പി.യു. തോമസ്, നവജീവന്‍
നരകയാതനകള്‍ക്കും തീരാവേദനകള്‍ക്കുമൊടുവില്‍ ആ യുവാവ് മരണത്തിന് കീഴടങ്ങി. ഇടുക്കിയിലെ നിര്‍ധനനായ തോട്ടം തൊഴിലാളിക്ക് മുപ്പതാം വയസില്‍ വൃക്കരോഗം ബാധിച്ചതാണ്. ഭാര്യയുടെ കെട്ടുതാലിവരെ വിറ്റുപെറുക്കി വിവിധ ആശുപത്രികള്‍ കയറിയിറങ്ങിയശേഷമാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തുന്നത്. തുടര്‍ ഡയാലിസിസിലൂടെ എങ്ങനെയും ജീവന്‍ നിലനിറുത്താന്‍ ഇദ്ദേഹം താമസം കോട്ടയം ആര്‍പ്പുക്കരയിലേക്ക് മാറ്റി. ഒരു പതിറ്റാണ്ടിലേറെ ആഴ്ചയില്‍ മൂന്നുവീതം ഡയാലിസിസുകള്‍. നിറകണ്ണുകളോടെ സമീപപ്രദേശങ്ങളില്‍ യാചന നടത്തിയാണ് ഇദ്ദേഹം മരുന്നിനുള്ള പണം സ്വരൂപിച്ചിരുന്നത്.
ഗുരുതരരോഗങ്ങള്‍ ബാധിക്കുന്നവരുടെ ജീവിതസാഹചര്യം എത്ര ദുരിതപൂര്‍ണമാണെന്ന് നേരില്‍ കാണാനിടയായ അനുഭവമായിരുന്നു അത്. തേയിലത്തോട്ടത്തില്‍നിന്നുള്ള പരിമിതമായ വേതനം മാത്രമായിരുന്നു മുമ്പ് അയാളുടെ ഏക വരുമാനം. തേയില, കമ്പനിയും തോട്ടവും അടച്ചുപൂട്ടിയതോടെ തൊഴിലും ജീവിതമാര്‍ഗമില്ലാതായി. അതേ കാലത്താണ് വൃക്കയുടെ പ്രവര്‍ത്തനം നിലച്ചുകൊണ്ടിരിക്കുന്നതായി അറിയുന്നത്. കാലപ്പഴക്കത്തില്‍ ഇടിഞ്ഞുപൊളിഞ്ഞു ചോര്‍ന്നൊലിക്കുന്ന എസ്റ്റേറ്റ് ലയത്തിലെ ചെറിയ ഒരു മുറിയിലായിരുന്നു ഭാര്യയും രണ്ടു കുഞ്ഞുങ്ങളും ഉള്‍പ്പെടുന്ന കുടുംബത്തിന്‍റെ താമസം.
നയാപൈസയില്ലാതെ കോട്ടയം മെഡിക്കല്‍ കോളജിലെത്തിയ കാലത്ത് ആ സാധു മനുഷ്യന്‍ കടത്തിണ്ണകളിലും ആശുപത്രി വരാന്തയിലുമാണ് അന്തിയുറങ്ങിയിരുന്നത്. തേയിലത്തോട്ടത്തില്‍നിന്ന് മറ്റൊരു വരുമാനവുമില്ലാതെ ഭാര്യയും മക്കളും പൊറുതിമുട്ടിയ സാഹചര്യത്തില്‍ അവരെയും യുവാവ് കോട്ടയത്തേക്ക് കൊണ്ടുപോന്നു. പില്‍ക്കാലത്ത് മെഡിക്കല്‍ കോളജിനടുത്ത് മാസം ആയിരം രൂപ നിരക്കില്‍ ഒറ്റമുറി വാടകയ്ക്കെടുത്താണ് നാല് അംഗങ്ങള്‍ കഴിഞ്ഞിരുന്നത്. സമീപത്തെ ചില വീടുകളില്‍ ഭാര്യ പകല്‍സമയം അടുക്കള ജോലിക്കു പോകും. ചെറുപ്പക്കാരന്‍ ഇതേസമയം കുഞ്ഞുങ്ങളെ പരിപാലിച്ചിരിക്കും. ഡയാലിസിസിനൊപ്പം മരുന്നുവാങ്ങാനുള്ള വരുമാനം ഭാര്യയുടെ കൂലിവേലയില്‍നിന്ന് ലഭിച്ചിരുന്നില്ല. പണം തികയാതെ വന്നതോടെ ആ യുവാവ് വേദനകളും രോഗവും കടിച്ചമര്‍ത്തി രാത്രി തട്ടുകടയില്‍ ജോലി നോക്കാന്‍ പോയിരുന്നു.
