ആറുമാസമായി കല്‍ത്തുറങ്കില്‍ അടയ്ക്കപ്പെട്ട നീതിദേവത ഫാ. സ്റ്റാന്‍ സ്വാമി, എസ്.ജെ: ജീവിക്കുന്ന ഇന്നത്തെ സുവിശേഷം

ജാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കിടയില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ച, പാര്‍ക്കിന്‍സ് രോഗം ബാധിച്ച 83 വയസ്സുകാരനായ ഫാ. സ്റ്റാന്‍ ലൂര്‍ദ് സ്വാമിയെ ദേശീയ സുരക്ഷാ ഏജന്‍സി കഴിഞ്ഞ ഒക്ടോബര്‍ 9-ാം തീയതി അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. നിയമവിരുദ്ധമായി അദ്ദേഹത്തെ ജയിലിലടച്ചതിന്‍റെ പേരില്‍ ദേശീയ-അന്തര്‍ദേശീയ തലത്തില്‍ ഇന്നും പ്രതിഷേധം ഇരമ്പുകയാണ്. ഫാ. സ്റ്റാന്‍ സ്വാമിയുടെ മേല്‍ ആരോപിച്ചിരിക്കുന്ന ‘കുറ്റം’ എന്താണ്?
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ ജനിച്ച് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി 1957 ല്‍ ഈശോസഭയുടെ ജാംഷഡ്പൂര്‍ പ്രോവിന്‍സില്‍ ചേര്‍ന്നു. ഫിലിപ്പിന്‍സിലെ മനില യൂണിവേഴ്സിറ്റിയില്‍നിന്നും സോഷ്യോളജിയില്‍ എം.എ. നേടിയശേഷം ബല്‍ജിയത്തിലെ ലൂവ്യില്‍ യൂണിവേഴ്സിറ്റിയില്‍ അതേവിഷയത്തില്‍ ഗവേഷണം നടത്തി. 1975 മുതല്‍ 15 വര്‍ഷത്തോളം ബാംഗ്ലൂരിലെ ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ട്രെയിനറായും ഡയറക്ടറായും സേവനമനുഷ്ഠിച്ചു. 1990 മുതല്‍ ജാര്‍ഖണ്ഡിലെ ആദിവാസികളുടെ അവകാശസംരക്ഷണത്തിനായി “ജോഹാര്‍” എന്ന സംഘടനയുടെ നേതൃത്വം ഏറ്റെടുത്തു. പിന്നീട് റാഞ്ചിയില്‍ ‘ബഗയ്ചാ’ എന്ന പേരില്‍ ആദിവാസികളുടേയും ദളിതരുടേയും ഉന്നമനം ലക്ഷ്യംവച്ച് ഒരു ഐക്യദാര്‍ഢ്യപ്രസ്ഥാനം ആരംഭിച്ചു. ആദിവാസികളുടേയും ദളിതരുടേയും പ്രശ്നങ്ങള്‍ ശാസ്ത്രീയമായി വിശകലനം ചെയ്യുക, അവരുടെ ബോധവത്ക്കരണത്തിനായി ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക, ജനങ്ങളുടെ പ്രശ്നങ്ങള്‍ ഗവണ്മെന്‍റിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുക, അവയുടെ പരിഹാരത്തിനായി നിയമപരമായ പരിരക്ഷ നല്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ‘ബഗയ്ചാ’ പ്രസ്ഥാനത്തിന് ഉണ്ടായിരുന്നത്. ദരിദ്രര്‍ക്കും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കുംവേണ്ടി ഗവണ്മെന്‍റ് നീക്കിവച്ചിരിക്കുന്ന പദ്ധതികളേക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും അറിവില്ലാത്ത ആദിവാസികള്‍ക്ക് ക്ലാസ്സുകളും സെമിനാറുകളും നടത്തി ബോധവത്ക്കരണം നടത്തുകയും അവര്‍ക്ക് ലഭ്യമാകേണ്ട പെന്‍ഷന്‍, സ്കോളര്‍ഷിപ്പ്, മറ്റാനുകൂല്യങ്ങള്‍ മുതലായവ നേടിക്കൊടുക്കുകയും ചെയ്തു. കോവിഡ് കാലത്തെ ലോക്ഡൗണില്‍ പെരുവഴിയിലായ അനേകായിരം കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനുവേണ്ടി ഗവണ്മെന്‍റിനോടും എന്‍.ജി.ഒ.കളോടും മറ്റ് മനുഷ്യാവകാശ സംഘടനകളോടുംചേര്‍ന്ന് ഭക്ഷണവും പാര്‍പ്പിടവും ഒരുക്കാനും അവരുടെ ഭവനങ്ങളില്‍ അവരെ എത്തിക്കാനും ‘ബഗയ്ചാ’ക്ക് കഴിഞ്ഞു.
