കോവിഡ് രണ്ടാംതരംഗത്തിന്റെ പശ്‌ചാത്തലത്തില്‍ സംസ്‌ഥാനത്ത് ലോക്ക്‌ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്ന് സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്‌ത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും (ഐ.എം.എ) സര്‍ക്കാര്‍ നിയോഗിച്ച ആരോഗ്യ വിദഗ്‌ധ സമിതിയും.
ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിനുമേല്‍ തുടരുന്ന സാഹചര്യത്തില്‍ ലോക്ക്‌ഡൗണ്‍- കര്‍ഫ്യൂ പോലെയുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ഒരാഴ്‌ചത്തേക്ക് ഏര്‍പ്പെടുത്തണമെന്നാണ് ഐ.എം.എ അഭിപ്രായപ്പെട്ടത്. പൊതുജനങ്ങളെ കൂട്ടം കൂടാന്‍ അനുവദിക്കാതിരിക്കുക മാത്രമേ രോഗവ്യാപനം തടയാന്‍ സഹായകമാകു. ആഘോഷങ്ങളും ചടങ്ങുകളും പൂര്‍ണമായും നിരോധിക്കണം.
ജനങ്ങളുടെ അനാവശ്യ സഞ്ചാരങ്ങള്‍, ഇടപെടലുകള്‍ തീര്‍ത്തും നിര്‍ത്തലാക്കണം.
അടുത്ത ഒരാഴ്‌ചയെങ്കിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയേ മതിയാവൂ. ദിനംപ്രതി ഒന്നര ലക്ഷത്തോളം ടെസ്‌റ്റുകള്‍ എങ്കിലും നടത്തണം. വോട്ടെണ്ണല്‍ ദിവസമായ മേയ് രണ്ടാംതീയതിയും തൊട്ടടുത്ത ദിവസവും കര്‍ശന നിയന്ത്രണങ്ങളിലൂടെ രോഗവ്യാപനം ഉണ്ടാകാനുള്ള സാധ്യതകള്‍ ഇല്ലാതാക്കണമെന്നും ഐ.എം.എ സംസ്‌ഥാന നേതൃത്വം ആവശ്യപ്പെട്ടു.
അടുത്ത രണ്ടാഴ്‌ച ലോക്ക്‌ഡൗണ്‍ വേണമെന്ന നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ നിയോഗിച്ച കോവിഡ് വിദഗ്‌ധ സമിതിയുടെ ശിപാര്‍ശ ചെയ്‌തത്. വൈറസിന്റെ യു.കെ വകഭേദം വേഗത്തില്‍ പടരുകയാണിപ്പോള്‍.
അന്തര്‍ സംസ്‌ഥാന യാത്രക്കാരുടെ വരവു ശക്‌തമാകുന്നതോടെ മഹാരാഷ്‌ട്രയില്‍ ശക്‌തമായ ഇരട്ടവ്യതിയാനം സംഭവിച്ച വൈറസ് കേരളത്തില്‍ എത്തും. ഇതിന്റെ പകര്‍ച്ച ചെറുക്കണമെങ്കില്‍ രണ്ടാഴ്‌ചയെങ്കിലും ആളുകള്‍ തമ്മിലുള്ള സമ്ബര്‍ക്കം പരമാവധി കുറയ്‌ക്കണം. അതിന് ലോക്ക്‌ഡൗണ്‍ വേണമെന്നാണു വിദഗ്‌ധ സമിതി അഭിപ്രായപ്പെട്ടത്.
പഞ്ചാബിലും ഹരിയാനയിലും രണ്ടാം തരംഗം ഉണ്ടായപ്പോള്‍ ലോക്ക്‌ഡൗണ്‍ വേണമെന്ന് അവിടത്തെ ആരോഗ്യ വിദഗ്‌ധര്‍ അഭിപ്രായപ്പെട്ടെങ്കിലും സര്‍ക്കാരുകള്‍ അംഗീകരിച്ചില്ല. ഇതിന്റെ ദുരന്തമാണു ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്‌ഥാനങ്ങളില്‍ വൈറസ് അതിവേഗം വ്യാപിച്ചതെന്നും വിദഗ്‌ധ സമിതിയില്‍ ചിലര്‍ കണക്കുകള്‍ സഹിതം അവതരിപ്പിച്ചു.