ഇത്തരത്തില്‍ ദുരിതപ്പെട്ടു കഴിയുമ്പോഴാണ് കോവിഡ് മഹാമാരിയുടെ വരവ്, തട്ടുകട അതിന്‍റെ ഉടമ അടച്ചുപൂട്ടി. ഭാര്യയ്ക്കും ജോലിയില്ലാതായി. ഭക്ഷണത്തിനും മരുന്നിനും വലഞ്ഞ ആ കുടുംബം നവജീവന്‍ ട്രസ്റ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗികള്‍ക്ക് എത്തിക്കുന്ന ഭക്ഷണം വാങ്ങാന്‍ രണ്ടു നേരവും മുടങ്ങാതെ എത്തിയിരുന്നു.
അടുത്തയിടെ ചികിത്സ ഫലിക്കാതെ രോഗം കലശലായതോടെ മാസങ്ങളോളം കിടപ്പിലായി. മരിച്ചാല്‍ മതിയെന്ന് ആഗ്രഹിച്ച് അക്കാര്യം ഡോക്ടര്‍മാരോടു പറയുകയും ചെയ്തു നിസ്സഹായനായ ആ മനുഷ്യന്‍. ഡയാലിസിസും മരുന്നുകളും ഫലിക്കാതെ ഈയിടെ അയാള്‍ മരിച്ചു. മൃതദേഹം ആംബുലന്‍സില്‍ നാട്ടിലെത്തിക്കാന്‍പോലും ആ കുടുംബത്തിന് മറ്റുള്ളവരുടെ സഹായം തേടേണ്ടിവന്നു. ഏവരുടെയും കണ്ണുകള്‍ നിറച്ചു ഭാര്യയുടെ നിലവിളിയും ആ കുഞ്ഞുങ്ങളുടെ മുഖത്തെ നിരാശയും.
നാം ഓര്‍ക്കണം, രോഗമില്ലാത്ത അവസ്ഥ എത്ര വലിയ ദൈവാനുഗ്രഹമാണെന്ന്. ഒരു ഡയാലിസിസിനുവേണ്ടി ഊഴം കാത്തുനില്ക്കുന്നവര്‍ ആശുപത്രികളില്‍ നൂറുകണക്കിന് പേരാണ്. അവരുടെ ആശങ്കകള്‍ക്കും നിരാശകള്‍ക്കും മുന്നിലാണ് നാമൊക്കെ രോഗമില്ലാതെ ആശ്വസിക്കുന്നത്. മനസമാധാനം, സാമ്പത്തിക ഭദ്രത, സന്തോഷം എന്നിവയൊക്കെ അനുഭവിക്കാന്‍ ഭാഗ്യമുള്ള നാമൊക്കെ ഓര്‍ക്കണം ദുരിതപ്പെടുന്ന ഒട്ടേറെ മനുഷ്യര്‍ ചുറ്റുമുണ്ടെന്ന്. ആ രോഗികളുടെ വിശപ്പും വേദനയും നിരാശയും മാത്രമല്ല അവരുടെ തണലില്‍ ജീവിക്കേണ്ട കുടുംബത്തിന്‍റെ ദുഃഖവും തകര്‍ച്ചകളും നാം മനസിലാക്കണം. സങ്കടങ്ങളുടെ ലോകത്ത് വേദനിക്കുന്ന രോഗികളെ നാം കാണണം. അവര്‍ക്ക് ആവുന്ന ആശ്വാസവും സഹായവും നല്‍കണം. കരുണയുള്ളവരും മനുഷ്യത്വമുള്ളവരുമായി നാമൊക്കെ മാറാന്‍ വല്ലപ്പോഴുമെങ്കിലും മെഡിക്കല്‍ കോളജ് പോലുള്ള ആതുരാലയങ്ങളുടെ വരാന്തകളിലൂടെയും വാര്‍ഡുകളിലൂടെയും നടന്നാല്‍ മതിയാകും.

