അതിർത്തിയിൽ നിന്ന് ഇരു സേനകളും പിന്മാറാന്‍ ഇന്ത്യയും ചൈനയും തമ്മില്‍ ധാരണ; സ്ഥിരീകരിച്ച്‌ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്

ന്യൂഡല്‍ഹി: പാം​ഗോ​ങ് ത്സോയില്‍ നിന്ന് ഇരു സേനകളും പിന്മാറാന്‍ ഇന്ത്യയും ചൈനയും തമ്മില്‍ ധാരണയായെന്നു സ്ഥിരീകരിച്ച്‌ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. കൃത്യമായ പരിശോധനകളോടെ, ഘട്ടംഘട്ടമായി സേനാപിന്മാറ്റം നടക്കുമെന്നും അദ്ദേഹം. തടാകത്തിന്റെ വടക്കും തെക്കും കരകളില്‍ നിന്ന് ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ പിന്മാറിത്തുടങ്ങിയതായി ഇന്നലെ ചൈ​നീ​സ് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാജ്നാഥിന്റെ സേനാപിന്മാറ്റം സംബന്ധിച്ച പ്രഖ്യാപനം. ഇന്നു ലോക്സഭയില്‍ കിഴക്കന്‍ ലഡാഖിലെ സ്ഥിതിഗതികളെക്കുറിച്ചു പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം.

പാം​ഗോ​ങ് തടാകപ്രദേശത്തുനിന്നു മുന്‍നിര സൈനികര്‍ പിന്മാറുമ്ബോള്‍ ഇന്ത്യയ്ക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് താന്‍ സഭയ്ക്ക് ഉറപ്പുനല്‍കുകയാണെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.

ഇന്ത്യയുടെ സുരക്ഷിതത്വത്തിനാവശ്യമായ എല്ലാ നടപടികളും സൈന്യം സ്വീകരിച്ചിട്ടുണ്ട്. കിഴക്കന്‍ ലഡാഖിലെ സ്ഥിതിഗതികള്‍ ഇന്ത്യന്‍ സേന വളരെ ഫലപ്രദമായി കൈകാര്യം ചെയ്തു. സേനയുടെ മുന്‍തൂക്കം നിലനിര്‍ത്തി. ചര്‍ച്ചകളിലൂടെ അതിര്‍ത്തിത്തര്‍ക്കത്തിനു പരിഹാരം കാണണമെന്ന നിലപാട് തുടക്കം മുതല്‍ ഇന്ത്യ ചൈനയെ അറിയിച്ചിരുന്നു.

സേനാ വിന്യാസം, അതിര്‍ത്തി പട്രോളിങ് തുടങ്ങിയവയില്‍ ഇനിയും ഇരു രാജ്യങ്ങളും തമ്മില്‍ ചില വിഷയങ്ങളുണ്ട്. ഇവയും പരിഹരിക്കാന്‍ ചൈന ഇന്ത്യയോടു സഹകരിക്കുമെന്നാണു കരുതുന്നത്. ഉഭയകക്ഷി ധാരണപ്രകാരം സമ്ബൂര്‍ണ സേനാപിന്മാറ്റം കഴിയും വേഗം പൂര്‍ത്തിയാക്കാന്‍ ഇരു രാജ്യങ്ങളും സമ്മതിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പരമാധികാരം കാത്തുസൂക്ഷിക്കുന്നതില്‍ ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യം ചൈനയ്ക്കറിയാം. പരമാധികാരം, ഐക്യം, അഖണ്ഡത, സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് ഞാന്‍ സഭയ്ക്ക് ഉറപ്പുനല്‍കുന്നു. നമ്മുടെ ഒരിഞ്ചു ഭൂമി പോലും മറ്റാരും സ്വന്തമാക്കാന്‍ രാജ്യം സമ്മതിക്കില്ല.

പാം​ഗോ​ങ് തടാകക്കരയിലെ സേനാ പിന്മാറ്റം പൂര്‍ത്തിയായി 48 മണിക്കൂറിനുള്ളില്‍ സൈനിക കമാന്‍ഡര്‍മാരുടെ അടുത്ത യോഗം വിളിച്ചുചേര്‍ക്കാന്‍ ഇരു രാജ്യങ്ങളും സമ്മതിച്ചിട്ടുണ്ട്. ഫിംഗര്‍ എട്ടിനു കിഴക്കായി വടക്കു ഭാഗത്തേക്ക് ചൈനീസ് സേന പിന്മാറും. ഫിംഗര്‍ മൂന്നിനു സമീപമുള്ള ധ്യാന്‍ സിങ് ഥാപ്പ സ്ഥിരം താവളത്തിലേക്കാണ് ഇന്ത്യന്‍ സേന പിന്മാറുക- രാജ്നാഥ് വ്യക്തമാക്കി.

ത​ടാ​ക​ത്തി​ന്റെ തെ​ക്കും വ​ട​ക്കും ക​ര​ക​ളി​ലെ മു​ന്‍​നി​ര സേ​ന​ക​ള്‍ ഒരു​പോ​ലെ പി​ന്മാ​റി​ത്തു​ട​ങ്ങി​യെ​ന്നാണ് ഇന്നലെ ചൈ​നീ​സ് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം വ​ക്താ​വും സീ​നി​യ​ര്‍ കേ​ണ​ലു​മാ​യ വു ​ക്വി​യാ​ന്‍ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞിരുന്നത്. മോ​സ്കോ​യി​ല്‍ ഇ​രു​ രാ​ജ്യ​ങ്ങ​ളു​ടെ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ര്‍ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യു​ടെ​യും ക​മാ​ന്‍​ഡ​ര്‍​മാ​ര്‍ ന​ട​ത്തി​യ ഒ​മ്ബ​തു വ​ട്ടം ച​ര്‍​ച്ച​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ന​ട​പ​ടി​യെ​ന്നു ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും വ്യക്തമാക്കിയിരുന്നു.

Leave a Reply