ഗാന്ധിയന്‍ ദര്‍ശനത്തില്‍ ഉറച്ചുനിന്ന് അഹിംസയുടെ മാര്‍ഗ്ഗത്തിലൂടെയാണ് ഫാ. സ്റ്റാന്‍സ്വാമി സമരങ്ങള്‍ നയിച്ചത്. അദ്ദേഹത്തിന്‍റെ അറസ്റ്റിന്‍റെ പിന്നില്‍ ഖനിവ്യവസായികളുടേയും വന്‍കിടമുതലാളിമാരുടേയും സ്ഥാപിതതാല്പര്യം ആയിരുന്നു എന്നത് നിസ്തര്‍ക്കമായ വസ്തുതയാണ്. ഇന്ത്യയുടെ ധാതുസമ്പത്തിന്‍റെ 40 ശതമാനവും സ്ഥിതിചെയ്യുന്നത് ജാര്‍ഖണ്ഡ് എന്ന കൊച്ചുസംസ്ഥാനത്താണ്. ആദിവാസി ജനവിഭാഗത്തിന്‍റെ നിലനില്പിനെ അസ്ഥിരപ്പെടുത്തുന്ന വികസനഅജണ്ടകള്‍ക്കാണ് ഭരണാധികാരികള്‍ പ്രാമുഖ്യം കൊടുത്തത്. ആദിവാസി ജനവിഭാഗങ്ങളുടെ ഭൂസമ്പത്തും മറ്റ് അവകാശങ്ങളും കവര്‍ന്നെടുക്കുന്ന മുതലാളിത്ത വികസന അജണ്ടകള്‍ക്കെതിരേയാണ് ഫാ. സ്റ്റാന്‍സ്വാമി ശബ്ദമുയര്‍ത്തിയത്. ആദിവാസികളുടെ ഭാഷകള്‍ പഠിച്ചെടുത്ത് അവരുടെ ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് അവരുടെ അവകാശങ്ങളെക്കുറിച്ച് അവരെ പഠിപ്പിച്ച് ബോധവാന്മാരാക്കി ഡാമുകള്‍ നിര്‍മ്മിക്കാനും ഖനികള്‍ സ്ഥാപിക്കാനും ടൗണ്‍ഷിപ്പുകള്‍ നിര്‍മ്മിക്കുന്നതിനുംവേണ്ടി യാതൊരു പ്രതിഫലവും നല്കാതെ ആദിവാസികളില്‍നിന്നും കവര്‍ന്നെടുത്ത ഭൂമി തിരിച്ചുപിടിക്കുന്നതിന് അവരോടൊപ്പംനിന്ന് അദ്ദേഹം സമരംചെയ്തു. ഭരണഘടന ആദിവാസികള്‍ക്ക് ഉറപ്പുനല്‍കുന്ന പ്രത്യേക അവകാശങ്ങളെ ഹനിക്കുന്ന നീക്കങ്ങളേയും നിയമവ്യവസ്ഥയേയും ചോദ്യംചെയ്യാനും പ്രതിരോധിക്കാനും അദ്ദേഹം ആദിവാസി സമൂഹത്തെ സജ്ജമാക്കി. ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂള്‍ നടപ്പാക്കാത്തതിനെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു.
