മഞ്ഞുമലയിടിഞ്ഞ് ദുരന്തം ഉണ്ടായ ഉത്തരാഖണ്ഡിലെ ചമോലിയില്‍ 200 ലധികം പേരെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുന്നു. പ്രതികൂല കാലാവസ്ഥ തിരച്ചിലിന് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ദുരന്ത മേഖലയിലെ സാഹചര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വിലയിരുത്തി. തിരച്ചില്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സേനാ വിഭാഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
ഹിമപാതം മാത്രമല്ല, മലയിടിച്ചിലില്‍ കല്ലും മണലും വന്നു വീഴുന്നത് മൂലവും മഞ്ഞുമലത്തടാകങ്ങള്‍ തകരാറുണ്ട്. അടുത്തകാലത്ത് മഞ്ഞുരുകി രൂപം കൊണ്ട തടാകങ്ങളാണിവയെന്നതിനാല്‍ അവയുടെ ഭിത്തികള്‍ ദുര്‍ബലമായിരിക്കും. ചെറിയ അളവില്‍ കല്ലും മണലും വന്നുവീണാലും തകരാനുള്ള സാധ്യത കൂടുതലാണ്.
ഈ സാഹചര്യത്തിലാണ് തിരച്ചില്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയത്.
അതേസമയം, മഞ്ഞുമല ഇടിഞ്ഞതിന്റെ കാരണം ഹിമപാതം ആണോ എന്ന അന്തിമ നിഗമനത്തിലെത്താനായിട്ടില്ലെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. മഞ്ഞുമല ഉരുകി രൂപം കൊണ്ട തടാകം തകര്‍ന്നതാണ് ഉത്തരാഖണ്ഡിലെ പ്രളയത്തിന് കാരണം എന്ന നിഗമനത്തില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഹിമപാതം ഉണ്ടായതായി ഇനിയും തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് കൂടുതല്‍ പഠനം ആവശ്യമായി വരുന്നത്.
അപകടത്തില്‍ 20 പേര്‍ മരിച്ചതായാണ് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗികമായ സ്ഥിരീകരണം. മൃതദേഹങ്ങള്‍ ചെളിയില്‍ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. കാണാതായ 200 പേരില്‍ 170 പേര്‍ തപോവന്‍ ജലവൈദ്യുത നിലയവുമായി ബന്ധപ്പെട്ട് നിര്‍മിക്കുന്ന രണ്ട് തുരങ്കങ്ങളില്‍ ജോലി ചെയ്യുന്നവരാണ്. ഭൂരിഭാഗം തൊഴിലാളികളും കിഴക്കന്‍ യു.പിയില്‍ നിന്നും ബിഹാറില്‍ നിന്നുമുള്ളവരാണ്. ദുരന്ത മേഖല സന്ദര്‍ശിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്, കേന്ദ്ര മന്ത്രി രമേഷ് പൊക്രിയാല്‍ തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനം വിലയിരുത്തി. അടിയന്തര സഹായത്തിന് 20 കോടി രൂപ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു

