ചരിത്രത്തിൽ ആദ്യമായി ലോഗോ മാറ്റി ടൈം മാഗസിൻ. നൂറുവർഷത്തിൽ ആദ്യമായാണ് കവർ പേജിലെ ടൈം ലോഗോ ഇല്ലാതെ മാഗസിൻ ഇറങ്ങുന്നത്. ‘ടൈം’ എന്നതിന് പകരം ‘വോട്ട്’ എന്ന വാക്ക് ചേർത്താകും നവംബർ രണ്ടിലെ ഇരട്ടപതിപ്പുകളിൽ ഒരു മാഗസിൻ ഇറങ്ങുക.യു.എസ് തെരഞ്ഞെടുപ്പിൽ ജനതയോട് വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്തുകൊണ്ടുള്ളതാണ് പുതിയ കവർ.
ആധുനിക ചരിത്രത്തിൽ ഏറ്റവും ഭിന്നിപ്പ് നിലനിൽക്കുന്നതും നിർണായകവുമാണ് ഇത്തവണത്തെ യു.എസ് തെരഞ്ഞെടുപ്പ്. ഇൗ സമയത്ത് പൗരന്മാരോട് തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാൻ ആഹ്വാനം ചെയ്യുന്നു. വേദന, പ്രയാസങ്ങൾ, അരാജകത്വം, നഷ്ടം തുടങ്ങിയവയിൽ ഒരു വർഷത്തിനുശേഷം നമ്മുടെ അവസ്ഥ മാറ്റാനുള്ള അവസരം വന്നുചേർന്നിരിക്കുന്നു -ടൈം മാഗസിൻ എഡിറ്റർ ഇൻ ചീഫ് സി.ഇ.ഒ എഡ്വേർഡ് ഫെൽസെന്താൽ പറഞ്ഞു.ഇത് ഒരു ചരിത്ര നിമിഷം അടയാളപ്പെടുത്തുന്നതിനാണ്. നമ്മൾ ബാലറ്റ് ബോക്സിൽ എടുക്കുന്ന തീരുമാനം പേലെ ദീർഘകാല ഫലമുണ്ടാകേണ്ട ഒരു വിഷയം.100വർഷം നീണ്ട ചരിത്രത്തിൽ ആദ്യമായി യു.എസ് പതിപ്പിെൻറ കവറിൽ ലോഗോ മാറ്റിയത് എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്നത് അനിവാര്യമാണെന്ന് സൂചിപ്പിക്കാനാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നവംബർ രണ്ടിനാണ് മാഗസിൻ പുറത്തിറക്കുക. ബാലറ്റ് ബോക്സിെൻറ ചിത്രം പതിപ്പിച്ച തുണികൊണ്ട് മുഖവും വായും മറച്ചിരിക്കുന്ന ഒരു സ്ത്രീയുടെ ചിത്രമാണ് നവംബർ രണ്ടിലെ മാഗസിൻ കവറിലെ ചിത്രം. കവറിലെ ആർട്ട് വർക്ക് ചെയ്തിരിക്കുന്നത് ഷെപ്പേർഡ് ഫെയറിയാണ്. 2008ൽ ബറാക്ക് ഒബാമക്കായി ചെയ്ത ഹോപ്പ് എന്ന ഇദ്ദേഹത്തിെൻറ പോസ്റ്റർ വളരെ പ്രസിദ്ധമായിരുന്നു.