മൂന്നു പതിറ്റാണ്ടായി ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാന്‍ സ്വാമിയെ 2018 ജനുവരി ഒന്നിന് മഹാരാഷ്ട്രയിലെ ഭീമകൊരേഗാവില്‍ നടന്ന ദളിത്-മറാം സംഘര്‍ഷവുമായി ബന്ധപ്പെടുത്തി, തീവ്രവാദ വിരുദ്ധനിയമം ചുമത്തിയാണ്, ഒരിക്കല്‍പോലും അവിടെ പോകാത്ത ഫാ. സ്റ്റാനിനെ എന്‍.ഐ.എ. ജയിലിലടച്ചത്. തികഞ്ഞ സാത്വികനും സത്യത്തിന്‍റേയും നീതിയുടേയും പ്രവാചകനുമായിരുന്ന സ്റ്റാനിന്‍റെ ജീവിതം ഒരു തുറന്ന പുസ്തകംപോലെ സുതാര്യമായിരുന്നു. ആദിവാസികളുടേയും ദളിതരുടേയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടേയും കണ്ണീരൊപ്പാന്‍ ജീവിതം അര്‍പ്പിച്ച ഈ മനുഷ്യനെ ഭീകരവാദിയായി മുദ്ര കുത്താന്‍ എന്‍.ഐ.എ. സൃഷ്ടിച്ചെടുത്ത തെളിവ് അടിസ്ഥാനരഹിതമാണെന്ന് ഇതേക്കുറിച്ച് പഠിക്കുന്ന ഏവര്‍ക്കും അറിയാം. ഫാ. സ്റ്റാനിന്‍റെ ലാപ്ടോപ്പും മറ്റു വസ്തുക്കളും റെയ്ഡ് നടത്തി പിടിച്ചെടുക്കുകയും അവര്‍തന്നെ നിക്ഷേപിച്ച ലാപ്ടോപ്പിലെ വ്യാജഫയലുകള്‍ കാണിച്ച് ഭീമ-കൊറേഗാവ് ലഹള നടത്തിയവരുമായി ബന്ധമുണ്ടെന്നും അവരില്‍നിന്ന് ഫണ്ട് സ്വീകരിച്ചെന്നും ആരോപിക്കാനാണ് എന്‍.ഐ.എ. ശ്രമിച്ചത്. 83 വയസ്സുള്ള രോഗിയായ ഫാ. സ്റ്റാനിനെ അറസ്റ്റ് ചെയ്തരീതി അങ്ങേയറ്റം അനീതിപരവും മനുഷ്യത്വരഹിതവുമാണ്.
മുപ്പതുവര്‍ഷത്തോളം ജാര്‍ഖണ്ഡിലെ ആദിവാസികളുടെയും ദളിതരുടെയും വിമോചനത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ചത് എല്ലാവരാലും അവഗണിക്കപ്പെട്ട ആ മനുഷ്യരില്‍ ദൈവത്തെ കണ്ടതുകൊണ്ടാണ്. മുറിവു മറന്നുകൊണ്ട് യുദ്ധം ചെയ്യാനും വിശ്രമം തേടാതെ അധ്വാനിക്കാനും വില നോക്കാതെ കൊടുക്കാനും പഠിപ്പിച്ച ഈശോസഭാ സ്ഥാപകന്‍ വി. ഇഗ്നേഷ്യസ് ലയോളയില്‍നിന്ന് പ്രചോദനം സ്വീകരിച്ച് തന്‍റെ ജീവിതം മുഴുവന്‍ താന്‍ ഏറെ സ്നേഹിക്കുന്ന മണ്ണിന്‍റെ മക്കള്‍ക്കുവേണ്ടി പോരാടി. ഫാ. സ്റ്റാന്‍സ്വാമി സുവിശേഷം പ്രഘോഷിക്കുക മാത്രമല്ല അനേകരുടെ ജീവിതത്തില്‍ സുവിശേഷമായിത്തീരുകയാണ് ചെയ്തത്.

Leave a Reply