പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷം;കര്‍ഷകരുടെ നാളെത്തെ ദേശീയപാത ഉപരോധം നേരിടാന്‍ വൻ സുരക്ഷ

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷ ആലോചന. തിങ്കളാഴ്ച രാജ്യസഭയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യാനിരിക്കെയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം. കര്‍ഷക സമരത്തിന് പിന്തുണയര്‍പ്പിക്കാന്‍ ഗാസിപ്പൂരിലെത്തിയ എം പിമാരെ ഡല്‍ഹി പൊലീസ് തടഞ്ഞതില്‍ പ്രതിപക്ഷ നേതാക്കള്‍ സ്‌പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

കര്‍ഷകരുടെ നാളെത്തെ ദേശീയപാത ഉപരോധം നേരിടാന്‍ ഡല്‍ഹി പൊലീസ് വലിയ ഒരുക്കങ്ങളാണ് നടത്തുന്നത്. സിംഘുവില്‍ സുരക്ഷ വീണ്ടും കൂട്ടിയിട്ടുണ്ട്. അഞ്ചിടങ്ങളില്‍ കൂടി കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ വച്ചു. അര്‍ദ്ധസൈനികരെ അടക്കം കൂടുതല്‍ വിന്യസിച്ചിട്ടുണ്ട്.

കര്‍ഷകര്‍ നാളെ ഡല്‍ഹിയിലേക്ക് കടന്ന് പ്രധാന പാതകളിലെ ഗതാഗതം തടസപ്പെടുത്താതെയിരിക്കാനാണ് നടപടിയെന്ന് പൊലീസ് പറഞ്ഞു.

നാളത്തെ രാജ്യവ്യാപക റോഡ് ഉപരോധം ചര്‍ച്ച ചെയ്യാന്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗം ഇന്ന് സിംഘുവില്‍ ചേരും. ആറാം തീയതിയിലെ പ്രക്ഷോഭത്തില്‍ രാജ്യത്തെ എല്ലാ ദേശീയപാതകളും സ്‌തംഭിപ്പിക്കുമെന്നാണ് കര്‍ഷകരുടെ മുന്നറിയിപ്പ്. കര്‍ഷക പ്രക്ഷോഭത്തില്‍ എല്ലാ കര്‍ഷകരുടെയും പങ്കാളിത്തം ഉറപ്പാക്കാന്‍ രാജ്യവ്യാപകമായി മഹാപഞ്ചായത്തുകള്‍ വിളിക്കാനാണ് കര്‍ഷക സംഘടനകളുടെ നീക്കം. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ മഹാപഞ്ചായത്തുകളില്‍ പ്രമേയം പാസാക്കും.

ഹരിയാനയിലെ ജിന്ദിലടക്കം നടന്ന മഹാപഞ്ചായത്തുകള്‍ക്ക് കര്‍ഷകരുടെ വലിയ പിന്തുണ കിട്ടിയിരുന്നു. ആ മാതൃകയില്‍ രാജ്യവ്യാപകമായി എല്ലാ താലൂക്കുകളിലും ജില്ലാ കേന്ദ്രങ്ങളിലും മഹാപഞ്ചായത്തുകള്‍ വിളിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. ഈമാസം പത്ത് വരെ ബി ജെ പി ജനപ്രതിനിധികള്‍ക്കെതിരെ പ്രചാരണം നടത്താനും നീക്കമുണ്ട്.

Leave a Reply