ഇടുക്കി: പെട്ടിമുടിയിലെ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായിട്ട് ഒരുമാസം. അപകടത്തില്‍ കാണാതായ 70 പേരില്‍ നാല് പേരെ കണ്ടെത്താനായിട്ടില്ല. അപകടത്തെ അതിജീവിച്ചവര്‍ക്ക് പുതിയ വീട് നിര്‍മിച്ച് നല്‍കുന്നതിനുള്ള നടപടികളും ഇനിയും എങ്ങുമെത്തിയിട്ടില്ല.
കഴിഞ്ഞ ഓഗസ്റ്റ് ആറിന് രാത്രി വരെ പെട്ടിമുടി ശാന്തമായിരുന്നു. എന്നാല്‍ രാത്രി പത്തേമുക്കാലിനുണ്ടായ ഉരുള്‍പൊട്ടല്‍ പെട്ടിമുടിയെ ദുരന്തഭൂമിയാക്കി. നാല് ലയങ്ങളിലായി ഉണ്ടായിരുന്ന 36 വീടുകള്‍ മണ്ണിനടിയിലായി. മൊബൈല്‍ ടവര്‍ നിശ്ചലമായിരുന്നതിനാല്‍ പെട്ടിമുടി ദുരന്തം പുറത്തറിഞ്ഞത് പിറ്റേദിവസം രാവിലെ. ഇതിനകം അപകടത്തില്‍പ്പെട്ട 82 പേരില്‍ 70 പേര്‍ മണ്ണിനടിയിലായി.നാല് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. രക്ഷപ്പെട്ടത് 12 പേര്‍ മാത്രം.
ദുരന്തമുണ്ടായി ഒരാഴ്ചക്ക് ശേഷം പെട്ടിമുടിയില്‍ എത്തിയ മുഖ്യമന്ത്രി അപകടത്തില്‍പ്പെട്ടവരുടെ പുനരധിവാസം ഉറപ്പ് നല്‍കിയിരുന്നു. തോട്ടം ഉടമകളായ കണ്ണന്‍ ദേവന്‍ കമ്ബനിയുമായി ചര്‍ച്ച നടത്തി വീട് നിര്‍മിച്ച് നല്‍കുമെന്നായിരുന്നു വാഗ്ദാനം. പെട്ടിമുടി ദുരന്തത്തെ കുറിച്ചുള്ള പ്രത്യേക സംഘത്തിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചിരുന്നു. റിപ്പോട്ടിന്‍റെ അടിസ്ഥാനത്തില്‍ കണ്ണന്‍ദേവന്‍ കമ്ബനിയുമായി ജില്ലാ ഭരണകൂടം നടത്താനിരിക്കുന്ന ചര്‍ച്ചയിലാണ് ഇനി പെട്ടിമുടിക്കാരുടെ പ്രതീക്ഷ.

