രൂപ വീണ്ടും കൂപ്പുകുത്തി; എക്കാലത്തെയും താഴ്ന്ന നിലവാരത്തില്‍

അമേരികന്‍ ഡോളറിനെതിരെ ഇന്‍ഡ്യന്‍ രൂപ 43 പൈസ ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിരക്കായ 82.33 ലെത്തി.വ്യാഴാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 81.89 എന്ന നിലയിലായിരുന്നു. 73.77-82.32 ആണ് 52 ആഴ്ചത്തെ രൂപയുടെ മൂല്യം. 2022 സെപ്റ്റംബര്‍ 23 നാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം ആദ്യമായി 81 രൂപയിലെത്തിയത്.എണ്ണവില വര്‍ധനവിനൊപ്പം പലിശനിരക്ക് ഉയര്‍ത്തുന്ന നടപടികളുമായി ഫെഡറല്‍ റിസര്‍വ് മുന്നോട്ട് പോകുന്നതും രൂപയെ ദുര്‍ബലപ്പെടുത്തുന്നു. ഈ വര്‍ഷം ഇന്‍ഡ്യന്‍ രൂപയുടെ മൂല്യം 10.7% ഇടിഞ്ഞു. യുഎസ് സെന്‍ട്രല്‍ ബാങ്ക് അടുത്തിടെ തുടര്‍ചയായ മൂന്നാം തവണയും പലിശ നിരക്ക് ഉയര്‍ത്തിയിരുന്നു . ഫെഡറല്‍ റിസര്‍വ് 0.75% മുതല്‍ 3-3.25% വരെയാണ് പലിശനിരക്ക് ഉയര്‍ത്തിയത്. പണപ്പെരുപ്പം നിയന്ത്രിക്കാനാണ് പലിശ നിരക്ക് വര്‍ധിപ്പിച്ചത്. അമേരികയിലെ പണപ്പെരുപ്പം 40 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരിക്കുകയാണ്.

രൂപയുടെ ഇടിവ് അര്‍ഥമാക്കുന്നത് സാധനങ്ങളുടെ ഇറക്കുമതി ഇന്‍ഡ്യയ്ക്ക് ചിലവേറിയതായിരിക്കുമെന്നാണ്. ഇതുകൂടാതെ, അമേരികയില്‍ യാത്ര ചെയ്യാനും പഠിക്കാനും ചിലവ് കൂടും. ഇത് വരും നാളുകളില്‍ ആഭ്യന്തര വിപണിയിലെ പെട്രോള്‍, ഡീസല്‍ വിലയെയും ബാധിക്കും. എന്നിരുന്നാലും, രൂപയുടെ മൂല്യം കുറയുന്നത് രാജ്യത്തെ കയറ്റുമതിക്കാര്‍ക്ക് നല്ല കാര്യമാണ്.