തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞു അതിതീവ്ര ന്യൂനമര്‍ദമായി. കേന്ദ്ര കാലാവസ്ഥ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. രാമനാഥപുരത്തിനടുത്ത് വെച്ച് തന്നെ ശക്തി കുറഞ്ഞ് തീവ്ര ന്യൂനമര്‍ദമായി മാറിയതായി കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഇന്ന് അര്‍ദ്ധരാത്രിയോടെ തന്നെ രാമനാഥപുരത്ത് കൂടി കാറ്റ് കരയില്‍ പ്രവേശിക്കും.
മാന്നാര്‍ കടലിടുക്കില്‍ എത്തിയ ‘ബുറേവി’ചുഴലിക്കാറ്റ് കഴിഞ്ഞ 6 മണിക്കൂറായി മണിക്കൂറില്‍ 9 കിമീ വേഗതയില്‍ പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ രാമനാഥപുരത്തിന് സമീപമായി 9.2° N അക്ഷാംശത്തിലും 79.1 °E രേഖാംശത്തിലും എത്തിയിട്ടുണ്ട്. ഇത് മാന്നാറില്‍ നിന്ന് 20 കിമീ ദൂരത്തിലും, കന്യാകുമാരിയില്‍ നിന്ന് ഏകദേശം 210 കിമീ ദൂരത്തിലുമാണ്.
നിലവില്‍ അതിതീവ്ര ന്യൂനമര്‍ദത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 55 മുതല്‍ 65 കിമീ വരെയും ചില അവസരങ്ങളില്‍ 75 കിമീ വരെയുമാണ്.
അതിതീവ്ര, ന്യൂനമര്‍ദം ഡിസംബര്‍ 3 ന് രാത്രിയോട് കൂടി രാമനാഥപുരം, തൂത്തുക്കുടി ജില്ലകളിലേക്ക് പ്രവേശിക്കും. കരയിലേക്ക് പ്രവേശിക്കുമ്ബോള്‍ കാറ്റിന്‍റെ പരമാവധി വേഗത മണിക്കൂറില്‍ ഏകദേശം 50 മുതല്‍ 60 കിമീ വരെയും ചില അവസരങ്ങളില്‍ 70 കി.മീ. വരെയും ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ ബുള്ളറ്റിന്‍ പ്രകാരം അതിതീവ്ര ന്യൂനമര്‍ദം തമിഴ്നാട്ടിലൂടെ സഞ്ചരിച്ച് കൂടുതല്‍ ദുര്‍ബലമായി ഒരു ന്യൂനമര്‍ദമായി മാറി കൊണ്ടായിരിക്കും കേരളത്തിലേക്ക് പ്രവേശിക്കുക. കേരളത്തിലേക്ക് പ്രവേശിക്കുമ്ബോള്‍ മണിക്കൂറില്‍ ഏകദേശം 30 മുതല്‍ 40 കിമീ വേഗതയാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ വടക്ക് കിഴക്കന്‍ മേഖലയിലൂടെ ന്യൂനമര്‍ദം അറബിക്കടലിലെത്തും. കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയുണ്ട്.
ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു. വിലക്ക് എല്ലാതരം മല്‍സ്യബന്ധന യാനങ്ങള്‍ക്കും ബാധകമായിരിക്കും. ന്യൂനമര്‍ദത്തിന്റെ വികാസവും സഞ്ചാരപഥവും വിലയിരുത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അനുമതി നല്‍കുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ അനുവദിക്കുന്നതല്ല