വത്തിക്കാൻ സിറ്റി: ക്ഷമയും കരുണയും ജീവിതത്തിന്റെ ഭാഗമാക്കിയാൽ സഹനങ്ങളെയും പ്രതിസന്ധികളെയുമെല്ലാം എളുപ്പം ഒഴിവാക്കാനാകുമെന്ന് ഉദ്‌ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ. എന്നാൽ, നമ്മുടെ അയൽക്കാരോട് ക്ഷമിക്കാതെ നമ്മോട് ക്ഷമിക്കണമേയെന്ന് ദൈവത്തോട് യാചിക്കാൻ കഴിയില്ലെന്നും പാപ്പ പറഞ്ഞു. കഴിഞ്ഞ ദിവസത്തെ ആഞ്ചലൂസ് പ്രാർത്ഥനയിൽ സന്ദേശം നൽകവേയാണ്, പ്രതിസന്ധികളെ അതിജീവിക്കാനുള്ള ക്രിസ്തുമാർഗം പാപ്പ ഓർമിപ്പിച്ചത്.
തെറ്റുചെയ്യുന്നവരോട് 70 പ്രാവശ്യം ക്ഷമിക്കണമെന്ന് പത്രോസിനോട് യേശു അരുളിചെയ്യുന്ന മത്തായിയുടെ സുവിശേഷത്തിലെ ഉപമ വിശദീകരിച്ചുകൊണ്ടായിരുന്നു പാപ്പ സന്ദേശം നൽകിയത്. ക്ഷമിക്കാനും സ്‌നേഹിക്കാനും നാം ശ്രമിക്കുന്നില്ലെങ്കിൽ നാം ഒരിക്കലും ക്ഷമിക്കപ്പെടുകയോ സ്‌നേഹിക്കപ്പെടുകയോ ഇല്ല. ഏഴ് എഴുപത് തവണ എന്ന് യേശു അരുൾചെയുന്നതിന്റെ പൊരുൾ എക്കാലവും ക്ഷമിക്കണം എന്നതാണ്.
ക്ഷമയും കരുണയും നമ്മുടെ ജീവിതചര്യയാകുമ്പോൾ സഹനങ്ങളും പ്രതിസന്ധികളും കഷ്ടപ്പാടുകളും ഒഴിവാക്കാനാകും. കരുണയും ക്ഷമയും ജീവിതത്തിന്റെ ഭാഗമായാൽ എത്രയോ യുദ്ധങ്ങളും സഹനങ്ങളും മുറിവുകളുമെല്ലാം ഒഴിവാക്കാനാകും. ദൈവീക മനോഭാവം ഇക്കാര്യത്തിൽ നാം മാതൃകയാക്കണം. കരുണയാൽ സമ്പന്നമായ നീതിയാണ് ദൈവത്തിന്റെ പ്രത്യകത. അത് നാമും ജീവിതത്തിൽ പ്രാവർത്തികമാക്കുക തന്നെ വേണം.
ഈ അവസരത്തിൽ നമ്മുടെ അന്ത്യസമയത്തെ കുറിച്ച് ചിന്തിക്കാം, വെറുക്കുന്നത് അവസാനിപ്പിക്കാം. ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിക്കുന്നപോലെ ഞങ്ങളുടെ കടങ്ങളും ക്ഷമിക്കണമേയെന്ന കർതൃപ്രാർത്ഥനയിലെ വാക്യത്തിന് വെളിച്ചം വീശാൻ പ്രസ്തുത ഉപമ നൽകുന്ന സന്ദേശത്തിന് കഴിയട്ടെ. എന്തെന്നാൽ അയൽക്കാരനോട് ക്ഷമിക്കുന്നില്ലെങ്കിൽ നമുക്ക് ദൈവത്തോട് ക്ഷമ ചോദിക്കാൻ കഴിയില്ലെന്ന നിർണായകമായ സത്യം അതിൽ അടങ്ങുന്നുണ്ടെന്നും പാപ്പ ഓർമിപ്പിച്ചു.

