കാഞ്ഞിരപ്പള്ളി: തൊഴിലാളികളുടെ ലഭ്യതക്കുറവ് കണക്കിലെടുത്തു അമൽജ്യോതി എൻജിനിയറിംഗ് കോളജിലെ ഡിപ്പാർട്ട്മെന്റ് ഓഫ് മെക്കാനിക്കൽ എൻജിനിയറിംഗ് ഓട്ടോമൊബൈലിന്റെ നേതൃത്വത്തിൽ ചെറുകിട പൈനാപ്പിൾ കർഷകരെ സഹായിക്കുന്നതിനായി പുതിയ തരം പോർട്ടബിൾ പൈനാപ്പിൾ പ്ലാന്റ് വൈൻഡിംഗ് മെഷീൻ വികസിപ്പിച്ചെടുത്തു
കൈതച്ചെടികളെ അതിന്റെ പോളയ്ക്കു ക്ഷതം സംഭവിക്കാതെ മുപ്പതോളമെണ്ണം നന്നായി വരിഞ്ഞുകെട്ടത്തക്ക രീതിയിൽ നിർമിച്ചിട്ടുള്ളതാണ് പുതിയ ഉപകരണം. റീപ്ലാന്റിംഗിനായി കൈതച്ചെടികളെ കെട്ടുകളാക്കി മാറ്റാൻ ഉപകരണം വളരെയേറെ ഉപകാരപ്പെടും. കന്നുകാലി ഫാമിലേക്കുള്ള കൈതച്ചെടികൾ വരിഞ്ഞുകെട്ടുന്ന വൈൻഡിംഗ് മെഷീൻ കോളജിന്റെ നേതൃത്വത്തിൽ മുന്പ് വികസിപ്പിച്ചെടുത്തിരുന്നു. വരിഞ്ഞുമുറുക്കുന്പോൾ പോളകൾക്കു ക്ഷതം സംഭവിക്കുന്നത് ഒഴിവാക്കാനാണ് പുതിയ ഉപകരണം.
തോട്ടങ്ങളുടെ വിവിധ ഭാഗങ്ങളിൽ മെഷീനുമായി എത്താനുള്ള സൗകര്യം കണക്കിലെടുത്തു 10 കിലോ ഭാരം മാത്രമുള്ള തും വളരെ ലളിതമായി പ്രവർത്തിപ്പിക്കാവുന്നതുമായ തരത്തിലാണ് പുതിയ മെഷീൻ വികസിപ്പിച്ചെടുത്തത്. ബെൽറ്റ് ഘടിപ്പിച്ച ഒരു ലിവർ കൈ ഉപയോഗിച്ചും കാലുകൊണ്ട് ചവിട്ടിയുമാണ് ഉപകരണത്തിന്റെ പ്രവർത്തനം. ചെറുകിട കർഷകരെ ലക്ഷ്യമാക്കി കുറഞ്ഞ വിലയ്ക്ക് ഉപകരണം ലഭ്യമാക്കാൻ സാധിക്കും.
തേങ്ങാ പൊതിക്കാൻ ഉപയോഗിക്കുന്ന ലിവർ ഘടിപ്പിച്ച പാര കണ്ടുപിടിച്ച ഡോ. ജിപ്പു ജേക്കബ് തന്റെ കണ്ടുപിടിത്തിന് 25 വർഷമായ വേളയിലാണ് എ.എം. സാബു, ജോബി മാത്യു എന്നിവർക്കൊപ്പം പുതിയ ഉപകരണം വികസിപ്പിച്ചെടുത്തത്.
മരിയൻ പൈനാപ്പിൾ പ്ലാന്റേഷൻസിനുവേണ്ടിയാണ് പുതിയ ഉപകരണം വികസിപ്പിച്ചെടുത്തത്. കോളജിൽ നടന്ന ചടങ്ങിൽ സെൻട്രൽ ട്രാവൻകൂർ പൈനാപ്പിൾ ആൻഡ് റബർ ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജോജി വാളിപ്ലാക്കലിനു കോളജ് മാനേജർ റവ.ഡോ. മാത്യു പായിക്കാട്ട്, പ്രിൻസിപ്പൽ ഡോ. സെഡ്. വി. ളാകപ്പറന്പിൽ എന്നിവർ ചേർന്ന് വൈൻഡിംഗ് മെഷീൻ കൈമാറി.

