കണ്ണൂർ: മോൻസണ് മാവുങ്കലുമായി ബന്ധപ്പെട്ടും മുൻ ഡ്രൈവർ ഉന്നയിച്ച ആരോപണങ്ങളിലും ഏത് അന്വേഷണവും നേരിടാൻ തയാറാണെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആരോപണങ്ങളിൽ കൃത്യമായ അന്വേഷണമാണ് താനും അഗ്രഹിക്കുന്നത്. പുകമറയിൽ നിൽക്കാൻ താത്പര്യമില്ല. സംശുദ്ധമായ പൊതുപ്രവർത്തനമാണ് തന്റെത്. വേട്ടയാടൽ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. മോൻസണ് മാവുങ്കലുമായി ബന്ധപ്പെട്ട തട്ടിപ്പിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട കോണ്ഗ്രസ് നേതാക്കളുടെ നിലപാടിനെയും അദ്ദേഹം സ്വാഗതം ചെയ്തു.
മുൻ ഡ്രൈവർ ഉന്നയിച്ച ആരോപണങ്ങളിൽ മുൻപും അന്വേഷണം നടന്നതാണ്. പോലീസ് തെളിവ് ചോദിച്ചപ്പോൾ അയാൾക്ക് കൊടുക്കാൻ സാധിച്ചില്ല. വീണ്ടും ഇതേ ആരോപണങ്ങൾ വരുമ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലുണ്ടോ എന്ന് സംശയിക്കുന്നതായും സുധാകരൻ വ്യക്തമാക്കി.