ശമ്പളവര്‍ദ്ധനയും മറ്റാനുകൂല്യങ്ങളും, കടം മേടിച്ചു വാരിക്കോരി നല്‍കുമ്പോഴും, കര്‍ഷകരുടെ കണ്ണീരിന് ഇവിടെ പുല്ലുവില. കര്‍ഷകരുടെ കൂടെ നികുതിപ്പണത്തില്‍നിന്നും, മറ്റു വിഭാഗങ്ങള്‍ക്ക് കൈനിറയെ നല്‍കുമ്പോള്‍, എന്തേ ഈ നിസ്സഹായരെ മറക്കുന്നു. ജീവിതകാലം മുഴുവന്‍ മണ്ണിനോട് പടവെട്ടി, ആരോഗ്യവും ആയുസ്സും ബലി നല്‍കുന്നവര്‍, ജീവിതാന്ത്യത്തില്‍ അവഗണനയും, ഇല്ലായ്മയും നേരിട്ട് നരകയാതന അനുഭവിക്കുന്നു.
മറ്റു പ്രശ്നങ്ങള്‍
കൃഷിയിടത്തിലെ നിര്‍മ്മാണനിരോധനം, കാട്ടില്‍നിന്നും ഒരു കി.മീറ്റര്‍ ബഫര്‍സോണ്‍ പ്രഖ്യാപനം തുടങ്ങിയ പുതിയ തീരുമാനങ്ങള്‍ കര്‍ഷകരെ കൂടുതല്‍ വരിഞ്ഞുമുറുക്കുന്നു. കുതിച്ചുയരുന്ന വളം, കീടനാശിനി വിലക്കയറ്റം കാര്‍ഷിക ബഡ്ജറ്റിനെ തകിടം മറിക്കുന്നു. കര്‍ഷകര്‍ക്ക് എന്നും അത്താണിയാകേണ്ട വനം, കൃഷി, റവന്യു വകുപ്പുകള്‍ എപ്പോഴും കര്‍ഷകദ്രോഹം മുഖമുദ്രയാക്കിയിരിക്കുന്നു. പ്രളയം, മണ്ണിടിച്ചില്‍, കൃഷിനാശം, കാലാവസ്ഥാവ്യതിയാനം, മുല്ലപ്പെരിയാര്‍ പ്രശ്നം, യാത്രാദുരിതം തുടങ്ങിയവ എന്നും ഇടുക്കിക്ക് തീരാവേദന സമ്മാനിക്കുന്നു.
മറ്റു പ്രദേശത്തെപ്പോലെ ഇടുക്കിയിലെ കര്‍ഷകരും സ്വയം സംഘടിച്ച് ശക്തരാകാന്‍ എപ്പോഴും വിമുഖത കാണിക്കുന്നു. കര്‍ഷകക്ഷേമത്തിനും സംരക്ഷണത്തിനുമായി രൂപീകൃതമായ പല സംഘടനകളും നിര്‍ജ്ജീവമാകുന്നതും, അവരുടെ സ്വാര്‍ത്ഥതാല്പര്യത്തിനായി സംഘടനയെ കുരുതികൊടുക്കുന്നതും നാം കണ്ടു. ഭരിക്കുന്ന പാര്‍ട്ടികളുടെ കര്‍ഷകസംഘടനകള്‍, സ്വാധീനം ചെലുത്തി കാര്‍ഷിക ക്ഷേമകാര്യങ്ങള്‍ നേടിയെടുക്കാതെ, പകരം തെരുവില്‍ കപടയുദ്ധം നടത്തുന്നതും നാം കാണുന്നു. ഇതര വിഭാഗങ്ങളെല്ലാം, അവരുടെ സംഘടിത ശക്തികൊണ്ട്, അനര്‍ഹമായ പല ആനുകൂല്യങ്ങളും നേടിയെടുക്കുമ്പോഴും, മണ്ണില്‍ വിയര്‍പ്പു ചിന്തി കേരളത്തെ തീറ്റിപ്പോറ്റുന്ന ജനസംഖ്യയുടെ 70% ത്തോളം വരുന്ന കാര്‍ഷികജനത, ഇന്നും അവഗണനയുടെയും നീതിനിഷേധത്തിന്‍റെയും വാഗ്ദാനലംഘനത്തിന്‍റെയും ശവപ്പറമ്പില്‍ അനാഥരായി അലയുന്നു.

